‘സിഎഎയെ പറ്റി ക മ എന്ന് മുല്ലപ്പള്ളി മിണ്ടിയില്ല, രാഹുല്‍ ഗാന്ധിയുടെ ന്യൂനപക്ഷ ഇടപെടല്‍ സമര്‍ത്ഥമായി ഒരു കോണ്‍ഗ്രസ് നേതാവ് തടയുന്നു’; രൂക്ഷഭാഷയില്‍ പരാജയ കാരണങ്ങള്‍ നിരത്തി ഇകെ സുന്നി മുഖപത്രം
നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പതനത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇകെ സുന്നി വിഭാഗം മുഖപത്രം സുപ്രഭാതം. തോല്‍വിയില്‍ നിന്നും പാഠം പഠിച്ചു മുന്നോട്ട് പോവുമെന്നത് കോണ്‍ഗ്രസ് നേതാക്കളുടെ സ്ഥിരം പല്ലവിയാണെന്നും ഇത്തരം വാചകങ്ങള്‍ കെപിസിസി ആസ്ഥാനത്ത് ചില്ലിട്ടു വെച്ചിരിക്കയാണെന്നു തോന്നുന്നെന്നും പത്രത്തിന്റെ മുഖപ്രസംഗത്തില്‍ തുറന്നടിച്ചു. ന്യൂനപക്ഷ വിഭാഗം കോണ്‍ഗ്രസിനോട് മുഖം തിരിച്ചെന്നും സുപ്രഭാതം ചൂണ്ടിക്കാട്ടി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും പേരു പറയാതെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ദേശീയ നേതാവിനെതിരെയും രൂക്ഷമായി വിമര്‍ശനമുണ്ട്. ‘വടക്കന്‍ കേരളത്തില്‍ നിന്നും ഡല്‍ഹിയില്‍ […]

നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പതനത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇകെ സുന്നി വിഭാഗം മുഖപത്രം സുപ്രഭാതം. തോല്‍വിയില്‍ നിന്നും പാഠം പഠിച്ചു മുന്നോട്ട് പോവുമെന്നത് കോണ്‍ഗ്രസ് നേതാക്കളുടെ സ്ഥിരം പല്ലവിയാണെന്നും ഇത്തരം വാചകങ്ങള്‍ കെപിസിസി ആസ്ഥാനത്ത് ചില്ലിട്ടു വെച്ചിരിക്കയാണെന്നു തോന്നുന്നെന്നും പത്രത്തിന്റെ മുഖപ്രസംഗത്തില്‍ തുറന്നടിച്ചു.
ന്യൂനപക്ഷ വിഭാഗം കോണ്‍ഗ്രസിനോട് മുഖം തിരിച്ചെന്നും സുപ്രഭാതം ചൂണ്ടിക്കാട്ടി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും പേരു പറയാതെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ദേശീയ നേതാവിനെതിരെയും രൂക്ഷമായി വിമര്‍ശനമുണ്ട്.
‘വടക്കന്‍ കേരളത്തില്‍ നിന്നും ഡല്‍ഹിയില്‍ ചേക്കേറിയ, രാഹുല്‍ ഗാന്ധിയുടെ തൊട്ടരികെ എപ്പോഴും സ്ഥാനമുറപ്പിക്കാന്‍ തത്രപ്പെടുന്ന കേരളത്തില്‍ വേരുകള്‍ ഇല്ലാത്ത ഒരു നേതാവിന്, രാഹുല്‍ ഗാന്ധിയുടെ ന്യൂനപക്ഷങ്ങളിലെ ഇടപെടല്‍ സമര്‍ത്ഥമായി തടയുവാന്‍ കഴിയുന്നുണ്ട്. കര്‍ണാടക, ഗോവയടക്കമുള്ള പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുന്നതില്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ പരിഹരിക്കാനും നിരീക്ഷകനായും രാഹുല്‍ ഗാന്ധി അയച്ചത് മലയാളിയായ ഈ നേതാവിനെയായിരുന്നു. ഫലമോ രണ്ട് സംസ്ഥാനങ്ങളിലും തളികയിലെന്നവണ്ണം ഭരണം വെച്ചു നീട്ടുന്നതില്‍ വലിയ സംഭാവനകളാണ് ഈ കോണ്‍ഗ്രസ് നേതാവില്‍ നിന്നുണ്ടായത്.’ മുഖപ്രസംഗത്തില്‍ പറയുന്നു.
