‘മരിച്ചിട്ടു ജനിക്കുന്ന കുട്ട്യോളുണ്ട്..അവരെയാണ് ചാപിള്ള എന്ന് പറയുന്നത്’; സ്റ്റാർ ട്രെയ്‌ലറുമായി മമ്മൂട്ടി

ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റാറിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ്. പൃഥ്വിരാജ് അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി സ്റ്റാറിനുണ്ട്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്റ്റാര്‍’. ചിത്രത്തില്‍ ഷീലു എബ്രഹാമും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഏറെ നിഗൂഢതകൾ നിലനിർത്തികൊണ്ട് തന്നെയാണ് ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുന്നത്. ഹൊറർ എലെമെന്റ്സ് ഉള്ള ത്രില്ലർ ആയിരിക്കും ചിത്രമെന്ന് ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്.

ചിത്രത്തില്‍ അതിഥി വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് പൃഥ്വി ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍ തിരക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ത്രില്ലറാണ്. സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം ഏപ്രിലിലാണ് റിലീസിന് ഒരുങ്ങുന്നത്.

അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് സ്റ്റാര്‍ നിര്‍മ്മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സ്റ്റാറിന്റെ പോസ്റ്റ് പ്രൊഡക്ക്ഷന്‍ പരിപാടികളാണ് ഇപ്പോള്‍ നടക്കുന്നത്. എം ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ഹരിനാരായണന്റേതാണ് വരികള്‍. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. തരുണ്‍ ഭാസ്‌കരനാണ് ഛായാഗ്രഹകന്‍. ലാല്‍ കൃഷ്ണനാണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. വില്യം ഫ്രാന്‍സിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

കമര്‍ എടക്കര കലാസംവിധാനവും അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ റോഷന്‍ എന്‍.ജി മേക്കപ്പും അജിത്ത് എം ജോര്‍ജ്ജ് സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്നു. റിച്ചാര്‍ഡാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍, അമീര്‍ കൊച്ചിന്‍ ഫിനാന്‍സ് കണ്ട്രോളറും സുഹൈല്‍ എം, വിനയന്‍ ചീഫ് അസോസിയേറ്റ്‌സുമാണ്.പി.ആര്‍.ഒ പി.ശിവപ്രസാദ്, സ്റ്റില്‍സ് അനീഷ് അര്‍ജ്ജുന്‍, ഡിസൈന്‍സ് 7കോം എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Covid 19 updates

Latest News