Top

‘വാസ്തവവിരുദ്ധം, ഞാന്‍ ആ വര്‍ഷം മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തിട്ടില്ല’; നിഷ ജോസ് കെ മാണിയെ തിരുത്തി ശ്വേത മേനോന്‍

1992ല്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടുപോലുമില്ലെന്ന് ശ്വേത മേനോന്‍ പറഞ്ഞു.

8 May 2021 4:07 AM GMT

‘വാസ്തവവിരുദ്ധം, ഞാന്‍ ആ വര്‍ഷം മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തിട്ടില്ല’; നിഷ ജോസ് കെ മാണിയെ തിരുത്തി ശ്വേത മേനോന്‍
X

താന്‍ മിസ് ഇന്ത്യ റണ്ണര്‍ അപ്പ് ആയതിനെക്കുറിച്ച് മുന്‍ മിസ് കേരള ജേതാവും ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതാപരമായ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി നടി ശ്വേത മേനോന്‍. നിഷ പറയുന്നതുപോലെ 1992ലെ മിസ് ഇന്ത്യ മത്സരത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്ന് ശ്വേത മേനോന്‍ റിപ്പോര്‍ട്ടര്‍ ലെെവിനോട് പറഞ്ഞു. മിസ് കേരളയായ തനിക്ക് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ശ്വേത മേനോന്‍ പകരക്കാരിയായി മത്സരിക്കുകയായിരുന്നുവെന്ന് നിഷ ജോസ് കെ മാണി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ നിഷ സൂചിപ്പിച്ച 1992 ലെ മത്സരത്തില്‍ പങ്കെടുക്കുന്നതിന് തനിക്ക് 18 വയസ് പോലും തികഞ്ഞിട്ടില്ലെന്നായിരുന്നു ശ്വേത മേനോന്റെ പ്രതികരണം. നിഷ ജോസ് കെ മാണി പറഞ്ഞ രമണിക മിസ് ഇന്ത്യയ്ക്ക് ഫെമിന മിസ് ഇന്ത്യയുമായി ബന്ധമുണ്ടെന്നുപോലും തനിക്കറിയില്ലെന്നും ശ്വേത മേനോന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു യൂട്യൂബ് ചാനലിന് കഴിഞ്ഞ ഫെബ്രുവരിയില്‍ അനുവദിച്ച ഒരു അഭിമുഖത്തിലൂടെയായിരുന്നു നിഷ ജോസ് കെ മാണി തന്റെ മിസ് കേരള അനുഭവങ്ങള്‍ പങ്കുവെച്ചത്. താന്‍ വിജയിച്ച രമണിക മിസ് കേരള മത്സരത്തില്‍ ശ്വേത മേനോന്‍ റണ്ണര്‍ അപ്പ് ആയിരുന്നെന്ന് അഭിമുഖത്തിനിടെ നിഷ പറഞ്ഞിരുന്നു. ആ വര്‍ഷത്തെ രമണിക മിസ് കേരള മത്സരത്തില്‍ പങ്കെടുത്ത് റണ്ണര്‍ അപ്പ് ആയതിനാല്‍ നേരിട്ട് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നും നിഷ പറഞ്ഞു. വീട്ടുകാര്‍ക്ക് വാക്ക് നല്‍കിയപ്പോയതിനാല്‍ തനിക്ക് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാനായില്ലെന്നും പകരം ശ്വേത മേനോന് അവസരം കിട്ടുകയായിരുന്നുവെന്നുമാണ് നിഷ പറഞ്ഞത്. ഇതിനെയെല്ലാം ശ്വേത മേനോന്‍ പൂര്‍ണ്ണമായും തള്ളി. 1992ല്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടുപോലുമില്ലെന്ന് ശ്വേത മേനോന്‍ പറഞ്ഞു. തനിക്ക് മിസ് യംഗ്് ഇന്ത്യ ടൈറ്റിലാണ് കിട്ടിയതെന്നും ശ്വേത പറഞ്ഞു.

ശ്വേത മേനോന്‍ ധാരളം പ്രിവിലേജ് ഉള്ളയാളായതിനാല്‍ മത്സരത്തിന്റെ മറ്റ് റൗണ്ടുകളൊന്നും കടക്കാതെ നേരിട്ട് ഫൈനലില്‍ എത്തുകയായിരുന്നുവന്നും നിഷ പറഞ്ഞിരുന്നു. താന്‍ എല്ലാ റൗണ്ടുകളും കടന്ന് തന്നെയാണ് ഫൈനലില്‍ എത്തിയതെന്ന് ശ്വേത മേനോന്‍ തിരുത്തി. വാസ്തവവിരുദ്ധമായ കാര്യങ്ങളായതിനാലാണ് തിരുത്തുന്നതെന്നും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പറയുന്നത് ശരിയല്ലെന്നും ശ്വേത മേനോന്‍ കൂട്ടിച്ചേര്‍ത്തു.

Next Story