ഓസീസിന് ആശ്വസിക്കാന്‍ സമയമായിട്ടില്ല; ബുംമ്രയില്ലെങ്കില്‍ പകരം യോര്‍ക്കറുകളുടെ നടരാജനെത്തും

ഐപിഎല്ലിനിടെ ഇയാന്‍ ചാപ്പലിനെപ്പോലുള്ള ഇതിഹാസ താരങ്ങള്‍ അഭിനന്ദിച്ച പ്രകടനം, യോര്‍ക്കറുകളില്‍ അളന്നു മുറിച്ച കൃത്യത, ബാറ്റ്‌സ്മാനെ കബളിപ്പിക്കുന്ന അതിവേഗതയിലുള്ള സ്വിംഗറുകള്‍, ഓസീസിനെതിരായ പരമ്പരയില്‍ പരിക്കേറ്റവര്‍ക്ക് പകരക്കാരനായി ടീമിലിടം നേടി മിന്നും പ്രകടനം, തങ്കരസു നടരാജനെന്ന പ്രതിഭയെക്കുറിച്ച് ഇതില്‍ കൂടുതല്‍ വിശേഷണങ്ങള്‍ ആവശ്യമില്ലെന്ന് തോന്നുന്നു.!

വരുണ്‍ ചക്രവര്‍ത്തിയുടെ പരിക്കാണ് നടരാജന് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ നല്‍കിയത്. വീണു കിട്ടിയ അവസരത്തില്‍ നിന്ന് കഴിവ് തെളിയിക്കാന്‍ നട്ടുവിന് കഴിഞ്ഞു. ഒരു ഏകദിനം ഉള്‍പ്പെടെ നാല് മത്സരങ്ങളില്‍ നിന്ന് 8 വിക്കറ്റെടുത്താണ് നടരാജന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവറിയിച്ചത്. ഇനി വേണ്ടത് ടെസ്റ്റ് ടീമില്‍ കളിക്കാനുള്ള അവസരമാണ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വെറും 20 മത്സരങ്ങളില്‍ നിന്ന് 64 വിക്കറ്റാണ് നടരാജന്റെ നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തിപ്പെടാന്‍ സമയം കുറച്ച് വൈകിയെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഇക്കാര്യങ്ങളൊന്നും നടരാജനെ ബാധിക്കുന്നതല്ല. ഇന്ത്യയുടെ സൂപ്പര്‍ പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി എന്നിവര്‍ക്ക് പരിക്കേറ്റതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഷമിയും രവീന്ദ്ര ജഡേജയും അടുത്ത മത്സരം കളിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ബുംമ്ര കൂടി പുറത്തേക്ക് പോയാല്‍ നടരാജന്‍ കളത്തിലിറങ്ങുമെന്ന് തീര്‍ച്ചയാണ്.

Latest News