Top

ഔഫ് കൊലപാതകം: എസ്എസ്എഫ് പരിപാടികളില്‍ നിന്ന് ലീഗ് നേതാക്കള്‍ പുറത്ത്

കോഴിക്കോട്: കാഞ്ഞങ്ങാട് അബ്ദുറഹ്മാന്‍ ഔഫ് കൊലപാതകത്തില്‍ മുസ്ലിം ലീഗിനെതിരെ കടുത്ത നിലപാടിലേക്ക് കാന്തപുരം വിഭാഗം വിദ്യാര്‍ഥി സംഘടനയായ എസ്എസ്എഫ്. സംസ്ഥാനത്ത് നൂറിലധികം കേന്ദ്രങ്ങളിലായി എസ്എസ്എഫ് സംഘടിപ്പിച്ചുവരുന്ന സ്റ്റുഡന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന രാഷ്ട്രീയ സംവാദങ്ങളില്‍ നിന്ന് മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി-യുവജന സംഘടനകളെ വിലക്കിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. നേരിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ നടക്കുന്ന രാഷ്ട്രീയ സംവാദങ്ങളില്‍ ലീഗ് പ്രതിനിധികള്‍ ക്ഷണിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ നടന്ന സംവാദങ്ങളില്‍ എംഎസ്എഫ്, യൂത്ത് ലീഗ് പ്രതിനിധികള്‍ വ്യാപകമായി പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ […]

25 Dec 2020 5:14 AM GMT

ഔഫ് കൊലപാതകം: എസ്എസ്എഫ് പരിപാടികളില്‍ നിന്ന് ലീഗ് നേതാക്കള്‍ പുറത്ത്
X

കോഴിക്കോട്: കാഞ്ഞങ്ങാട് അബ്ദുറഹ്മാന്‍ ഔഫ് കൊലപാതകത്തില്‍ മുസ്ലിം ലീഗിനെതിരെ കടുത്ത നിലപാടിലേക്ക് കാന്തപുരം വിഭാഗം വിദ്യാര്‍ഥി സംഘടനയായ എസ്എസ്എഫ്. സംസ്ഥാനത്ത് നൂറിലധികം കേന്ദ്രങ്ങളിലായി എസ്എസ്എഫ് സംഘടിപ്പിച്ചുവരുന്ന സ്റ്റുഡന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന രാഷ്ട്രീയ സംവാദങ്ങളില്‍ നിന്ന് മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി-യുവജന സംഘടനകളെ വിലക്കിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. നേരിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ നടക്കുന്ന രാഷ്ട്രീയ സംവാദങ്ങളില്‍ ലീഗ് പ്രതിനിധികള്‍ ക്ഷണിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ നടന്ന സംവാദങ്ങളില്‍ എംഎസ്എഫ്, യൂത്ത് ലീഗ് പ്രതിനിധികള്‍ വ്യാപകമായി പങ്കെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കാഞ്ഞങ്ങാട് കൊലപാതകത്തിനുശേഷം ക്ഷണിക്കപ്പെട്ട ലീഗ് അതിഥികളെ പങ്കെടുക്കേണ്ടതില്ല എന്ന് അറിയിക്കാന്‍ സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കുകയായിരുന്നു. ഔഫ് വധം ആകസ്മികമായി സംഭവിച്ചതല്ല എന്നും കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി നടന്ന ഗൂഢാലോചന കൊലപാതകത്തിന് പിന്നില്‍ ഉണ്ട് എന്നുമാണ് കാന്തപുരം വിഭാഗം വിശ്വസിക്കുന്നത്.

അതേസമയം, കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഔഫ് അബ്ദുറഹ്മാന്‍ ഡിവൈഎഫ്‌ഐക്കാരനല്ലെന്നും സുന്നി പ്രവര്‍ത്തകനാണെന്നും അവകാശപ്പെട്ട് എസ്.വൈ.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവും എസ്.എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദലി കിനാലൂര്‍ രംഗത്തെത്തി. ചോരച്ചാലുകള്‍ നീന്തിക്കടന്ന പ്രസ്ഥാനത്തിലെ കണ്ണി ആയിരുന്നില്ല ഔഫ്. സുന്നി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകന്‍ ആയിരുന്നു. അവനെ മരണാനന്തരം സിപിഎം ആക്കിയ ബുദ്ധി ഏത് പാര്‍ട്ടി നേതാവിന്റേതാണ് എന്നറിയില്ലെന്നും മുഹമ്മദലി പറഞ്ഞു.

മുഹമ്മദലി കിനാലൂര്‍ പറയുന്നു: ”പറയാതിരുന്നാല്‍ അനീതിയാകും, ആ മയ്യിത്തിനോടും ഔഫിനെ സ്‌നേഹിക്കുന്നവരോടുമുള്ള അനീതി. മരിച്ചവര്‍ക്കും അവകാശമുണ്ട്. അത് വകവെച്ചു കൊടുക്കേണ്ടത് ജീവിച്ചിരിക്കുന്നവരാണ്. കാസറഗോഡ് കൊല്ലപ്പെട്ട സുന്നി പ്രവര്‍ത്തകന്‍, അതേ, സുന്നി പ്രവര്‍ത്തകന്‍ മാത്രമായ ഔഫിന് മരണാനന്തരമുള്ള അവകാശങ്ങളില്‍ ചിലത് നിഷേധിക്കപ്പെട്ടു. നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍ക്ക് നടുവില്‍ ചുവപ്പ് കൊടി നെഞ്ചിലേറ്റു വാങ്ങി കിടക്കേണ്ടവനായിരുന്നില്ല ഔഫ്.

