Top

‘എന്റെ സിനിമ ജീവിതത്തിന് തന്നെ ശക്തി പകർന്ന സുഹൃത്ത്’; ഡെന്നിസ് ജോസഫിന്റെ ഓർമ്മയിൽ സുരേഷ് ഗോപി

മലയാള സിനിമയ്ക്ക് നിരവധി ശക്തമായ കഥാപാത്രങ്ങളെ ഒരുക്കുകയൂം തന്റെ അഭിനയ ജീവിതത്തിൽ ശക്തി പകരുകയും ചെയ്ത സുഹൃത്ത് ആയിരുന്നു ഡെന്നിസ് ജോസഫ് എന്ന് സുരേഷ് ഗോപി പറഞ്ഞു.

10 May 2021 11:21 AM GMT
ഫിൽമി റിപ്പോർട്ടർ

‘എന്റെ സിനിമ ജീവിതത്തിന് തന്നെ ശക്തി പകർന്ന സുഹൃത്ത്’; ഡെന്നിസ് ജോസഫിന്റെ ഓർമ്മയിൽ സുരേഷ് ഗോപി
X

ഡെന്നിസ് ജോസഫിന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് സുരേഷ് ഗോപി. മലയാള സിനിമയ്ക്ക് നിരവധി ശക്തമായ കഥാപാത്രങ്ങളെ ഒരുക്കുകയൂം തന്റെ അഭിനയ ജീവിതത്തിൽ ശക്തി പകരുകയും ചെയ്ത സുഹൃത്ത് ആയിരുന്നു ഡെന്നിസ് ജോസഫ് എന്ന് സുരേഷ് ഗോപി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിനിമ വേദിക്ക് അവിസ്മരണീയമായ കഥാപാത്രങ്ങളും സിനിമകളും സൃഷ്ഠിച്ച എന്റെ സിനിമ ജീവിതത്തിന് തന്നെ ശക്തി പകർന്ന പ്രിയ സുഹൃത്ത് ഡെന്നിസ് ജോസഫിന് വിട!

സുരേഷ് ഗോപി

ഡെന്നിസ് ജോസഫിന്റെ വിയോഗത്തിൽ മോഹൻലാലും ഉൾപ്പടെ നിരവധിപ്പേർ അനുശോചനം അറിയിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ വാക്കുകള്‍: ”വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓര്‍മിക്കപ്പെടും. നിത്യശാന്തി നേരുന്നു.”

വളരെയധികം സങ്കടമുണ്ടാക്കുന്ന വാര്‍ത്തയാണ് കേട്ടതെന്നും തന്റെ വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കുവഹിച്ച സിനിമകളാണ് ഡെന്നീസ് ജോസഫിന്റേതെന്നും നടന്‍ മോഹന്‍ലാല്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

മോഹന്‍ലാലിന്റെ വാക്കുകള്‍: ”വളരെയധികം സങ്കടമുണ്ടാക്കുന്ന വാര്‍ത്ത. അപ്പു, രാജാവിന്റെ മകന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, ഇന്ദ്രജാലം, ഭൂമിയിലെ രാജാക്കന്‍മാര്‍, ഗാന്ധര്‍വ്വം ഈ സിനിമകളെല്ലാം ഞാന്‍ ഓര്‍ക്കുന്നു. വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കുവഹിച്ച സിനിമകളാണ് ഇതെല്ലാം. ഏറ്റവും എടുത്ത് പറയാവുന്നത് രാജാവിന്റെ മകന്‍ തന്നെയാണ്. കണ്ടിട്ട് കുറെ നാളായി. അദ്ദേഹവുമായി ഫോണില്‍ സംസാരിക്കുമായിരുന്നു.”

ഒന്‍പത് മണിയോടെയാണ് ഡെന്നീസ് ജോസഫ് അന്തരിച്ചത്. കോട്ടയത്തെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒടുവിലായി, ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പവര്‍ സ്റ്റാറിന്റെ തിരക്കുകളിലായിരുന്നു അദ്ദേഹം.

ഒളിയമ്പുകള്‍, ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍ സാബ്, മനു അങ്കിള്‍, സംഘം, വഴിയോരക്കാഴ്ചകള്‍, ന്യൂഡല്‍ഹി, സായം സന്ധ്യ, ഭൂമിയിലെ രാജാക്കന്‍മാര്‍, രാജാവിന്റെ മകന്‍, ശ്യാമ, നിറക്കൂട്ട്, ഈറന്‍ സന്ധ്യ, തസ്‌കരവീരന്‍, വജ്രം, ഫാന്റം, എഫ്‌ഐആര്‍, ഗാന്ധര്‍വം, ആകാശദൂത്, കിഴക്കന്‍ പത്രോസ് തുടങ്ങി നിരവധി മെഗാഹിറ്റുകള്‍ക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്.

1985ല്‍ ജേസി സംവിധാനം ചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ഡെന്നീസ് ജോസഫ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ തുടങ്ങി അഞ്ചു സിനിമകളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്. മാതൃഭൂമി വിശേഷാല്‍പ്രതിയില്‍ പ്രസിദ്ധീകരിച്ച സിദ്ധിയാണ് ആദ്യ ചെറുകഥ. പിന്നീട് ജോഷി മാത്യു സംവിധാനം ചെയ്ത പത്താം നിലയിലെ തീവണ്ടി കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായാണ് ജനനം. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി. പിന്നീട് ഫാര്‍മസിയില്‍ ഡിപ്ലോമയും കരസ്ഥമാക്കി. അഭിനേതാവ് ജോസ് പ്രകാശിന്റെ മരുമകനാണ് ഇദ്ദേഹം. ഭാര്യ: ലീന. മക്കള്‍: എലിസബത്ത്, റോസി, ഔസേപ്പച്ചന്‍.

Next Story