സിനിമ നിര്‍മ്മാണത്തിനായി ചിത്രാഞ്ജലി നവീകരണം; സര്‍ക്കാരിന്റെ പുതിയ പദ്ധതി

കേരളത്തിലെ സിനിമ നിര്‍മ്മാണങ്ങള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്ന പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ചിത്രാഞ്ജലി സ്റ്റുഡിയോകള്‍ക്ക് പുതിയ മുഖം നല്‍കി സിനിമ മേഖലയെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. കിഫ്ബി ഫണ്ടില്‍ നിന്ന് 66.88 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നത്.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രാഞ്ജലി സ്റ്റുഡിയോകളുടെ നവീകരണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ചലച്ചിത്രങ്ങള്‍ കേരളത്തില്‍ തന്നെ മികവുറ്റ രീതിയില്‍ നിര്‍മ്മിക്കാനും നിര്‍മ്മാതാക്കള്‍ക്ക് ചെലവ് കുറക്കുവാനും സാധിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ചിത്രാഞ്ജലി സ്റ്റുഡിയോകള്‍ക്ക് പുതിയ മുഖം നല്‍കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 66.88 കോടി രൂപ ചെലവിലാണ് ഇവിടെ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നത്. നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ചലച്ചിത്രങ്ങള്‍ കേരളത്തില്‍ തന്നെ മികവുറ്റ രീതിയില്‍ നിര്‍മ്മിക്കാനും നിര്‍മ്മാതാക്കള്‍ക്ക് ചെലവ് കുറക്കുവാനും ഇവിടത്തെ സൗകര്യങ്ങള്‍ ഉപകരിക്കും.

ഡോള്‍ബി അറ്റ്മോസ് മിക്‌സിംഗ് തിയേറ്ററുകള്‍, ആധുനിക റെക്കോഡിംഗ് സംവിധാനം, ഗ്രീന്‍മേറ്റ് സൗണ്ട് സ്റ്റേജ്, അത്യാധുനിക രീതിയിലുള്ള സ്റ്റുഡിയോ ബില്ലിംഗ് സമ്പ്രദായം, ആധുനിക രീതിയിലുള്ള എഡിറ്റിംഗ് സ്യൂട്ടുകള്‍, ആധുനിക രീതിയിലുള്ള ഡിജിറ്റല്‍ ഇന്‍ര്‍മീഡിയറ്റ് കളര്‍ ഗ്രേഡിംഗ് സംവിധാനം, അത്യാധുനിക രീതിയിലുള്ള സിങ്ക് സൗണ്ട് ഉപകരണങ്ങള്‍, പുതിയ മോഡലുകളിലുള്ള ക്യാമറകള്‍, സൂം ലെന്‍സ്, സിനിമാ ചിത്രീകരണത്തിനുള്ള മറ്റു ഉപകരണങ്ങള്‍, ഡബ്ബിംഗ്- സൗണ്ട് എഡിറ്റിംഗ് സ്യൂട്ടുകള്‍, തുടങ്ങിയ സൗകര്യങ്ങളാണ് ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇവിടെ സാധ്യമാകുന്നത്.


അനാവശ്യ നഷ്ടങ്ങളുണ്ടാക്കാതെ ചിത്രം പൂര്‍ത്തിയാക്കാനുള്ള സൗകര്യങ്ങളാണ് ചിത്രാഞ്ജലിയില്‍ കെ എസ് എഫ് ഡി സി ഒരുക്കിയിരിക്കുന്നത്. ചലച്ചിത്ര നിര്‍മാണത്തിനാവശ്യമായ ഉപകരണങ്ങള്‍ക്ക് പുറമേ ഇവിടെ ചിത്രീകരിക്കുന്ന സിനിമകള്‍ക്കും ഡോക്കുമെന്ററികള്‍ക്കും സബ്‌സിഡിയും അനുവദിക്കുന്നു. ഇവിടുത്തെ ടെക്‌നിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെയാണ് സബ്‌സിഡിയിനത്തില്‍ ലഭിക്കുന്നത്.

സിനിമാ രംഗത്തിന് മതിയായ പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറന്നപ്പോള്‍ സര്‍ക്കാര്‍ ചില ഇളവുകള്‍ അനുവദിച്ചത്. ഈ മാസം അവസാനം വരെ സിനിമാ തിയേറ്ററുകളുടെ വിനോദ നികുതി സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുകയാണ്. തിയേറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജും 50 ശതമാനമാക്കി കുറച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാനുള്ള സഹായവും നല്‍കിയിട്ടുണ്ട്.

സാംസ്‌കാരിക മേഖലയിലൂടെയുള്ള പ്രതിരോധത്തിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്ന കാലമാണിത്. അതുകൊണ്ടുതന്നെ വിശാലമായ മാനവികതക്കുവേണ്ടി നിലകൊള്ളുന്ന മികച്ച സിനിമകള്‍ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ട് സ്വതന്ത്രമായ ചലച്ചിത്രപ്രവര്‍ത്തനവും ആസ്വാദനവും സാധ്യമാക്കുന്ന അന്തരീക്ഷം ഒരുക്കാനുള്ള ശ്രമം കൂടിയാണിത്.

ചിത്രാഞ്ജലി സ്റ്റുഡിയോക്കു പുതിയ മുഖം നൽകുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു….

Posted by Pinarayi Vijayan on Wednesday, 24 February 2021

Latest News