Top

പ്രകൃതിയെയും മനുഷ്യനെയും ചേർത്തുപിടിച്ച ഇന്ത്യൻ പരിസ്ഥിതി ചിന്തകൻ; സുന്ദർ ലാൽ ബഹു ഗുണയുടെ വിപ്ലവകരമായ ഇടപെടലുകൾ

21 May 2021 8:57 AM GMT
അനുപമ ശ്രീദേവി

പ്രകൃതിയെയും മനുഷ്യനെയും ചേർത്തുപിടിച്ച ഇന്ത്യൻ പരിസ്ഥിതി ചിന്തകൻ; സുന്ദർ ലാൽ ബഹു ഗുണയുടെ വിപ്ലവകരമായ ഇടപെടലുകൾ
X

ഇന്ത്യയുടെ പരിസ്ഥിതി കാഴ്ച്ചപ്പാടുകളെ വിപ്ലകരമായ മാറ്റത്തിലേക്ക് നയിച്ച ചിന്തകനായിരുന്നു സുന്ദര്‍ ലാല്‍ ബഹുഗുണ. ഒരു പാരിസ്ഥിതിക പ്രവര്‍ത്തകനായി ജീവിച്ചുമരിച്ച അദ്ദേഹം പ്രകൃതിയും സ്ത്രീയും അടങ്ങുന്ന ചൂഷിത വിഭാഗങ്ങള്‍ക്ക് കാവലായിരുന്നു. 'പരിസ്ഥിതിയാണ് സുസ്ഥിരമായ സമ്പദ് വ്യവസ്ഥ' എന്ന സന്ദേശം വഹിക്കുന്ന ചിപ്‌കോ പ്രസ്ഥാനത്തിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ അദ്ദേഹം പരിസ്ഥിതി സംരക്ഷണത്തിന്റെ ഗാന്ധീയന്‍ രൂപമായിരുന്നു.

1927 ജനുവരി 9-ന് ഉത്തരാഘണ്ഡിലെ തെഹ്‌രിക്ക് അടുത്തുള്ള മറോദ ഗ്രാമത്തിലായിരുന്നു സുന്ദര്‍ ലാല്‍ ബഹുഗുണയുടെ ജനനം. ഉത്തരാഗണ്ഡിലെ ഗ്രാമങ്ങളില്‍ നിന്നാണ് അദ്ദേഹം തന്റെ സമരജീവിതം ആരംഭിക്കുന്നത്.

ചിപ്‌കോ – മരങ്ങളെ പുണരൂ

ഹിമാലയന്‍ പ്രദേശത്തെ വനനശീകരണത്തിനെതിരായ സാധാരണക്കാരുടെ സമരത്തിന് പിന്തുണയുമായി 1974 മാര്‍ച്ച് 26 നാണ് ചിപ്‌കോ പ്രസ്ഥാനം ആരംഭിച്ചത്. അളകനന്ദ താഴ്‌വരയിലെ വനമേഖല ഒരു സ്‌പോര്‍ട്‌സ് ഗുഡ്‌സ് കമ്പനി നിര്‍മ്മാണത്തിന് വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും കാടുകളിലെ മരങ്ങള്‍ മുറിക്കാന്‍ കോണ്‍ട്രാക്ടര്‍മാരെ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിടുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു ആ പോരാട്ടത്തിന്റെ ഉദയം.

ഇതിനെതിരെ സുന്ദര്‍ലാല്‍ ബഹുഗുണയുടെ നേതൃത്വത്തില്‍ സംഘടിച്ച ഗ്രാമീണര്‍ സമരമാരംഭിച്ചു. ഗ്രാമീണര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ മരങ്ങളെ കെട്ടിപ്പിടിച്ചു നിന്ന് മരം മുറിക്കാനുള്ള ശ്രമങ്ങളെ തടയുന്നതായിരുന്നു സമരരീതി. 1973 ഏപ്രിലില്‍ ഉത്തരാഖണ്ഡിലെ മണ്ഡല്‍ ഗ്രാമത്തില്‍ നടന്ന ഈ സമരം അഞ്ച് വര്‍ഷത്തിനുള്ളില്‍ നിരവധി ഹിമാലയന്‍ ജില്ലകളിലേക്കും വ്യാപിച്ചു. ഗ്രാമീണരുടെ പ്രതിഷേധത്തില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയപ്പോള്‍ ആ വിജയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ക്ക് പ്രചോദനമായി.

1974-ല്‍ യുപിയിലെ റെനിയില്‍ സമരം ആവര്‍ത്തിച്ചു. ഗൗരദേവി എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരത്തില്‍ 28 ഗ്രാമീണ സ്ത്രീകള്‍ രാത്രിമുഴുവന്‍ ഉറക്കമൊഴിഞ്ഞ് മരണങ്ങള്‍ക്ക് കാവല്‍ നിന്നു. ഉദ്യോഗസ്ഥര്‍ മരം വെട്ടാനുള്ള ശ്രമം ഉപേക്ഷിച്ചുപോകും വരെ അവര്‍ മരങ്ങളെ പുണര്‍ന്നു നിന്നു. ഈ സമയത്തിനുള്ളില്‍ വിവരമറിഞ്ഞ സമീപഗ്രാമങ്ങളില്‍ നിന്നും സമരക്കാര്‍ക്ക് പിന്തുണയുമായി ഗ്രാമീണര്‍ ഒത്തുകൂടി.

തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിദഗ്ദ സംഘം റെനിയെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചു.

പാരിസ്ഥിതിക ലോല പ്രദേശങ്ങളിലെ മരങ്ങള്‍ വെട്ടിമാറ്റുന്നത് തടയാന്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ചിപ്‌കോ സ്ത്രീകളോടൊപ്പം പ്രവര്‍ത്തിച്ചു. ഒടുവില്‍ പാരിസ്ഥിതിക ലോല പ്രദേശങ്ങളിലെ വനനശീകരണം നിരോധനം നടപ്പാക്കണമെന്ന സുന്ദര്‍ലാലിന്റെ ആവശ്യപ്രകാരം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1980-ല്‍ മരങ്ങള്‍ വെട്ടിമാറ്റുന്നതിന് 15 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി.

അതിന് അടുത്ത വര്‍ഷം പദ്മശ്രീ നല്‍കി സുന്ദര്‍ലാല്‍ ബഹുഗുണയെ ആദരിക്കാന്‍ രാജ്യം മുന്നോട്ടുവന്നെങ്കിലും അദ്ദേഹം അത് നിരസിച്ചു.

1980- കളില്‍ ഹിമാലയത്തില്‍ വലിയ ഡാമുകള്‍ നിര്‍മ്മിക്കുന്നതിനെതിരെ സമരം ആരംഭിച്ച സുന്ദര്‍ ലാല്‍ ബഹുഗുണ 1980 മുതല്‍ 2004 വരെയുള്ള കാലം തെഹ്‌രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി.

അണക്കെട്ടിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി നിരവധി തവണ ഉപവാസ സമരം നടത്തിയ അദ്ദേഹം സമരത്തിന്റെ ഭാഗമായി അറസ്റ്റുചെയ്യപ്പെടുകയും ചെയ്തു. 1995 ല്‍ തന്റെ 45 ദിവസം നീണ്ടുനിന്ന ഉപവാസ സമരം സുന്ദര്‍ലാല്‍ ബഹുഗുണ അവസാനിപ്പിച്ചത് ഒരു ഉറപ്പിന്മേലായിരുന്നു.

അണക്കെട്ടിന്റെ മോശം വശങ്ങളെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കാമെന്ന അന്നത്തെ പ്രധാനമന്ത്രി പി വി നരസിഹം റാവു നല്‍കിയ ഉറപ്പിന് പുറത്ത് അന്ന് അദ്ദേഹം സമരം അവസാനിപ്പിച്ചു.

തെഹ്‌രി ഗാല്‍വാന്‍ താഴ്‌വരയിലെ സിലിയാര ആശ്രമത്തില്‍ പതിറ്റാണ്ടുകളായി ജീവിച്ച അദ്ദേഹം പരിസ്ഥിതി സംരക്ഷണത്തിന് ജീവിതമര്‍പ്പിക്കാന്‍ യുവാക്കള്‍ക്ക് പ്രചോദനമായി. അദ്ദേഹത്തിന്റെ ആശ്രമം അവര്‍ക്കായി തുറന്നുകൊടുക്കുകയും അവരെ തന്റെ സമരജീവിതത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്രതലത്തില്‍ ആ പാഠങ്ങള്‍ പ്രകൃതി സംരക്ഷണത്തിന്റെ മാതൃകയായി പ്രശംസിക്കപ്പെട്ടു.

വനനശീകരണത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് നിരന്തരം എഴുതിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍- എന്‍വിരോണ്‍മെന്റ് ക്രൈസിസ് ആന്റ് സസ്‌റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റ്, ധര്‍ത്തി കി പൂകാര്‍, ഇന്ത്യാസ് എന്‍വിരോണ്‍മെന്റ്: മിത്ത് ആന്റ് റിയാലിറ്റി, ദി റോഡ് ടു സര്‍വൈവല്‍, ഇക്കോളജി ഈസ് പെര്‍മനന്റ് ഇക്കോണമി എന്നിവയാണ്.

1987-ല്‍ റൈറ്റ് ലൈവ്‌ലിഹുഡ് അവാര്‍ഡ്, 1986-ല്‍ ജംനാലാല്‍ ബജാജ് അവാര്‍ഡ്, 1989 -ല്‍ ഐഐടി റൂര്‍ക്കിയുടെ ഓണററി സോഷ്യല്‍ സയന്‍സ് ഡോക്ടറേറ്റ് എന്നീ അവാര്‍ഡുകള്‍ അദ്ദേഹം നേടി. 2009-ല്‍ സുന്ദര്‍ലാല്‍ ബഹുഗുണയെ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.

Also Read: ചിപ്‌കോ പ്രസ്ഥാന നേതാവ് സുന്ദര്‍ലാല്‍ ബഹുഗുണ കൊവിഡ് ബാധിച്ച് മരിച്ചു

Next Story

Popular Stories