ഇഷ്ട താരം ദുൽഖർ സൽമാൻ, മമ്മൂട്ടിയും മോഹൻലാലും മഹാനടന്മാർ, ഉർവശി ലേഡി സൂപ്പർ സ്റ്റാർ തന്നെ, അപർണ്ണ അസാമാന്യ കഴിവുള്ള നടി: സുധ കൊങ്കര

തമിഴകത്തിന്റെ സംവിധാന പ്രതിഭയാണ് ഇപ്പോൾ സുധ കൊങ്കര. ‘സൂരറൈ പോട്രി’ലെ സൂര്യയുടെ താര സാന്നിധ്യത്തെ സംവിധാന മികവ് കൊണ്ട് സുധ ഡയറക്ടേഴ്സ് മൂവിയാക്കി മാറ്റി. മാധവൻ കേന്ദ്ര കഥാപാത്രമായ ഇരുധി സൂട്രിന് ശേഷമാണ് സുധയെന്ന സംവിധായികയെക്കുറിച്ചു തെന്നിന്ത്യൻ സിനിമ ചർച്ച ചെയ്യുവാൻ തുടങ്ങിയത്. മണിരത്‌നത്തിന്റെ സംവിധാന സഹായിയായി കരിയർ ആരംഭിച്ച ഈ ചെന്നൈക്കാരി ഇപ്പോൾ തമിഴ് സിനിമയിലെ മുൻനിര സംവിധായികയാണ്. സംവിധായിക എന്ന നിലയിലുള്ള തന്റെ സിനിമാ കാഴ്ചപ്പാടുകളെക്കുറിച്ച് സുധ കൊങ്കര റിപ്പോർട്ടർ ലൈവുമായി സംസാരിച്ചു.

തെന്നിന്ത്യൻ സിനിമാ ലോകം ഇപ്പോൾ സൂരറൈ പൊട്രിനെക്കുറിച്ചാണ് സംസാരിക്കുന്നത്. തീർച്ചയായും സിനിമയുടെ സംവിധായിക എന്ന നിലയിൽ സുധ കൊങ്കരയെക്കുറിച്ചും ചർച്ചകൾ നടക്കുന്നു. തമിഴ് സിനിമയെ സ്നേഹിക്കുന്ന മലയാളികളും സൂരറൈ പൊട്രിനെയും അതിന്റെ സംവിധായികയെയും അഭിനന്ദിച്ചുകൊണ്ടു സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെയ്ക്കുന്നു. തമിഴകത്തിന് പുറത്തുള്ള ഈ അംഗീകാരത്തെ കുറിച്ച് എന്ത് തോന്നുന്നു?

തീർച്ചയായും സന്തോഷമുണ്ട്. അഭിനന്ദനങ്ങൾക്ക് നന്ദിയുമുണ്ട്. സൂരറൈ പൊട്രിൻറെ പ്രമേയം ഒരു പാൻ ഇന്ത്യൻ സ്വഭാവമുള്ളതാണ്. എല്ലായിടത്തും സിസ്റ്റത്തിനെതിരെയുള്ള പോരാട്ടം നടക്കുന്നുണ്ട്. ചെറിയ സാഹചര്യങ്ങളിൽ നിന്നും വിജയം നേടിയ ഒരാളുടെ ജീവിതം കാണുമ്പോൾ പലർക്കും സ്വന്തം അനുഭവങ്ങളുമായി സാമ്യത തോന്നും. സബ്‌ടൈറ്റിൽ ഉള്ളതിനാൽ ഭാഷ ഒരു പ്രശ്നമാകുന്നില്ല . ഇപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമ റിലീസാകുന്നതിനാൽ പ്രതികരണം ഉടൻ തന്നെ ലഭിയ്ക്കുന്നു.

സൂര്യയുടെ താരപദവിയ്ക്കുപരിയായി അദ്ദേഹത്തിലെ അഭിനേതാവിനെയാണ് സിനിമയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ സൂരറൈ പൊട്രു ഒരു സംവിധായികയുടെ സിനിമയാണ്, ഒരു താരത്തിന്റെ സിനിമയല്ല. എന്താണ് സിനിമാ സംവിധാനത്തോടുള്ള സമീപനം?

