രാമക്ഷേത്രമല്ല, ഹിന്ദുരാഷ്ട്രത്തിന്റെ ആധാരശില ലൗ ജിഹാദ് നിയമങ്ങളാണ്

രാഷ്ട്രീയ ഭാവന രൂപപ്പെടുത്തിയെടുത്ത ഒരു നല്ല കെട്ടുകഥയാണ് ലൗ ജിഹാദ്, എന്നാലതിന്റെ രാഷ്ട്രീയസ്വത്വം ഉള്‍ക്കാള്ളുന്ന ശക്തിയോ വിലകുറച്ചുകാണാനാവാത്തതും. ഹിന്ദു രാഷ്ട്രത്തിന് അടിത്തറയിട്ടിരിക്കുന്നത് രാമരാജ്യമെന്ന സങ്കല്പ്പത്തിലാണെന്നാണോ നിങ്ങള്‍ കരുതിയിരുന്നത്? എങ്കില്‍ ഒന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ ലൗ ജിഹാദെന്ന പ്രേതത്തെ ചാഞ്ഞുചുറ്റുന്ന ഹിന്ദു മനസുകളാണ് ഹിന്ദുരാഷ്ട്രത്തെ ഒടുവില്‍ പൂര്‍ത്തീകരിക്കാന്‍ പോകുന്നത്.
സാവധാനത്തില്‍ പക്ഷേ ക്രമമായുള്ള ഒരു പരിണാമത്തിലൂടെ വളര്‍ന്നുവരുകയാണ് ലൗ ജിഹാദെന്ന ക്യാരറ്റ്. രാഷ്ട്രീയവും മതവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഒരു രാഷ്ട്രത്തെ യാഥാര്‍ഥ്യമാകുന്ന ഒന്നിലേക്ക് കഴുതയെ നയിക്കാനുള്ള തന്റെ ശേഷി അത് തെളിയിച്ചു കഴിഞ്ഞു. സാമാന്യബോധമുള്ള ആര്‍ക്കും ഇത് ഇന്ത്യയെ കൊണ്ടെത്തിക്കാന്‍ പോകുന്ന ദുരന്തത്തെ മുന്‍കൂട്ടി കാണാനാകും. ഈ സങ്കല്പ്പത്തിന് ഇന്നുള്ള ബഹുജന അംഗീകാരവും, ടിവി ചര്‍ച്ചകളും സാമൂഹിക മാധ്യമങ്ങളും അതിന് നല്കുന്ന പ്രത്യേകയുക്തിയും ചേര്‍ന്ന് കഷ്ടിച്ചൊന്ന് കാണാന്‍ കിട്ടിയിട്ടില്ലാത്ത ലൗ ജിഹാദ് എന്ന ഈ വ്യാജപ്രേതത്തിന്റെ നിലനില്‍പ്പിനെ ഇതിനകം തന്നെ ജനങ്ങളുടെ ഉള്ളില്‍ കുടിയിരുത്തിയിട്ടുണ്ട്.
ഒരു മതേതര രാഷ്ട്രത്തിന്റെ മരണം
ലൗ ജിഹാദിന്റെ ഘടന അത്ഭുതപ്പെടുത്തുന്നതാണ്. പുരാതനകാലം മുതല്‍ സാമ്രാജ്യങ്ങളുടെ, സമുദായങ്ങളുടെ, ഗോത്രങ്ങളുടെ അഭിമാനത്തെ വീണ്ടെടുക്കാനായി ഭൂമിയ്ക്കുമേലുള്ള പോരാട്ടങ്ങളും കീഴടക്കലുകളും നടക്കുന്നു. അടുത്തിടെ അങ്ങനെയൊരു കഷ്ണം ഭൂമി ‘മുഗളന്മാരില്’ നിന്ന് നമ്മുടെ സ്വന്തം രാജ്യം നേടിയിട്ടുണ്ട് – സാക്ഷാല്‍ രാമ ജന്മഭൂമി. അപ്രകാരം ഇന്ത്യയിലെ ഹിന്ദുക്കളുടെ മാനവും അഭിമാനവും പുനസ്ഥാപിക്കപ്പെട്ടു. എന്നാല്‍ നരേന്ദ്രമോദിയുടെ പുതിയ ഇന്ത്യയിലെ തീവ്ര വലതുപക്ഷം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മറ്റോരു കീഴടക്കലിനെക്കുറിച്ചുള്ള വെളിപാടിലെത്തിയിട്ടുണ്ട്. ഹിന്ദു സ്ത്രീകളുടെ മേല്‍ മുസ്ലിം പുരുഷന്മാര് നേടുന്ന വിജയം. അതില്‍ നിന്നൊന്ന് ശ്രദ്ധയകറ്റാനാകാത്ത ഒരാളുണ്ടിവിടെ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
