കണ്ണീരണിഞ്ഞ ശ്രീശാന്തിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; കേരളത്തിന് ഇന്ന് മുംബൈ പരീക്ഷണം

മുഷ്താഖ് അലി ട്രോഫി ട്വന്റി-20യില്‍ കേരളത്തിന് ഇന്ന് മുംബൈ കടമ്പ. വൈകീട്ട് 7.30നാണ് മത്സരം. ആദ്യ കളിയില്‍ പുതുച്ചേരിക്കെതിരെ നേടിയ മിന്നും ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് സഞ്ജു സാംസണും കൂട്ടരുമിറങ്ങുക. അതേസമയം ഡല്‍ഹിയോട് വമ്പന്‍ പരാജയം വഴങ്ങിയതിന്റെ ക്ഷീണം മാറ്റാനാവും മുംബൈയുടെ ശ്രമം. മുംബൈ, പുതുച്ചേരി എന്നിവരെ കൂടാതെ ഹരിയാന, ഡല്‍ഹി ടീമുകളാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ളത്.

ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം തിരികെയെത്തിയ ശ്രീശാന്തിലായിരിക്കും ഇന്നും ആരാധകരുടെ കണ്ണുകള്‍. ആദ്യ മത്സരത്തില്‍ ശ്രീശാന്തിന് ഒരു വിക്കറ്റ് ലഭിച്ചിരുന്നു. പുതിച്ചേരിയുടെ ഫാബിദ് അഹമ്മദിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ശ്രീശാന്ത് രണ്ടാം വരവിലെ കന്നി വിക്കറ്റ് സ്വന്തമാക്കിയത്. തിരിച്ചുവരവിന് പിന്നാലെ നേടിയ ആദ്യ വിക്കറ്റ് കണ്ണീരണിഞ്ഞാണ് ശ്രീശാന്ത് സന്തോഷം പങ്കിട്ടത്. ശ്രീശാന്തിന്റെ ആഘോഷ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

മത്സരത്തിന് പിന്നാലെ ആരാധകര്‍ക്ക് നന്ദിയറിയിച്ച് താരം രംഗത്ത് വരികയും ചെയ്തു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ഇതൊരു തുടക്കം മാത്രമാണെന്ന് ശ്രീശാന്ത് ട്വീറ്റ് ചെയ്തു. 2013ലെ വാതുവയ്പ്പ് വിവാദത്തിന് ശേഷമാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് നേരിട്ടത്. ശിക്ഷ ഏഴുവര്‍ഷത്തെ സസ്‌പെന്‍ഷനായി ചുരുക്കിയതോടെയാണ് തിരിച്ചുവരവ് സാധ്യമായത്.

Latest News