എന്നെയും സൂര്യയും സംബന്ധിച്ചിടത്തോളം കഥാപാത്രമാണ് പ്രധാനം. താരപദവി നിലനിർത്തുവാനായി അതിന് അനുസരിച്ചുള്ള ആക്ഷൻ രംഗങ്ങളും കമേഴ്‌സ്യൽ ഘടകങ്ങളുമൊക്കെ സൂര്യയ്ക്ക് ചേർക്കാമായിരുന്നു . എന്നാൽ സൂര്യ എന്റെ വിശ്വാസങ്ങൾക്ക് ഒപ്പം നിന്നു. ആമിർ ഖാൻ അഭിനയിച്ച താരേ സമീൻ പർ പോലുള്ള ചെറിയ സിനിമകൾ സാമ്പത്തികമായി വൻ വിജയമായിരുന്നു. അതുകൊണ്ടു തന്നെ കമേഴ്‌സ്യൽ ഘടങ്ങളില്ലാതെയും സിനിമകൾ വിജയിക്കുന്നു. അതുണ്ടായിട്ടും സിനിമകൾ പരാജയപ്പെടാറുണ്ട്. പിന്നെ സൂര്യയ്ക്ക് താരപദവിയുള്ളതു കൊണ്ടാണ് സിനിമയ്ക്ക് ഇത്രെയും റീച് കിട്ടിയത്. ഒരു സംവിധായികയെ സംബന്ധിച്ചിടത്തോളം സൂര്യയുടെ ഒപ്പം പ്രവർത്തിയ്ക്കുന്നത് അനുഗ്രഹം തന്നെയാണ്. മാത്രമല്ല ആരാധകർ ആഗ്രഹിക്കുന്നത് സൂര്യയുടെ അഭിനയം കാണുവാനാണ്.

ക്യാപ്റ്റൻ ഗോപിനാഥന്റെ സിംപ്ലി ഫ്ലൈ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. ഏകദേശം പത്ത് വർഷത്തോളം സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഡെഡിക്കേറ്റ് ചെയ്തിരുന്നു. എന്നാൽ പുസ്തകത്തിൽ നിന്നും വളരെ വ്യത്യസ്‍തമായ രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത്?

സിംപ്ലി ഫ്ലൈ ഒരു ടിപ്പിക്കൽ ആത്മകഥയാണ്. ക്യാപ്റ്റൻ ഗോപിനാഥന്റെ ജനനം മുതൽ അദ്ദേഹത്തിന്റെ ഒടുവിലത്തെ നേട്ടം വരെയാണ് പുസ്തകത്തിൽ പ്രതിപാദിച്ചിരിയ്ക്കുന്നത്. കിങ്ഫിഷർ മേധാവി വിജയ് മല്യ എയർ ഡെക്കാൻ വാങ്ങിയിരുന്നില്ലെങ്കിൽ തെരുവിലേയ്ക്ക് പോകേണ്ട സാഹചര്യം ഉണ്ടായാനെയെന്ന് സിനിമയുടെ റിലീസിന് മുന്നേയുള്ള ഒരു അഭിമുഖത്തിൽ ക്യാപ്റ്റൻ ഗോപിനാഥൻ സൂചിപ്പിച്ചിരുന്നു. അദ്ദേഹത്തിലെ സോഷ്യലൈറ്റിനെയും സോഷ്യലിസ്റ്റിനേയുമാണ് ഞാൻ സിനിമയിൽ അവതരിപ്പിക്കുവാൻ ശ്രമിച്ചത്. സിനിമയുമായി ബന്ധപെട്ടു ഏവിയേഷൻ മേഖലയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായി ഞാൻ സംസാരിച്ചിരുന്നു. ആ ആശയവിനിമയത്തിൽ നിന്നുമാണ് സിനിമാറ്റിക് ഘടകങ്ങൾ രൂപപ്പെടുത്തിയത്. കുറഞ്ഞ നിരക്കിൽ വിമാന യാത്ര എന്ന ആശയം പൂർണ്ണമായും ക്യാപറ്റൻ ഗോപിനാഥന്റെ വിഷനിൽ നിന്നുമാണ് ഉണ്ടായതെന്ന് ഏവിയേഷൻ മേഖലയിൽ നിന്നുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ നിന്നും ബോധ്യപ്പെട്ടു. എന്നാൽ ഏവിയേഷൻ മേഖലയായതു കൊണ്ട് തന്നെ പലരുമായി സംസാരിക്കുവാൻ അനുമതി ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ പല കഥാപാത്രങ്ങളും ഫിക്ഷനൽ ആയിരുന്നു. എങ്കിലും ഗോപിനാഥന്റെ അമ്മയും അച്ഛനും ഭാര്യയുമായുള്ള ബന്ധത്തിലെ സംഭവങ്ങൾ എല്ലാം സത്യസന്ധമായിത്തന്നെയാണ് സിനിമയിൽ അവതരിപ്പിച്ചത്.

