Top

അന്നത് ഒന്നാം തരം എക്‌സ്‌ക്ലൂസീവ്… ഉഷ ക്ഷമിക്കുമല്ലോ….

29 July 2021 3:47 AM GMT
സനിൽ പി തോമസ്

അന്നത് ഒന്നാം തരം എക്‌സ്‌ക്ലൂസീവ്… ഉഷ ക്ഷമിക്കുമല്ലോ….
X

അവസാന ട്രയല്‍സില്‍ അദ്ഭുതകരമായ കുതിപ്പോടെ യോഗ്യത നേടുക. വിദേശത്ത് ചെല്ലുമ്പോള്‍ ദയനീയമായി പരാജയപ്പെടുക. മത്സരം തുടങ്ങും വരെ ട്രയല്‍സ് തുടരുക. ചിലര്‍ അകത്ത്; മറ്റു ചിലര്‍ പുറത്ത്. ഇതിനിടയില്‍ സമര്‍പ്പണവും ലക്ഷ്യബോധവുമുള്ള ചിലര്‍ മെഡല്‍ നേടും. അതു രാജ്യത്തിന്റെ ഭാഗ്യം. ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ ഇതൊക്കെ തുടര്‍ക്കഥയാണ്. പക്ഷേ, ചിലപ്പോഴൊക്കെ പരിശീലകരും സെലക്ടര്‍മാരും നിസഹായരാകാറുണ്ട്. എപ്പോഴും നമുക്കവരെ വിമര്‍ശിക്കാനാകില്ല.

ടോക്യോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ടീമില്‍ ഒരു മലയാളി വനിത പോലും ഇല്ലാത്തതിന് പരിശീലകരെയോ സെലക്ടര്‍മാരെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ദോഹ ലോക ചാമ്പ്യഷിപ്പില്‍ ഏഴാം സ്ഥാനം നേടിയ ഇന്ത്യന്‍ മിക്‌സ്ഡ് റിലേ ടീമില്‍ അംഗമായിരുന്ന വി.കെ. വിസ്മയയ്ക്ക് പരുക്കാണു വിനയായത്. പരുക്കാണ് പി.ടി. ഉഷയ്ക്ക് അറ്റ്‌ലാന്റ ഒളിമ്പിക്‌സിലും ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലും പ്രശ്‌നമായത്. പി.ടി.ഉഷ ഒരു മെഡലോടെ രാജ്യാന്തര കായിക വേദിയോട് വിട പറയണമെന്ന് ഏറെ ആഗ്രഹിച്ച് ബാങ്കോക്കില്‍ എത്തിയ ഞാന്‍ ഒടുവില്‍ ഉഷയ്ക്കു പകരം ജിന്‍സി ഫിലിപ്പ് ഓടണമെന്ന് പ്രാര്‍ഥിച്ചുപോയി. കാരണം രസകരമാണ്…

ഏഷ്യന്‍ ഏജ് പത്രത്തിന്റെ ലേഖകന്‍ ഒരു ദിവസം രാവിലെ എന്നെ കണ്ടപ്പോള്‍ പറഞ്ഞു. 'സനില്‍, ഞാന്‍ നമ്മുടെ അത്‌ലിറ്റുകളുടെ പരിശീലനം കാണാന്‍ പോയി. ഉഷയ്ക്കു പകരം ജിന്‍സി ഫിലിപ്പാണ് 4-400 മീറ്റര്‍ റിലേ ടീമില്‍ പരിശീലനം നടത്തുന്നത്. ഉഷ തീര്‍ത്തും ഫോമിലല്ലെന്ന് അറിയാവുന്നതിനാല്‍ ഞാന്‍ അന്വേഷണം തുടങ്ങി. അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ സാരഥികളായ സുരേഷ് കല്‍മാഡിയും ഡോ. ലളിത് കുമാര്‍ ഭാനോട്ടുമായി എനിക്ക് വളരെ അടുത്ത സൗഹൃദമായിരുന്നു. പക്ഷേ, ഇത്തരം കാര്യങ്ങളില്‍ രണ്ടു പേരും പഠിച്ച കള്ളന്മാരാണ്. സത്യം പറയില്ല. അവസാന നാലു പേരെ നിശ്ചയിച്ചിട്ടില്ല എന്നു കല്‍മാഡിയും ജിന്‍സിയെക്കൂടി പരീക്ഷിച്ചു നോക്കിയതാണ് അത് ഉഷയ്ക്കു പകരമാകണമെന്നില്ല എന്ന് ഭാനോട്ടും പറഞ്ഞു. എനിക്ക് ആശങ്കയായി.