മുല്ലപ്പള്ളിക്കെതിരെ,
‘സിഎഎ നടപ്പാക്കില്ലെന്ന് പലവട്ടം മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിച്ചു പറഞ്ഞപ്പോഴും അതേപറ്റി ക മ എന്ന് ഉരിയാടാത്ത പല കോണ്‍ഗ്രസ് നേതാക്കളും കേരളത്തിലുണ്ടായിരുന്നു. അവരില്‍ പ്രധാനിയായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കെ മുരളീധരന് മത്സരിച്ചിടത്തേക്ക് ഒന്ന് എത്തി നോക്കാന്‍ പോലും മുല്ലപ്പള്ളി തയ്യാറായില്ല. ഇത്തരം കെപിസിസി പ്രസിഡന്റുമാരുണ്ടാകുമ്പോള്‍ എങ്ങനെയാണ് യുഡിഎഫ് ജയിച്ചു കയറുക. നേമത്ത് പോവാഞ്ഞത് തന്നെ ക്ഷണിക്കാഞ്ഞിട്ടെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ പരിഭവം. നേമത്ത് എന്താ കെ മുരളീധരന്റെ മക്കളുടെ വിവാഹം നടക്കുകയായിരുന്നോ ക്ഷണിക്കാന്‍. നേമം മണ്ഡലത്തില്‍ പ്രചാരണത്തില്‍ എത്തുന്നതില്‍ നിന്ന് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും തടഞ്ഞു നിര്‍ത്തുന്നതില്‍ ഈ രണ്ട് നേതാക്കള്‍ക്കും പങ്കുണ്ടായിരുന്നോ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. പിന്നീട് മുരളിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഹുല്‍ പ്രചാരണത്തിന് എത്തിയത്,’
‘കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ മനസ്സിലിരുപ്പ് മാനത്തുകണ്ട കേരളത്തിലെ മതനിരപേക്ഷ സമൂഹം ഇടത് മുന്നണിക്കൊപ്പം ഈ തെരഞ്ഞെടുപ്പില്‍ നിന്നെങ്കില്‍ ന്യൂനപക്ഷ പിന്തുണയും അവര്‍ക്ക് കിട്ടിയെങ്കില്‍ അതാണ് ശരിയായ മതനിരപേക്ഷ സമൂഹം. കോണ്‍ഗ്രസിനും ആര്‍എസ്എസിനു ഇടയ്ക്കുള്ള പാലമായി പ്രവര്‍ത്തിക്കുന്ന കൊമ്പുള്ളവരെന്ന് ഭാവിക്കുന്ന, രാഹുല്‍ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരെന്ന് നടിക്കുന്നവരെയും നേതൃസ്ഥാനങ്ങളില്‍ കയറിപറ്റിയവരെയും തൂത്തെറിയാതെ കേരളത്തില്‍ കോണ്‍ഗ്രസ് ഇനി നിലം തൊടാന്‍ പോവുന്നില്ല,’
ശശി തരൂര്‍, വിഡി സതീശന്, കെ മുരളീധരന്, കെ സുധാകരന് തുടങ്ങിയ ജാതി, മത നിരപേക്ഷ വ്യത്യാസം കാണിക്കാത്ത നേതാക്കളെ കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് വരണമെന്നും സുപ്രഭാതം മുഖപ്രസംഗത്തില്‍ പറയുന്നു.