വിദേശ മൂലധനത്തോടെയുള്ള ഒരു ജിഹാദി തന്ത്രം നടത്തുന്നവര്‍ എന്നൊരു ആരോപണം മുസ്ലിം പുരുഷന്മാര്ക്കുമേല് പതിഞ്ഞിട്ട് കുറച്ചധികം കാലങ്ങളാകുന്നു. ആകര്‍ഷണീയരായ മുസ്ലിം പുരുഷന്മാര് ഗൊറില്ല യുദ്ധങ്ങളിലെന്നപ്പോലെ നിഷ്കളങ്കരായ ഹിന്ദു സ്ത്രീകളെ പതിയിരുന്ന് വശീകരിച്ച് പ്രണയത്തിലകപ്പെടുത്തുന്നു. അനന്തരം ഈ പുരുഷന്മാര് ആ സ്ത്രീകളെ മധുര വാചകങ്ങളിലൂടെ ‘സ്നേഹത്തിന്റെ പേരില്‍’ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നു. ഹിന്ദു സ്ത്രീകള്‍ മുസ്ലിം പുരുഷന്മാരെ വിവാഹം ചെയ്യുന്ന ഈ പ്രതിഭാസമാണ് ലൗ ജിഹാദെന്ന കണ്ടുപിടുത്തം- കാരണം ഉഭയസമ്മതത്തോടെ രണ്ടുവിശ്വാസങ്ങളില്പ്പെടുന്നവര് വിവാഹിതരാകുന്നത് പുതിയ ഇന്ത്യയില്‍ ഒരു യാഥാര്‍ഥ്യമല്ല.
യോഗി ആദിത്യനാഥാണെങ്കില്‍ ‘ലൗ ജിഹാദി’ന് മുതിരുന്ന ഒരു മുസ്ലിം പുരുഷന് സ്വയം മരണത്തെ വിളിച്ചുവരുത്തുകയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

ബിജെപി ഭരണത്തിലുള്ള ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ലൗ ജിഹാദിനെതിരെ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് യോഗിയുടെ സര്‍ക്കാര്‍. നമ്മുടെ മതേതരരാജ്യത്ത് ഒരു തരത്തിലുമുള്ള സങ്കോചവുമില്ലാതെ മതപരമായ വിധിവിലക്കുകൾക്ക് അംഗീകാരം കൊടുക്കുന്ന മുന്നു സംസ്ഥാനങ്ങളാണത്. കേരളത്തിലാണെങ്കില്‍ ഈ സങ്കല്‍പ്പം പിന്തുണ കണ്ടെത്തിയിരിക്കുന്നത് ക്രിസ്തീയ സഭാധ്യക്ഷന്മാരിലാണ്. അവരോട് ചേര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരിക്കല്‍ നടത്തിയ പ്രഖ്യാപനം 2006 മുതല്‍ സംസ്ഥാനത്തെ 2776 യുവതികള്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ടുവെന്നാണ്. കൂടാതെ കഴിഞ്ഞ വര്‍ഷം ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയര്മാന് ജോര്‍ജ് കുര്യന് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്തില്‍ സ്ത്രീകളെ ലൗ ജിഹാദിലൂടെ കുടുക്കുന്ന ഇസ്ലാമിക തീവ്രചിന്താഗതിക്കാരുടെ എളുപ്പ ഉന്നം സംസ്ഥാനത്തെ ക്രിസ്തീയ വിഭാഗമാണെന്നും പറയുന്നു.
സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്നും എങ്ങനെ പെരുമാറണമെന്നും ആരുമായി പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെടണമെന്നും വിധിക്കുന്ന സൗദി അറേബ്യയിലെ വഹാബി പോലീസിങില്‍ നിന്ന് ഈ ഭയവും ഭ്രാന്തും എങ്ങനെയാണ് വ്യത്യസ്തമാകുന്നത്? നമ്മളും ശാസനം പുറപ്പെടുവിക്കുകയാണ് ആരുമായി പ്രണയത്തിലാകാമെന്ന് – ഭരണകൂടത്തിന്റെ അനുമതിയോടെ.
