‘നിങ്ങളുടെ ഐറ്റം നമ്പര്‍ ഒരുപാട് ഇഷ്ടപ്പെട്ടു, അടുത്ത ഡാന്‍സിനായി കാത്തിരിക്കുന്നു’; കങ്കണയോട് സ്വരാ ഭാസ്‌കര്‍

കങ്കണ റണാവത്തിന്റെ ഐറ്റം നമ്പര്‍ ട്വിറ്ററില്‍ പങ്കുവെച്ച് നടി സ്വരാ ഭാസ്‌കര്‍. കഴിഞ്ഞ ദിവസം കങ്കണ താന്‍ ബോളിവുഡില്‍ ഐറ്റം നമ്പര്‍ കളിക്കില്ലെന്ന് പറഞ്ഞ വ്യക്തിയാണെന്ന് ട്വീറ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സ്വരാ ഭാസ്‌കറിന്റെ ട്വീറ്റ്. നിങ്ങളുടെ ഐറ്റം നമ്പര്‍ കണ്ടു. അടുത്ത ഡാന്‍സിനായി കാത്തിരിക്കുന്നു എന്നാണ് കങ്കണയുടെ ട്വീറ്റിന് മറുപടിയായി സ്വരാ ഭാസ്‌കര്‍ ട്വീറ്റ് ചെയ്തത്.

2013ല്‍ പുറത്തിറങ്ങിയ കങ്കണയുടെ ‘രാജ്ജോ’ എന്ന ബോളിവുഡ് ചിത്രത്തിലെ ‘ജുല്‍മി രേ ജുല്‍മി’ എന്ന ഐറ്റം നമ്പറാണ് സ്വരാ ട്വീറ്റിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. കങ്കണ തന്റെ ട്വീറ്റില്‍ ഐറ്റം നമ്പര്‍ കളിക്കാന്‍ താന്‍ ആലിയയേ, ദീപികയോ അല്ലെന്ന പരാമര്‍ശവും നടത്തിയിരുന്നു. എന്നാല്‍ രാജ്ജോ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായിരുന്നു. അതിനാല്‍ കങ്കണ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് കളിച്ചത് പ്രശ്‌നമല്ല. മറിച്ച് വെറും ഐറ്റം നമ്പര്‍ കളിക്കുന്ന നടിയല്ല കങ്കണ എന്നാണ് ആരാധകര്‍ ട്വീറ്റിന് മറുപടിയായി പറയുന്ന വാദം.

രാജ്ജോ എന്ന സിനിമയിലെ ഐറ്റം നമ്പറിലെ നിങ്ങളുടെ ഡാന്‍സ് ഒരുപാട് ഇഷ്ടപ്പെട്ടു. നിങ്ങള്‍ നല്ലൊരു നര്‍ത്തകിയാണ് കങ്കണ. അടുത്ത ഡാന്‍സിനായി കാത്തിരിക്കുന്നു.’

സ്വരാ ഭാസ്‌കര്‍

കഴിഞ്ഞ ദിവസമാണ് കങ്കണ വെറും ഐറ്റം ഡാന്‍സറാണെന്ന് പറഞ്ഞ് ആക്ഷേപിച്ച മുന്‍ കോണ്‍ഗ്രസ് മന്ത്രി സുഖ്‌ദേവ് പെന്‍സിക്ക് താരം മറുപടി കൊടുത്തത്. ഐറ്റം ഡാന്‍സ് കളിക്കാന്‍ താന്‍ ദീപികയോ, ആലിയയോ അല്ല എന്നായിരുന്നു കങ്കണയുടെ മറുപടി. തന്റെ ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്.

ബോളിവുഡില്‍ ഐറ്റം ഡാന്‍സ് കളിക്കാന്‍ വിസമ്മതിച്ച നടിയാണ് താന്‍. ഖാന്‍, കുമാര്‍ എന്നീ വമ്പന്‍ ഹീറോകള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ വിസമ്മതിച്ച നടി. അതിനാല്‍ തന്നെ സിനിമയിലെ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും എന്നോട് വെറുപ്പാണെന്നും കങ്കണ ട്വീറ്റില്‍ പറയുന്നു.

‘ഈ വിഡ്ഡി ആരായാലും ശരി ഞാന്‍ ദീപികയോ കത്രീനയോ ആലിയയോ അല്ലെന്ന് അയാള്‍ക്ക് അറിയുമോ? ഐറ്റം ഡാന്‍സ് ചെയ്യാന്‍ വിസമ്മതിച്ച ഒരേ ഒരു നടിയാണ് ഞാന്‍, അതുപോലെ ഖാന്‍മാരുടെയും കുമാറിന്റെയും ബിഗ് ഹീറോ സിനിമ ചെയ്യാന്‍ വിസമ്മതിച്ച നടിയാണ്. അതോടെയാണ് ബുള്ളിവുഡ് ഗ്യാങ്ങിലെ പുരുഷന്മാരും സ്ത്രീകളും എനിക്ക് എതിരായത്. ഞാനൊരു രജ്പുത് സ്ത്രീയാണ്. ഞാന്‍ എന്റെ അരക്കെട്ട് ഇളക്കില്ല,ഞാന്‍ എല്ലൊടിക്കും’.

കങ്കണ റണാവത്ത്

കര്‍ഷക സമരത്തെ കങ്കണ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു പന്‌സെയുടെ പ്രതികരണം. കങ്കണയെ പോലെ ഐറ്റം ഡാന്‍സുകാരിയായ ഒരു സ്ത്രീക്ക് പ്രതിഷേധിക്കുന്നവരുടെ ആത്മാഭിമാനം എന്താണെന്ന് അറിയില്ല എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. പെന്‍സയുടെ ട്വീറ്റ് വൈറലായതോടെയാണ് കങ്കണ മറുപടിയുമായി രംഗത്തെത്തിയത്.

കര്‍ഷക സമരത്തിന്റെ ആരംഭം മുതലെ കങ്കണ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചാണ് രംഗത്തെത്തിയത്. സമാധനപരമായി സമരം ചെയ്യുന്ന കര്‍ഷകരെ കങ്കണ തീവ്രവാദികളെന്നാണ് വിളിച്ചത്. ഇതേ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളും താരം ഏറ്റുവാങ്ങിയിരുന്നു. തനിക്ക് ഇതേ തുടര്‍ന്ന് പല ബ്രാന്റുകളുടെ അമ്പാസിഡര്‍ പതവി നഷ്ടമായെന്നും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. എങ്കിലും കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചും, കര്‍ഷകര്‍ക്കെതിരെ വിദ്വേഷം പരത്തുന്നതുമായി നിരവധി ട്വീറ്റുകളാണ് കങ്കണ ഈ കാലയളവില്‍ ചെയ്തത്.

Latest News