Top

‘ദേശീയ പുരസ്‌കാരം കിട്ടിയിട്ട് കാര്യമില്ല, കൊമേഷ്യല്‍ സിനിമയില്‍ നിനക്ക് മാര്‍ക്കറ്റില്ല’; മാറ്റി നിര്‍ത്തിയവര്‍ക്ക്‌ മറുപടിയുമായി സുരഭി ലക്ഷ്മി

പദ്മ എന്ന സിനിമ ദേശീയ പുരസ്‌കാരത്തിന് ശേഷം ലഭിച്ച അംഗീകാരമണ്. പുരസ്‌കാരങ്ങള്‍ക്ക് തിളക്കമോറണമെങ്കില്‍ നല്ല കഥാപാത്രങ്ങള്‍ കൂടി ചെയ്യാന്‍ കഴിയണം.

25 Jan 2021 7:24 AM GMT
പ്രിയങ്ക രവീന്ദ്രൻ

‘ദേശീയ പുരസ്‌കാരം കിട്ടിയിട്ട് കാര്യമില്ല, കൊമേഷ്യല്‍ സിനിമയില്‍ നിനക്ക് മാര്‍ക്കറ്റില്ല’;  മാറ്റി നിര്‍ത്തിയവര്‍ക്ക്‌  മറുപടിയുമായി സുരഭി ലക്ഷ്മി
X

അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിക്കുന്ന പദ്മയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദേശീയ പുസ്‌കാര ജേതാവായ സുരഭി ലക്ഷ്മിയാണ്. പദ്മ എന്ന സിനിമ ദേശീയ പുരസ്‌കാരത്തിന് ശേഷം ലഭിച്ച അംഗീകാരമണ്. പുരസ്‌കാരങ്ങള്‍ക്ക് തിളക്കമോറണമെങ്കില്‍ നല്ല കഥാപാത്രങ്ങള്‍ കൂടി ചെയ്യാന്‍ കഴിയണം. പുരസ്‌കാരങ്ങള്‍ ലഭിച്ചത് കൊണ്ട് മാത്രം കാര്യമില്ല. തനിക്ക് കൊമേഷ്യല്‍ മാര്‍ക്കറ്റില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കവെ സുരഭി ലക്ഷ്മി പറഞ്ഞു.

സുരഭി ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമാണ് പദ്മ. വികൃതി, അതിരന്‍, തീവണ്ടി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളാണ് സുരഭി ചെയ്തത്. സുരഭിയ കേന്ദ്ര കഥാപാത്രമാക്കി ഇതാദ്യമായാണ് ഒരു കൊമേഷ്യല്‍ ചിത്രം ഒരുങ്ങുന്നത്. സ്ത്രീ കേന്ദ്രീകൃത സിനിമയായ പദ്മ സംവിധാനം ചെയ്യുന്നതും അനൂപ് മേനോനാണ്. അനൂപ് മേനോന്റെ ആദ്യ സിനിമയായ തിരക്കഥയിലും സുരഭി അഭിനയിച്ചിട്ടുണ്ട്. വളരെ ബോള്‍ഡായ ഒരു കഥാപാത്രമായ തന്നെ കാണാന്‍ അനൂപ് മേനോന് കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും സുരഭി വ്യക്തമാക്കി.

ക്യാരക്ടര്‍ റോളില്‍ സുരഭി ലക്ഷ്മി

ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷം കോമേര്‍ഷ്യല്‍ സിനിമകളില്‍ ഒരു വലിയ ബ്രേക്ക് ലഭിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇപ്പോള്‍ പദ്മയിലൂടെയാണ് അത്തരത്തിലുള്ള ഒരു കഥാപാത്രത്തെ എനിക്ക് കിട്ടയത്. എന്നെ സമ്പന്ധിച്ചെടുത്തോളം സിനിമയുടെ ടൈറ്റില്‍ പേരില്‍ തന്നെ ആ റോള്‍ ചെയ്യാന്‍ കഴിയുന്നു എന്നത് ദേശീയ പുരസ്‌കാരത്തിന് ശേഷം ലഭിച്ച അംഗീകാരം തന്നെയാണ്. അനൂപേട്ടന്റെ ആദ്യ ചിത്രം തിരക്കഥ മുതല്‍ അദ്ദേഹത്തെ അറിയാം. അതിന് ശേഷവും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അനൂപെട്ടനുമായുള്ള സൗഹൃദം കുറേ കാലമായിട്ടുള്ളതാണ്. നല്ലൊരു റോള്‍ വരുമ്പോള്‍ അദ്ദേഹം എന്നെ വിളിക്കുമെന്നൊരു വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ ഇത്തരത്തിലൊരു കഥാപാത്രത്തെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

ആരാണ് പദ്മ?