ക്യാപ്റ്റൻ ഗോപിനാഥന്റെ ഭാര്യയുടെ കഥാപാത്രമാണ് സിനിമയിലെ ബൊമ്മി. സിനിമ ഇഷ്ടമായെന്ന് അഭിമുഖങ്ങളിൽ അദ്ദേഹം സൂചിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ അഭിപ്രായം എന്തായിരുന്നു?

സിനിമയിലെ പല രംഗങ്ങളും കണ്ട് കണ്ണ് നിറഞ്ഞുപ്പോയെന്ന് ക്യാപ്റ്റൻ ഗോപിനാഥൻ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തിലെ പല നിമിഷങ്ങളും സിനിമയിൽ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ഫിലിം മേക്കറിന് കിട്ടാവുന്ന വലിയ അംഗീകാരമാണത്. എന്നെ നിങ്ങളുടെ കണ്ണുകളിലൂടെ ഇത്ര മനോഹരമായി എങ്ങനെയാണ് കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ ഭാർഗവി എന്നോട് ചോദിച്ചത്. അവർ കന്നഡയിലും തമിഴിലുമൊക്കെ സിനിമ കണ്ടു. സൗമ്യമായ വ്യക്തിത്വമുള്ള സ്ത്രീയാണ് ഭാർഗവി. എന്തെങ്കിലും സംസാരിച്ചതിന് ശേഷം അവർ മനസ്സ് തുറന്നു ചിരിക്കും. അവരുടെ അപാരമായ സ്പിരിറ്റാണ് ഞാൻ ബൊമ്മിയിൽ പ്രതിഭലിപ്പിക്കുവാൻ ശ്രമിച്ചത്.

സിനിമയിൽ സൂര്യയുടെ കഥാപാത്രം തന്റെ ഭാര്യയായ ബൊമ്മിയോട് കാശ് ചോദിക്കുന്ന രംഗമുണ്ട്. സൂര്യയെ പോലെയൊരു താരം അങ്ങനെ ചെയ്യുമ്പോൾ അത് പ്രേക്ഷകർ എങ്ങനെ ഉൾക്കൊള്ളും എന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നോ. ആ സീൻ ഒഴിവാക്കണമെന്നു ആരെങ്കിലും സൂചിപ്പിച്ചിരുന്നോ?

സിനിമയുടെ കഥ ചർച്ച ചെയ്യുന്ന വേളയിൽ വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും ആയ എല്ലാവരും ആ രംഗം ഒഴിവാക്കണമെന്നു നിർദേശിച്ചിരുന്നു. സൂര്യ ഒരു വലിയ താരമാണ് അത് കൊണ്ട് തന്നെ ആ സീൻ ഒഴിവാക്കണമെന്നു അവർ അഭിപ്രായപ്പെട്ടു. എന്നാൽ ആ അഭിപ്രായത്തോട് ഞാൻ യോജിച്ചില്ല. ഇതാണ് ക്യാപ്റ്റൻ ഗോപിനാഥന്റെ ജീവിതത്തിലെ യാഥാർഥ്യം. എയർലൈൻ ബിസിനസ്സ് തുടങ്ങുന്നതിന്റെ ആദ്യ പത്ത് വർഷങ്ങളിൽ ഭാര്യയായിരുന്നു അദ്ദേഹത്തിന് ആഹാരം വായിൽ വെച്ച് കൊടുത്തിരുന്നത്. കാരണം അദ്ദേഹം അത്രമേൽ തകർന്ന ഒരു അവസ്ഥയിലായിരുന്നു. ആ സമയത്തു അദ്ദേഹം കുടുംബത്തെ കാര്യമായി നോക്കിയിരുന്നില്ല . എന്നാൽ ഭാർഗവി നല്ല നിലയിൽ തന്നെ ബേക്കറി നടത്തിയിരുന്നു. ഇതെല്ലാം യാഥാർഥ്യങ്ങളാണ്. അതിനെ മറച്ചു വെയ്ക്കാനാകില്ല.

