സൂര്യകുമാര്‍ യാദവിന് ഇന്ത്യന്‍ ടിക്കറ്റ് കിട്ടാന്‍ വൈകിയോ? കോഹ്ലി വിരോധം, സംശയങ്ങള്‍!

ഐപിഎല്ലില്‍ പ്രതാപികളായ മുംബൈയുടെ നിര്‍ണായക സാന്നിധ്യമാണ് സൂര്യകുമാര്‍ യാദവ്. 2012ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ താരം ഇതുവരെ 101 മത്സരങ്ങളിലായി 86 ഇന്നിംഗ്സുകള്‍ കളിച്ചു. 30.21 ശരാശരി, 2024 റണ്‍സ്, 134.57 സ്ട്രൈക് റേറ്റ്, 11 അര്‍ധസെഞ്ച്വറികള്‍ തുടങ്ങി പ്രതിഭയെ വെളിപ്പെടുത്തുന്ന നിരവധി കണക്കുകള്‍ സുര്യകുമാറിന്റെ പേരിലുണ്ട്. പക്ഷേ ഇന്ത്യന്‍ ടീമിലേക്ക് എത്തിച്ചേരാന്‍ ദീര്‍ഘനാള്‍ കാത്തിരിക്കേണ്ടി വന്നു.

ഐപിഎല്ലിലെ പ്രകടനമാണ് തങ്കരസു നടരാജനും മലയാളി താരം സഞ്ജു സാംസണ്, മുഹമ്മജ് സിറാജ് തുടങ്ങി നിരവധി താരങ്ങള്‍ക്ക് നീല കുപ്പായം സമ്മാനിച്ചത്. എന്നാല്‍ സൂര്യകുമാറിന് 30-ാമത്തെ വയസ് വരെ കാത്തിരിക്കേണ്ടി വന്നു. മുംബൈ ഇന്ത്യന്‍സ് വേണ്ടി വണ്‍ ഡൗണ്‍ ബാറ്റ്സ്മാനായിട്ടാണ് സൂര്യകുമാര്‍ ഇറങ്ങുന്നത്, ഇന്ത്യന്‍ ടീമില്‍ ഈ സ്ഥാനം മിക്കപ്പോഴും വിരാട് കോഹ്ലിക്കും. വിരാടുമായി ഏറെ സാമ്യമുള്ള ബാറ്റിംഗ് ശൈലിയുമാണ് സൂര്യകുമാറിന്റേത്. നേരത്തെ വിരാടിനെതിരായ സോഷ്യല്‍ മീഡിയാ ട്രോള്‍ ലൈക്കടിച്ച് സൂര്യകുമാര്‍ വാര്‍ത്തയില്‍ ഇടംനേടിയിരുന്നു. കോഹ്ലിയെ ഇഷ്ടമല്ലാത്ത കളിക്കാരനാണ് അദ്ദേഹമെന്ന് ചിലര്‍ വിധിയെഴുതി.
‘കോഹ്ലിക്കൊപ്പം കളിക്കാനാവുന്നത് വലിയ ഭാഗ്യമാണ്. അദ്ദേഹം മാത്രമല്ല, രോഹിത് ശര്‍മ്മ അങ്ങെനെ ഓരോരുത്തര്‍ക്കൊപ്പവും കളിക്കാനാവുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണ്. പഠിക്കാനാവുന്നത്രയും പഠിച്ചെടുക്കാനാവും ഞാന്‍ ശ്രമിക്കുക. ടീമില്‍ തെരഞ്ഞെടുപ്പക്കപ്പെട്ട സന്തോഷം പറഞ്ഞ് അറിയിക്കാനാവില്ല’
സൂര്യകുമാര്‍ യാദവ്
എന്നാല്‍ അഭ്യൂഹങ്ങളില്‍ മിക്കവയും അവാസ്തവമാണ്. സൂര്യകുമാറുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ പൊസിഷനിലും മികച്ചവരെ മാത്രമാണ് സെലക്ടര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ചെറിയ മാര്‍ജിനില്‍ മറ്റുള്ള സെപഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാര് മുന്നിലാണ്. ഓപ്പണര്‍ സ്ഥാനം കഴിഞ്ഞാല്‍, രണ്ട് മൂന്ന് നാല് സ്ഥാനത്തേക്ക് മാത്രമാണ് സൂര്യകുമാറിനെ പരിഗണിക്കാനാവൂ.

ഈ സ്ഥാനങ്ങളില്‍ കോഹ്ലി, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡ്യ, ഹര്‍ദ്ദിക് പാണ്ഡ്യ തുടങ്ങിയ നിരവധി താരങ്ങളെ മറികടക്കുകയും വേണം. ധോനി കഴിഞ്ഞാല്‍ വിക്കറ്റ് കീപ്പര്‍മാരുടെ നിരയും വേറെയുണ്ട്. ദിനേഷ് കാര്‍ത്തിക്, സഞ്ജു സാംസണ്, ഋഷഭ് പന്ത്, പൃഥ്വി ഷാ, കെ.എല്‍ രാഹുല്‍ തുടങ്ങിയവരില്‍ രണ്ട് പേരെയും പലപ്പോഴും കളിപ്പിക്കേണ്ടി വരും. അതായത് ഒരാള്‍ വിക്കറ്റ് കീപ്പറും മറ്റൊരാള്‍ സ്പെഷ്യല്‍ ലിസ്റ്റ് ബാറ്റ്സ്മാന് റോളിലും മാറും. നിര്‍ഭാഗ്യം മാത്രമാണ് പലപ്പോഴും സൂര്യകുമാറിന് വിനയായി മാറിയത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അരങ്ങേറുമ്പോള്‍ വൈകിയെങ്കിലും നേടാന്‍ ഏറെയുണ്ട്. ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക സാന്നിധ്യമാവാന്‍ ഇംഗ്ലണ്ടിനെതിരെ കഴിവ് തെളിയിച്ചാല്‍ മതിയാവും. തങ്കരസു നടരാജനെ സമാനമായി നീലക്കുപ്പായത്തില്‍ വൈകിയെത്തിയ പ്രതിഭയെന്നാണ് സൂര്യകുമാറിനെ നിരീക്ഷകര്‍ പോലും വിലയിരുത്തുന്നത്.