സ്ത്രീകളിലേക്ക് വളരെ ആഴത്തില്‍ ഇറങ്ങി പോകുന്ന ഒരു കഥാപാത്രമായിരിക്കും പദ്മ. മാനസികമായി സ്ത്രീകളോട് വല്ലാതെ അടുത്ത് നില്‍ക്കുന്ന കഥാപാത്രമായിരിക്കുമെന്നതില്‍ സംശയമില്ല. സിനിമയിലെ ലുക്ക് കുറച്ച് കൂടി വ്യത്യസ്തമാണ്. എങ്കിലും ഇതുവരെ എന്നെ കാണാത്ത രീതിയിലുള്ള ലുക്ക് തന്നയൊണ്. മോഡേണ്‍ ലുക്കിലും പദ്മ എത്തുന്നുണ്ട്. പിന്നെ പദ്മയില്‍ എന്നെ ഒരുക്കിയിരിക്കുന്നത് മുകേഷ് മുരളി ചേര്‍ത്തല എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. പിന്നെ ഈസി കോസ്റ്റിയൂമാണ് സിനിമയിലെ എന്റെ കോസ്റ്റിയൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

കഥാപാത്രത്തെ അടുത്തറിഞ്ഞതെപ്പോള്‍

പദ്മയെ കുറിച്ച് ആദ്യം കേട്ടപ്പോള്‍ ഈ കഥാപാത്രത്തെ എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തന്നെയാണ് തോന്നിയത്. പിന്നെ ഷൂട്ട് തുടങ്ങി ഓരോ സീനുകള്‍ ചെയ്യുമ്പോഴാണ് നമുക്ക് അത് വ്യക്തമായി മനസിലാവുക. സീനുകള്‍ കൂടിവരുന്നു. ഇമോഷണല്‍ സീനുകളെല്ലാം ആദ്യം വേണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. കാരണം എനിക്ക് കഥാപാത്രത്തിലേക്ക് ഒന്ന് ഇറങ്ങി ചെല്ലാനുള്ള സമയം വേണമല്ലോ. പക്ഷെ ആദ്യ ദിവസം തന്നെ ഇന്റര്‍വെല്‍ പഞ്ച് പോലൊരു സീനാണ് ചെയ്തത്. അതുകൊണ്ട് തന്നെ പദ്മയിലേക്ക് പെട്ടന്ന് തന്നെ ഇറങ്ങി ചെല്ലാന്‍ കഴിഞ്ഞു.

പദ്മയെത്താന്‍ വൈകിയോ?

സമാന്തര സിനിമകളില്‍ അല്ലാതെ കൊമേഷ്യല്‍ ചിത്രങ്ങളില്‍ നമുക്കൊരു വലിയ മാര്‍ക്കെറ്റ് ഉണ്ടായിട്ടില്ല. അതുണ്ടാകണമെങ്കില്‍ നമ്മളെ ആരെങ്കിലും പരീക്ഷിക്കണമല്ലോ. അനൂപേട്ടന് പകരം മറ്റൊരാളാണ് ചിത്രം നിര്‍മ്മിക്കുന്നതെങ്കില്‍ ഒരു പക്ഷെ ഈ അവസരം എനിക്ക് ലഭിക്കില്ലായിരിക്കാം. ഇത് അദ്ദേഹം ഏറ്റെടുത്ത ഒരു റിസ്‌കാണെന്ന് വേണമെങ്കില്‍ പറയാം. പക്ഷെ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ പദ്മയിലേക്ക് അടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വളരെ മോഡേണായ രീതിയിലൊക്കെ നമ്മളെ കാസ്റ്റ് ചെയ്യാനും കാണാനുമൊക്കെ തോന്നണ്ടെ. പക്ഷെ അനൂപേട്ടന് അത് സാധിച്ചു. അതില്‍ സന്തോഷമുണ്ട്.

