‘ജീത്തു സാർ വിളിച്ചപ്പോൾ കോമഡി ആകുമെന്ന് കരുതി, പിന്നീടാണ് ഞെട്ടിയത്’; ദൃശ്യം 2ൽ എത്തിയത് എങ്ങനെയെന്ന് സുമേഷ് ചന്ദ്രൻ

ദൃശ്യം 2 മികച്ച വിജയം നേടുമ്പോൾ ചിത്രത്തിലെ സുമേഷ് എന്ന വേഷം പ്രേക്ഷകർ എറ്റെടുത്തതിന്റെ ത്രില്ലിലാണ് സുമേഷ് ചന്ദ്രൻ. ചിത്രത്തിലെ വേഷത്തെക്കുറിച്ച് ജീത്തു ജോസഫ് ആദ്യം പറഞ്ഞപ്പോൾ കോമഡി റോൾ ആയിരിക്കുമെന്ന് വിചാരിച്ചെന്നും പിന്നീട് സീരിയസ് കഥാപാത്രമാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും സുമേഷ് പറഞ്ഞു. വനിത പ്രസിദ്ധികരിച്ച അഭിമുഖത്തിലായിരുന്നു സുമേഷ് ചന്ദ്രന്റെ ഈ വാക്കുകൾ.

‘ജീത്തു സാർ വിളിച്ച് ഒരു കള്ളുകുടിയന്റെ റോൾ ഉണ്ടെന്ന് പറഞ്ഞു. കോമഡി വേഷമായിരിക്കും എന്നാണ് ഞാൻ കരുതിയത്. കോമഡി റോളുകൾ ചെയ്യാൻ വലിയ താല്പര്യമില്ല. പിന്നീടാണ് കഥയെയും കഥാപാത്രത്തെയും കുറിച്ച് സാർ പറഞ്ഞു തരുന്നത്. അപ്പോൾ ഞെട്ടിപ്പോയി’, സുമേഷ് ചന്ദ്രൻ പറയുന്നു.

നിരവധി മിമിക്രി പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയനാണ് സുമേഷ് ചന്ദ്രൻ. സിദ്ദിഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭാസ്കർ ദി റാസ്കലിലൂടെയാണ് സുമേഷ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മറ്റു ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. ദൃശ്യം 2ലെ സുമേഷിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു ദൃശ്യം 2 ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും ഉണ്ട്. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

Latest News