ഒരു ഭരണകൂടം അവരുടെ പൗരന്മാരുടെ മതത്തിനനുസരിച്ച് നിയമനിര്‍മ്മാണം നടത്താന്‍ തീരുമാനിക്കുന്നത് മുതല്‍ അത് ഒരു ജനാധിപത്യത്തില്‍ നിന്ന് മതാധിപത്യ ഭരണത്തിലേക്ക് മാറുകയാണ്. യൂറോപ്പ് ഈ പ്രതിസന്ധിയോട് വളരെയധികം കാലം പോരാടിയതാണ്. രാജ്യത്തിന്റെ ഭരണം കെെയ്യിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങള്‍ തന്നെ ഇത്തരമൊരു നിയമത്തെക്കുറിച്ചുള്ള നിര്‍ദേശം മുന്നോട്ടുവയക്കുന്നത് വാസ്തവത്തില്‍ ഹിന്ദു രാഷ്ട്രത്തിന് തറക്കല്ലിടുന്നതിനു തുല്യമാണ്. ഇതുവരെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും യോഗങ്ങളിലെ കേവലം വാചാടോപം മാത്രമായിരുന്ന ഹിന്ദു രാജ്യമെന്ന ആശയത്തിന് അതോടെ നിയമപരമായ അടിത്തറ ഉയരുകയാണ്.
ഒരു പുരുഷാധിപത്യ ഭരണകൂടം

ഒറ്റനോട്ടത്തില്‍ വളരെ ലളിതമായ ഒരാശയമാണ് ഹിന്ദുരാഷ്ടമെന്ന് നമുക്ക് തോന്നാം- ഹെെന്ദവത ഔദ്യോഗിക മതമായിരിക്കുന്ന ഒരു രാജ്യം. എന്നാല്‍ ആ ഉപരിതലത്തിനുള്ളിലേക്ക് അല്പം ചുരണ്ടിനോക്കിയാല്‍ അതില്‍ പുരുഷാധിപത്യവും സര്‍വ്വാധിപത്യവും വാഴുന്ന ഒരു ഭരണകൂടത്തിന്റെ പ്രകടമായ സാന്നിധ്യം കാണാം. പുരുഷന്മാരാല് ഭരിക്കപ്പെടുന്ന അവിടെയാണ് നിങ്ങള്‍ വിവാഹം കഴിക്കുന്ന വ്യക്തിയെ തെരഞ്ഞെടുക്കുന്നതില്‍ പോലും ഭരണകൂടത്തിന്റെ അനുമതി ആവശ്യമായ ഒരു നില വരുന്നത്.
ഇനി നമുക്ക് പുരുഷനിയന്ത്രിതമായ ആ ഭരണവ്യവസ്ഥയെ മനസിലാക്കാം. ലൗ ജിഹാദെന്ന ആശയം രൂപപ്പെടുന്നത് തന്നെ അവനനവനുവേണ്ടി ചിന്തിക്കാന്‍ കഴിവില്ലാത്തവരും, ആരെയും കണ്ണടച്ചുവിശ്വസിക്കുന്നവരും, മതപരിവര്ത്തിനായി മാത്രം അവരെ വിവാഹം ചെയ്യുന്ന സമര്‍ഥരായ തീവ്രവാദികളുടെ വലയില്‍ അകപ്പെടുന്നവരുമാണ് ഹിന്ദു സ്ത്രീകള്‍ എന്ന ചുറ്റുപാടില്‍ നിന്നാണ്. ആ സ്ത്രീകള്‍ക്ക് ഒന്നിലും ഇടപെടാനോ തെരഞ്ഞെടുക്കാനോ ഉളള അവകാശമില്ല. പലപ്പോഴും അവരുടെ മാതാപിതാക്കളോ കുടുംബമോ ആണ് ലൗ ജിഹാദ് ആരോപണങ്ങളുമായി പരാതിപ്പെടുന്നത്. തങ്ങളുടെ മകള്‍ തെരഞ്ഞെടുത്ത ഒന്ന് അവരുടെ താത്പര്യത്തിന് എതിരെ പ്രവര്‍ത്തിച്ചത് കൊണ്ടുമാത്രം.

തീവ്ര വലതുപക്ഷ ആശയവാദികളായ അനേകം ഹിന്ദുപുരുഷന്മാര് ഹിന്ദു സ്ത്രീകളെ അവരുടെ ഗര്‍ഭപാത്രങ്ങളായി മാത്രം ചുരുക്കികാണുന്നു. അവരുടെ അവകാശവാദമനുസരിച്ച് ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്യുന്ന മുസ്ലിം പുരുഷന്മാരുടെ ലക്ഷ്യം മുസ്ലിം കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുക എന്നതാണ്. അതുവഴി മുസ്ലിംങ്ങള്‍ ഇന്ത്യയിലെ ഹിന്ദുജനസംഖ്യയെ മറികടക്കുമെന്ന വ്യാജകഥയുണ്ടാക്കി രസിക്കുക. ഹിന്ദു ഗര്‍ഭപാത്രങ്ങള്‍ കുറയുമ്പോള്‍ ഹിന്ദു കുഞ്ഞുങ്ങള്‍ കുറയുന്നു.