മണിരത്‌നത്തിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. നോൺ ലീനിയർ സ്വഭാവമുള്ള തിരക്കഥകളാണ് സുധയുടെ സിനിമകളുടെ ഒരു സവിശേഷത. സ്കൂൾ ഓഫ് മണിരത്നത്തിൽ നിന്നുമുള്ള പ്രചോദനമാണോ?

അല്ല. ലീനിയർ സ്വഭാവത്തിലുള്ള തിരക്കഥകൾ മണിരത്‌നം സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യത്തെ രംഗങ്ങൾ ഒഴിച്ചാൽ ‘ഇരുതി സുട്രിൻറെ’ തിരക്കഥയും ലീനിയർ സ്വഭാവത്തിലുള്ളതാണ്. ഈ സിനിമയിൽ തുടക്കത്തിൽ പ്രണയമായിരുന്നു അവതരിപ്പിച്ചിരുന്നത് . എന്നാൽ ബോക്സിങിലേക്ക് വഴിമാറി. ഒരു നോൺ ലീനിയർ സ്വഭാവത്തിലുള്ള തിരക്കഥയാണ് സൂരറൈ പോട്ര ഡിമാൻഡ് ചെയ്യുന്നത്. അത് കൊണ്ടാണ് ആ സ്റ്റൈൽ ഉപയോഗിച്ചത്.

മിക്ക സ്പോർട്സ് ഡ്രാമ സിനിമകളും പ്രഡിക്റ്റബൾ ആയിരിക്കും. തുടക്കത്തിലെ ബുദ്ധിമുട്ടും ക്ലൈമാക്സിലെ വിജയുവൊക്കെ ക്ളീഷേ ആയി ഇപ്പോഴും മിക്ക സിനിമകളിലും തുടരുന്നുണ്ട്. സുധ സംവിധാനം ചെയ്യുന്ന മിക്ക സിനിമകളും സ്പോർട്സ് ഡ്രാമ ഗണത്തിൽപെട്ടവയാണ്. എങ്ങനെയായിരിക്കണം ഒരു നല്ല സ്പോർട്സ് ഡ്രാമ സിനിമ?

ഹോളിവുഡിലെ പ്രശസ്തനായ തിരകഥാകൃത്ത് സ്പോർട്സ് ഡ്രാമ ചിത്രങ്ങളെ കുറിച്ച് ഇപ്രകാരം പറഞ്ഞിട്ടുണ്ട്. തുടക്കവും ഒടുക്കവും ഒരുപോലെയായിരിക്കും. എന്നാൽ അന്തിമ വിജയിത്തിലേക്കുള്ള ആ യാത്രയാണ് പ്രധാനം. ക്യാപ്റ്റൻ ഗോപിനാഥന്റെ വിജയത്തിലേക്കുള്ള ആ യാത്രയാണ് സൂരറൈ പോട്ര എന്ന സിനിമയുടെ ഹൈലൈറ്റ്.

സൂരറൈ പോട്രിനൊപ്പം തന്നെ ഉർവ്വശിയെന്ന പേരും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് ഉർവശിയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. എന്താണ് താങ്കളുടെ അഭിപ്രായം ?

തീർച്ചയായും അവർ ലേഡി സൂപർ സ്റ്റാർ തന്നെയാണ്. മുന്താണി മുടിച്ച്‌ എന്ന സിനിമ മുതൽ ഞാൻ അവരുടെ ആരാധികയാണ്. ഹാസ്യം കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന അഭിനേതാവിന് എല്ലാ കഥാപാത്രങ്ങളും അവതരിപ്പിക്കുവാൻ സാധിയ്ക്കും. അതാണ് ഉർവ്വശിയെന്ന അഭിനേതാവ്.

ബൊമ്മിയുടെ കഥാപാത്രം അവതരിപ്പിച്ച അപർണ ബാലമുരളിയുടെ രണ്ടാമത്തെ തമിഴ് സിനിമയാണ്. മധുരൈ സ്ലാങ്ങിലാണ് അപർണയുടെ കഥാപാത്രം സിനിമയിൽ സംസാരിക്കുന്നത്. അപർണയുടെ പെർഫോമൻസിനെ എങ്ങനെ വിലയിരുത്തുന്നു?