റിലേ തുടങ്ങാന്‍ രണ്ടു നാള്‍ ബാക്കി. ബാങ്കോക്കില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ വക ഡിന്നര്‍ ചടങ്ങ് നടക്കുന്ന അംബാസഡര്‍ ഹോട്ടലില്‍ തന്നെയാണ് എന്റെ താമസവും. അവിടെയൊരു മീഡിയ സബ് സെന്ററുമുണ്ട്.

അന്നത്തെ റിപ്പോര്‍ട്ടുകള്‍ അയച്ച് മുറിയില്‍ പോയി ഫ്രഷ് ആയി മടങ്ങി വന്ന് മീഡിയ സെന്ററില്‍ വാചകമടിച്ചു നില്‍ക്കുമ്പോള്‍ അതാ വരുന്നു; ഇന്ത്യന്‍ അത്‌ലറ്റിക് ടീം മാനേജര്‍, തമിഴ്‌നാട് മുന്‍ ഡി.ജി.പി. വാള്‍ട്ടര്‍ ദേവാരം. വാ.. നമുക്ക് ഡിന്നറിനു പോകാമെന്നു പറഞ്ഞ് സാര്‍ വിളിക്കുന്നു.

എന്നോട് ഒരുമിച്ച് പോകാമെന്നു പറഞ്ഞ സ്‌പോര്‍ട്‌സ് ലേഖകര്‍ ക്ഷമിക്കട്ടെയെന്നു കരുതി ഞാന്‍ ദേവാരം സാറിനൊപ്പം ഡിന്നര്‍ ഹാളിലേക്ക് നടന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ കല്‍മാഡി കെ.പി.എസ് ഗില്ലിനോട് ചിയേഴ്‌സ് പറയുകയാണ്. 'പോലീസ് എസ്‌കോര്‍ട്ടോടെ'… എന്നു പറഞ്ഞ് കല്‍മാഡി എന്നെ കളിയാക്കി. പഞ്ചാബ് മുന്‍ ഡി.ജി.പിക്കൊപ്പം ഇരിക്കാന്‍ ഒരുങ്ങിയ തമിഴ്‌നാട് ഡി.ജി.പിയെ ഞാന്‍ ഒരു വിധം മറ്റൊരു ടേബിളിലേക്കു നയിച്ചു. 'ഗില്‍ സാര്‍ കുറഞ്ഞത് 12 പെഗ് അടിക്കും. സാര്‍ ഇവിടെയിരുന്ന് ഒരു ചിയേഴ്‌സ് പറഞ്ഞിട്ട് അങ്ങോട്ടു പോയാല്‍ മതി. ഞാന്‍ ഗില്‍ സാറിനോട് പറഞ്ഞോളാം."

ഒടുവില്‍ ദേവാരം സാറിന്റെ വായില്‍ നിന്ന് തന്നെ പ്രഖ്യാപനം വന്നു. 'ഇന്ത്യന്‍ റിലേ ടീമില്‍ ഉഷ ഉണ്ടാകില്ല, ജിന്‍സി ഓടും'. ഇതു കേട്ട ഉടനെ ദേവാരം സാറിനെ കെ.പി.എസ്. ഗില്ലിനടുത്തെത്തിച്ച് ഇപ്പോള്‍ വരാമെന്നു പറഞ്ഞ് മീഡിയ സെന്ററിലേക്ക് പാഞ്ഞു. റിപ്പോര്‍ട്ട് അയച്ച് മടങ്ങിവരുമ്പോള്‍ നിറച്ച ഗ്ലാസ് കാലിയാക്കാതെ ദേവാരം സാര്‍ എനിക്കായി കാത്തിരിക്കുകയായിരുന്നു. റിപ്പോര്‍ട്ട് അച്ചടിച്ചു വന്നു. ഒന്നാം തരം എസ്‌ക്‌ളൂസീവ്. പക്ഷേ, റിലേ ടീമിന്റെ സ്റ്റാര്‍ട്ട് ലിസ്റ്റ് കിട്ടും വരെ പ്രാര്‍ഥിച്ചു. 'ജിന്‍സി തന്നെ റിലേ ഓടണം'. ഉഷ ക്ഷമിക്കുമല്ലോ…

Next Story

Popular Stories