ദേശീയ പുരസ്‌കാരത്തിന് ശേഷം

ദേശീയ പുരസ്‌കാരം നമ്മുടെ അലമാരക്കകത്താണ്, ഒരു വ്യക്തി, നടി, കഥാപാത്രം എന്നിങ്ങനെ എന്നിലുള്ള മൂന്ന് ആളുകള്‍ക്ക് മാത്രം സന്തോഷിക്കാനോ, എടുത്ത് നോക്കാനോ ഉള്ളതായി അത്. പിന്നെ സിനിമ നമ്മുടെ ഇടം തന്നെയാണെന്ന് ഉറപ്പിക്കുന്ന കാര്യം കൂടിയാണ് പുരസ്‌കാരം. അതിന് തിളക്കം കിട്ടണമെങ്കില്‍ അതിലേക്ക് ഒരുപാട് കഥാപാത്രങ്ങള്‍ വന്ന് ചേരണം. ഒരിക്കലും പ്രധാന നടിയാകണമെന്നല്ല, മറിച്ച് ഒരു സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രമാകണമെന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. കേന്ദ്ര കഥാപാത്രമെന്നല്ല. എങ്കിലും സിനിമയുടെ പ്രധാന ഘടകമാകുന്ന നിരവധി കഥാപാത്രങ്ങളുണ്ടല്ലോ. ദേശീയ പുരസ്‌കാരം ലഭിച്ചെങ്കിലും എനിക്ക് മാര്‍ക്കറ്റില്ലെന്ന് പറഞ്ഞവരുണ്ട്. ഞാന്‍ വരുന്നുന്നത് സീരയല്‍, നാടകം എന്നീ മേഖലകളില്‍ നിന്നാണ്. എന്റെ അവാര്‍ഡിനെ ഒരു സീരിയല്‍ നടിക്ക് കിട്ടിയ അവാര്‍ഡ് പോലെ മാത്രമെ കണ്ടിരുന്നുള്ളു. അവാര്‍ഡിന് മുമ്പ് റോളുകള്‍ ആരോടും ചോദിക്കേണ്ടി വന്നിരുന്നില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിക്കുമായിരുന്നു. അവാര്‍ഡിന് ശേഷം ചെറിയ കഥാപാത്രങ്ങള്‍ ചെയ്യുമോ എന്ന് കരുതി ആരും വിളിച്ചിരുന്നില്ല. അതിന് ശേഷം ഓരോരുത്തരേയും അവസരത്തിന് വേണ്ടി വിളിക്കുമ്പോള്‍ റോളില്ലെന്നോ, അമ്മ വേഷം ചെയ്യാന്‍ ആയിട്ടില്ലെന്നൊക്കെയാണ് പറഞ്ഞിരുന്നത്. പിന്നെ മാര്‍ക്കറ്റില്ലാത്തുകൊണ്ട് നായികയാക്കാനും കഴിയില്ലെന്നായിരുന്നു മറുപടി.


അവാര്‍ഡ് കിട്ടുന്നത് വരെ എന്റെ പ്രൊഫൈല്‍ എന്ന് പറയുന്നത് എംഐടി മൂസ എന്ന സീരിയലായിരുന്നു. സിനിമയില്‍ ഒരു സഹ നടി പോലുമായിരുന്നില്ല. നായികയാവാന്‍ എനിക്ക് മാര്‍ക്കറ്റില്ലെന്ന് പറഞ്ഞത് ശരിയാണ്. പക്ഷെ ആ മാര്‍ക്കറ്റ് എനിക്ക് സ്വയം സിനിമ നിര്‍മ്മിച്ച് ഉണ്ടാക്കാനാവില്ലല്ലോ. ആരെങ്കിലും ഒരു അവസരം തന്നാല്‍ മാത്രമല്ലെ നമ്മുടെ കഴിവ് തെളിയിക്കാന്‍ സാധിക്കു. അവാര്‍ഡ് കിട്ടിയ സിനിമ ആരും കണ്ടിട്ട് പോലുമില്ല. അവാര്‍ഡ് നമ്മുടെ കയ്യിലുണ്ട്. പക്ഷെ അതിന് തിളക്കം കൂടണമെങ്കില്‍ ഒരു കലാകാരി എന്ന രീതിയില്‍ നമ്മളെ തൃപ്തിപ്പെടുത്തുന്ന ഒരു കഥാപാത്രങ്ങളൊന്നും നമുക്ക് കിട്ടിയിട്ടില്ല. ക്യരക്ടര്‍ റോളുകള്‍ ആണെങ്കിലും ഒന്നോ രണ്ടോ ഉണ്ടെങ്കില്‍ കൂടി നമുക്ക് എടുത്ത് പറയാന്‍ കഴിയുന്ന രീതിയില്‍ കൊമേഷ്യല്‍ സിനിമയില്‍ കിട്ടിയിട്ടില്ല. നമുക്ക് വേറൊരു മുഖമുണ്ട്, വേറെ തലത്തില്‍ നമ്മളെ അവതരിപ്പിക്കാന്‍ പറ്റും. നമ്മുടെ സ്ലാങ്ങിനൊക്കെ അപ്പുറത്ത് വേറൊരു കഥാപാത്രം ചെയ്യാന്‍ പറ്റും എന്നുള്ളത് മനസിലാവണമല്ലോ. പിന്നെ സിനിമയെ കുറിച്ച് കൂടുതല്‍ പഠിക്കുകയും, ചര്‍ച്ച ചെയ്യുകയും, വായിക്കുകയുമൊക്കെയാണ് ഒരു അഭിനേത്രി എന്ന നിലയില്‍ വളരാന്‍ ഞാന്‍ ചെയ്തിട്ടുള്ളത്.