അസാമാന്യ വൈഭവമുള്ള അഭിനേതാവാണ് അപർണ്ണ. അവർ അഭിനയിച്ച മഹേഷിന്റെ പ്രതികാരം എന്ന സിനിമ ഞാൻ കണ്ടിരുന്നു. അങ്ങനെയാണ് ഓഡിഷന് വിളിക്കുവാൻ തീരുമാനിച്ചത്. സിനിമയിലെ ഏറ്റവും പ്രയാസമുള്ള രംഗങ്ങളായിരുന്നു അപർണയ്ക്ക് നൽകിയത്. ട്രെയിനിൽ ബന്ധുക്കൾക്കൊപ്പം കലഹിയ്ക്കുന്ന രംഗവും പിന്നെ നെടുമാരനെ വിവാഹം കഴിക്കുവാൻ പറ്റില്ല എന്ന് പറയുന്ന രംഗവും. എന്നെ അദ്‌ഭുതപ്പെടുത്തിക്കൊണ്ടു സംഭാഷണങ്ങൾ എല്ലാം അപർണ്ണ കൃത്യമായി പറഞ്ഞു. അതിനു ശേഷം പലരുടെയും ഓഡിഷൻ കഴിഞ്ഞെങ്കിലും ആരും അപർണ്ണയുടെ റേഞ്ചിനൊപ്പം എത്തിയിരുന്നില്ല . അങ്ങനെ എന്റെ സംവിധാന സഹായിയോട് ഞാൻ പറഞ്ഞു, ” അപർണ പോതും”

മലയാള സിനിമകൾ സുധയ്ക്ക് ഇഷ്ടമാണെന്നും ഒരുപാട് സിനിമകൾ കാണാറുണ്ടെന്നും കേട്ടിട്ടുണ്ട്. ആരാണ് മലയാളത്തിലെ ഇഷ്ടപെട്ട നടൻ ?

ദുൽഖർ സൽമാൻ

മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ പേരായിരുന്നു പ്രതീക്ഷിച്ചത്:
മമ്മൂട്ടിയും മോഹൻലാലും മഹാ നടന്മാരാണ്. അവരുടെ ഒട്ടുമിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. അവരുടെയൊപ്പം വർക്ക്‌ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മമ്മൂട്ടിയുടെ കൂടെവിടെ, യാത്ര, കാണാമറയത്ത് തുടങ്ങിയ ചിത്രങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്നാൽ മോശമായ സിനിമയാണെങ്കിലും നൂറു ശതമാനം ആത്മാർഥതയോടെയാണ് ദുൽഖർ അഭിനയിക്കുന്നത്. ആ സമീപനമാണ് ദുൽഖറിനെ എന്റെ ഫേവറൈറ്റ് ആക്കിയത്.

വളരെയധികം മാത്സര്യം ഉള്ള ഒരു മേഖലയാണ് സിനിമ. ഒരു സംവിധായിക എന്ന നിലയിൽ സിനിമ മേഖലയിൽ നിന്നുള്ള സമീപനം എന്താണ്?
ഇപ്പോൾ ഫീമെയിൽ ഫിലിം മേക്കർ എന്ന പറച്ചിൽ കുറഞ്ഞു വരുകയാണ്. ഇപ്പോൾ നല്ല സംവിധാനമാണോ എന്ന് മാത്രമാണ് പരിശോധിക്കപ്പെടുന്നത്. ഇരുന്ദ് സുട്രു റിലീസായപ്പോൾ ഈ സിനിമ സംവിധാനം ചെയ്തത് ഒരു സ്ത്രീയാണെന്ന പറച്ചിൽ ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ ആരും എന്നെ വിശേഷിപ്പിക്കാറില്ല. നിർമ്മാതാക്കൾ എന്നെ സമീപിക്കുന്നത് ഒരു ഡയറക്ടർ എന്ന നിലയിലാണ്. അവിടെ ജൻഡറിന് പ്രസക്തിയില്ല .

എന്താണ് ഭാവി പരിപാടികൾ, പുതിയ സിനിമയെക്കുറിച്ചുള്ള ചിന്തകൾ ഉണ്ടോ?

ഞാനിപ്പോൾ ഒരു കഥ എഴുതുകയാണ്. അത്രമാത്രമേ എനിക്കിപ്പോൾ പറയുവാൻ സാധിക്കുകയുള്ളൂ.

Latest News