Top

ഐഎസ്ആര്‍ഒ ഗൂഢാലോചന: സിബിഐക്ക് സ്വതന്ത്ര അന്വേഷണത്തിന് പച്ചക്കൊടി വീശി സുപ്രിംകോടതി; ‘നിയമപരമായ നടപടിയ്ക്ക് പ്രത്യേക അനുമതി വേണ്ട’

ഡികെ ജയിന്‍ സമിതി റിപ്പോര്‍ട്ട് പരസ്യമാക്കാനാകില്ലെന്ന് സുപ്രിംകോടതി അറിയിച്ചിട്ടുണ്ട്.

26 July 2021 3:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഎസ്ആര്‍ഒ ഗൂഢാലോചന: സിബിഐക്ക് സ്വതന്ത്ര അന്വേഷണത്തിന് പച്ചക്കൊടി വീശി സുപ്രിംകോടതി; ‘നിയമപരമായ നടപടിയ്ക്ക് പ്രത്യേക അനുമതി വേണ്ട’
X

ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ സിബിഐയ്ക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. നിയമപരമായ നടപടികള്‍ക്ക് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. നിയമപരമായ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തില്‍ സിബിഐയ്ക്ക് കൂടുതല്‍ സ്വതന്ത്രമായ അന്വേഷണത്തിലേക്ക് നീങ്ങാമെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി സിബിഐ അന്വേഷണ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നും നിര്‍ദ്ദേശിച്ചു.

ഡികെ ജയിന്‍ സമിതി റിപ്പോര്‍ട്ട് പരസ്യമാക്കാനാകില്ലെന്ന് സുപ്രിംകോടതി അറിയിച്ചിട്ടുണ്ട്. സിബിഐയ്ക്ക് അതിന്മേല്‍ അന്വേഷണവുമായി മുന്നോട്ടുപോകുകയും നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്യാം. ഡികെ ജയിന്‍ സമിതി റിപ്പോര്‍ട്ടില്‍ മാത്രമാകരുത് സിബിഐ അന്വേഷണമെന്നും സുപ്രിംകോടതി ഊന്നിപ്പറഞ്ഞു. ഡികെ ജയിന്‍ സമിതി ഇനിയും തുടരേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ക്കും അവകാശമുണ്ടെന്നും അത് ഉറപ്പാക്കുമെന്നും സുപ്രിംകോടതി സൂചിപ്പിച്ചു. കേസിലെ നടപടി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സിബിഐ സുപ്രിംകോടതിയ്ക്ക് മുന്‍പാകെ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വതന്ത്രമായ അന്വേഷണത്തിന് കോടതി പച്ചക്കൊടി വീശിയത്.

ഇതിനിടെ ഐഎസ്ആര്‍ഒ ഗൂഢാലോചന കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒന്നാംപ്രതി എസ് വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗാദത്ത്, 11-ാം പ്രതി ജയപ്രകാശ് എന്നിവര്‍ക്കാണ് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇവരെ അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടില്‍ ജാമ്യത്തില്‍ വിടണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രതികളോട് കേസന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഗൂഢാലോചനക്കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാദത്ത് എന്നിവരെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പുപറയാനാകില്ലെന്ന് നേരത്തെ വാദത്തിനിടെ സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതികള്‍ക്ക് ആശ്വാസമായി ഇടക്കാല മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത്.

Next Story