പുതിയ ചിത്രങ്ങള്‍

പദ്മയ്ക്ക് മുന്നെ സൗബിനും, ദിലീഷ് പോത്തനും ഒപ്പമുള്ള ‘കള്ളന്‍’ എന്ന ചിത്രത്തില്‍ ഞാന്‍ പ്രധാന വേഷം ചെയ്തു. നവാഗതനായ ജിത്തു കെ ജയനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആകാശവാണിയുടെ സംവിധായകന്റെ ‘തല’യും ഒരു ഗംഭീര കഥയായിരിക്കും. ഹരി കുമാര്‍ സംവിധാനം ചെയ്ത ജ്വാലാമുഖിയില്‍ കേന്ദ്ര കഥാപാത്രമാണ്. എറണാകുളം തൃക്കാക്കരയില്‍ ശവം കത്തിക്കുന്ന സലീന എന്ന സ്ത്രീയുടെ ജീവിതവുമായി ബന്ധപ്പെട്ട സിനിമയാണ്. അതില്‍ എന്റെ കഥാപാത്രത്തിന്റെ പേര് എയ്ഞ്ചല്‍ എന്നാണ്. കളിയച്ചന്‍ എന്ന സിനിമയുടെ സംവിധായകന്‍ ഫറൂഖ് അബ്ദുറഹ്മാന്റെ ‘പൊരിവെയില്‍’ എന്ന സിനിമയില്‍ ഇന്ദ്രന്‍സ് ചേട്ടന്റെ പെയറാണ്. അനുരാധ എന്ന സിനിമയില്‍ ഇന്ദ്രജിത്തിനൊപ്പവും വേഷം ചെയ്യുന്നുണ്ട്. നാഷ്ണല്‍ അവാര്‍ഡിന് ശേഷം എനിക്ക് എപ്പേഴും അമ്മ വേഷങ്ങള്‍, പ്രോസ്റ്റിറ്റിയൂട്ട്, വേലക്കാരി എന്നീ രീതിയിലുള്ള കഥാപാത്രങ്ങളാണ് ലഭിച്ചിരുന്നത്. അതില്‍ നിന്നൊരു ബ്രെയ്ക്ക് ലഭിക്കുന്ന സിനിമയായിരിക്കും പദ്മ, കള്ളന്‍ എന്നീ സിനിമകള്‍.

മലയാള സിനിമയിലെ സ്ത്രീ സാനിദ്ധ്യം

തീര്‍ച്ചയായും അക്കാര്യത്തില്‍ വലിയ സന്തോഷമുണ്ട്. മലയാളത്തിലെ സിനിമകളില്‍ സ്ത്രീകള്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍ ആയില്ലെങ്കില്‍ കൂടി ഒരു സിനിമയില്‍ പത്ത് സ്ത്രീകളെങ്കില്‍ ഉണ്ടാകണം. നമ്മള്‍ ഒരു സിനിമ കാണുമ്പോള്‍ എപ്പോഴും പുരുഷന്‍മാരുടെ കഥകളാണ് ഉണ്ടാവുക. അതില്‍ അമ്മ, ഭാര്യ എന്നീ കഥാപാത്രങ്ങളില്‍ മാത്രമെ സ്ത്രീകള്‍ ഉണ്ടാവു. ഇതല്ലാതെ ഒരു പുരുഷന്‍ എത്രയെത്ര സ്ത്രീകളെ കാണുന്നു. ആ സ്ത്രീകള്‍ ആരെങ്കിലും സിനിമയിലുണ്ടോ? മലയാളത്തില്‍ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നിരവധി പേരുണ്ട്. അപ്പോള്‍ ഇവര്‍ക്കെല്ലാം അവസരങ്ങള്‍ ഉണ്ടാകണം. ഒരു കഥ പറയുമ്പോള്‍ സ്ത്രീകള്‍ ചിലപ്പോള്‍ കുറവായിരിക്കും. എങ്കിലും സ്ത്രീകള്‍ കൂടുതല്‍ വരണമെന്ന് തന്നെയാണ് ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ ആഗ്രഹം.

കൊച്ചി, മൂന്നാല്‍ പ്രധാന ലൊക്കേഷനുകളായ പദ്മയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി. കൊച്ചിയില്‍ വെച്ച് ചെറിയ ഭാഗങ്ങള്‍ കൂടിയാണ് ചിത്രീകരിക്കാനുള്ളത്. ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍, മാലാ പാര്‍വതി എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. ബാക്കി ഇരുപതോളം പേരും പുതുമുഖങ്ങളാണ്. മഹാദേവന്‍തമ്പിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ, കല സംവിധാനം രഞ്ജീവ്, എഡിറ്റര്‍ സിയാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ ജി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Popular

    Next Story