വാസ്തവത്തില്‍, ലൗ ജിഹാദ് ഒരു ആധുനിക സങ്കല്പ്പമാണെന്ന് നിങ്ങള്‍ കരുതുന്നെങ്കില്‍ 1920കള്‍ മുതല്‍ ഹിന്ദു തീവ്രവലതുപക്ഷവാദികള്‍ ഇതേ ഭ്രാന്തുപിടിച്ച് സംഭ്രാന്തരായിരുന്നു എന്നറിഞ്ഞ് നിങ്ങള്‍ അത്ഭുതപ്പെടും. ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് 1924 ജൂണില്‍ കാണ്‍പൂരിലും 1928 മാര്‍ച്ചില്‍ മധുരയിലും വര്‍ഗ്ഗീയ ലഹളകളുണ്ടായിട്ടുണ്ടെന്ന് ചരിത്ര അധ്യാപകന് ചാരു ഗുപ്ത സാക്ഷ്യപ്പെടുത്തുന്നു.
കഥയ്ക്കിന്നും വലിയ മാറ്റമെന്നുമില്ല. സ്ഥിരീകരിക്കപ്പെടാത്ത കണക്കുകളാണെങ്കിലും കാമുക മുഖംമൂടിയണിഞ്ഞ അധര്‍മ്മികളും വഞ്ചകരുമായ മുസ്ലിം പുരുഷന്മാരാല് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെടുന്ന ഹിന്ദു സ്ത്രീകളുടെ എണ്ണം വലിയ തോതില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്. 2009ല്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വിതരണം ചെയ്യപ്പെട്ട ചില ലഘുലേഖകള്‍ പറയുന്നത് ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമായി 4000 പെണ്‍കുട്ടികള്‍ ലൗ ജിഹാദിലകപ്പെട്ട് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്നാണ്. ഉറവിടം അജ്ഞാതമായ ഈ ലഘുലേഖകള്‍ പ്രചരിപ്പിച്ചത് ആര്‍എസ്എസിന്റെ വിദ്യാര്‍ഥി സംഘടനയായ എബിവിപിയായിരുന്നു.
പക്ഷേ ഉത്തര്‍പ്രദേശ് ലൗ ജിഹാദ് കേസുകളുടെ പുതിയ കണക്കുകളാണ് മുന്നോട്ടുവയ്ക്കുന്നത്, അവയില്‍ പൊലീസ് അന്വേഷണം നടത്തുകയും ചെയ്യുന്നു. ഹിന്ദു രാഷ്ട്രം എന്ന ആശയത്തിനൊപ്പം ചേര്‍ത്തുവയ്ക്കപ്പെടുന്ന സര്‍വ്വാധിപത്യത്തിന്റെ സ്വഭാവം നമുക്ക് മനസിലാകുന്നതിങ്ങനെയാണ്. യോഗി ആദിത്യനാഥിന്റെ ഭരണത്തിനുകീഴില്‍ ഈ വര്‍ഷം 14 ലൗ ജിഹാദ് കേസുകളിലാണ് ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷണം നടത്തിയത്. അതില്‍ പകുതി കേസുകളും മുസ്ലിം പുരുഷനും ഹിന്ദു സ്ത്രീയും തമ്മിലെ ഉഭയസമ്മതപ്രകാരമുള്ള വിവാഹങ്ങളാണെന്ന് കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കേണ്ടി വന്നു. ബാക്കിയുള്ള എഴ് കേസുകളില്‍ അന്വേഷണം തുടരുകയാണ്. എന്നിട്ടും ലൗ ജിഹാദെന്ന മിത്തിനെ യഥാര്‍ഥമായ എന്തോ ഒന്നായി പരിഗണിക്കുന്ന യോഗി ആദിത്യനാഥിനും മറ്റ് മുഖ്യമന്ത്രിമാര്‍ക്കും അതില്‍ നിയമനിര്‍മ്മാണം നടത്തിയേ തീരൂ.
ദി പ്രിന്റില്‍ സൈനബ് സിക്കന്ദര്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. വിവര്‍ത്തനം: അനുപമ ശ്രീദേവി