അവന്‍ സുന്നി പ്രവര്‍ത്തകന്‍ മാത്രമായിരുന്നു. ചോരച്ചാലുകള്‍ നീന്തിക്കടന്ന പ്രസ്ഥാനത്തിലെ കണ്ണി ആയിരുന്നില്ല, സഹനസമരത്തിന്റെ ഉജ്ജ്വലമായ പാരമ്പര്യമുള്ള സുന്നി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകന്‍ ആയിരുന്നു. അവനെ മരണാനന്തരം സിപിഎം ആക്കിയ ബുദ്ധി ഏത് പാര്‍ട്ടി നേതാവിന്റേതാണ് എന്നറിയില്ല. മയ്യിത്തുകള്‍ക്ക് മെമ്പര്‍ഷിപ് നല്‍കുന്ന ലോകത്തിലെ ആദ്യത്തെ പാര്‍ട്ടി എന്ന ‘ബഹുമതി’ ഡിവൈഎഫ്‌ഐക്കും സി പി എമ്മിനുമിരിക്കട്ടെ. സഖാക്കളേ, ‘ഞങ്ങള്‍’ക്കൊപ്പമുണ്ട് എന്ന് നിങ്ങള്‍ പ്രഖ്യാപിക്കേണ്ടത് ഇങ്ങനെയല്ല. ഇത് അതിക്രമമാണ്. മയ്യിത്തിനോട് കാട്ടിയ അതിക്രമം. മാപ്പില്ലാത്ത പാതകം. മരിച്ചവര്‍ക്കും അവകാശമുണ്ട്, അതുപക്ഷെ മരണാനന്തരം പാര്‍ട്ടി അംഗത്വം നല്‍കലോ പാര്‍ട്ടി പതാക പുതപ്പിക്കലോ അല്ല.

സഖാക്കളേ,കൊല്ലപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാനുള്ള നിങ്ങളുടെ സന്നദ്ധതയെ അഭിവാദ്യം ചെയ്യുന്നു. കൊലയാളി ലീഗിനെതിരായ നിങ്ങളുടെ അമര്‍ഷത്തെ അംഗീകരിക്കുന്നു. കൊല്ലപ്പെട്ട സുന്നിപ്രവര്‍ത്തകന്‍ ഔഫിനോട് നിങ്ങള്‍ കാണിച്ച നെറികേടിനെ (ക്ഷമിക്കുക, ആ വാക്ക് ഉപയോഗിക്കേണ്ടിവന്നതില്‍) ശക്തമായി അപലപിക്കുകയും ചെയ്യുന്നു. ദയവായി പാര്‍ട്ടി രക്തസാക്ഷികളുടെ പട്ടികയില്‍ പേര് ചേര്‍ത്ത് ഔഫിനെ ഇനിയും ഇനിയും അപമാനിക്കരുത്. ഇതൊരപേക്ഷയാണ്. ഔഫ് ജീവിതം സമര്‍പ്പിച്ചു പ്രവര്‍ത്തിച്ച അതേ സുന്നിസംഘടനയില്‍ അഭിമാനത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സഹപ്രവര്‍ത്തകന്റെ അപേക്ഷ.”

ഇതിനിടെ ഔഫ് കൊലപാതകത്തിലെ എല്ലാ പ്രതികളെയും പൊലിസ് കസ്റ്റഡിയില്‍ എടുത്തു. മുണ്ടത്തോട് സ്വദേശികളായ ഹസന്‍, ആഷിര്‍ എന്നിവരാണ് ഇന്ന് രാവിലെ പിടിയിലായത്. മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കേസിലെ മുഖ്യ പ്രതിയും യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറിയുമായ ഇര്‍ഷാദിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് കാഞ്ഞങ്ങാട്ടെത്തിച്ചു. മുണ്ടത്തോട്ട് സ്വദേശി ഇസ്ഹാഖിനെയും പൊലീസ് കഴിഞ്ഞ ദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയം തന്നെയാണെന്ന് ജില്ല പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. വോട്ടെണ്ണല്‍ ദിവസത്തെ സംഘര്‍ഷത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത്.
സംഭവ സമയത്ത് സംഘര്‍ഷം ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഔഫിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളും പുറത്തു വന്നു. ഹൃദയത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തില്‍ ഔഫിന്റെ ഹൃദയധമനിയില്‍ മുറിവേറ്റിട്ടുണ്ട്. അതിവേഗം രക്തം വാര്‍ന്നാതാണ് തല്‍ക്ഷണം മരിക്കാന്‍ കാരണമായത്. ഒറ്റക്കുത്തില്‍ ശ്വാസകോശം തുളച്ച കയറിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ബുധനാഴ്ച് രാത്രി 11 മണിയോടെയാണ് ഔഫിനും സുഹൃത്ത് ശുഹൈബിനും നേരേ ആക്രമണമുണ്ടായത്. സംഭവസ്ഥലത്തു വച്ച് തന്നെ ഔഫ് മരണപ്പെട്ടു. മുഖത്ത് പരുക്കേറ്റ ശുഹൈബ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശുഹൈബിന്റെ സാക്ഷി മൊഴിയിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ ഇര്‍ഷാദ്, ഇസ്ഹാഖ്, ഹസന്‍ എന്നിവര്‍ക്കെതിരേ പൊലിസ് കേസെടുത്തത്.

Next Story