
കശ്മീരി ദിനപത്രമായ കശ്മീര്‍ ടൈംസിന്റെ ഓഫീസ് അടച്ചുപ്പൂട്ടി സീല്‍ചെയ്ത് എസ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. കാരണം പോലും വ്യക്തമാക്കാതെയായിരുന്നു പത്രത്തിന്റെ പ്രധാന ഓഫീസ് അടച്ച് പൂട്ടിയതെന്നും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിനെതിരെയുള്ള പ്രതികാര നടപടിയാണിതെന്നുമാണ് പത്രത്തിന്റെ എക്‌സിക്യൂട്ടിവ് എഡിറ്ററായ അനുരാധ ഭാസിന്‍ പ്രതികരിച്ചത്.
‘യാതൊരു വിധത്തിലുമുള്ള മുന്നറിയിപ്പോ, നോട്ടീസോ നല്‍കാതെയായിരുന്നു എസ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റെത്തി ഓഫീസ് സില്‍ചെയ്തത്. ഞാന്‍ എങ്ങനെയാണോ എന്റെ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടത് അതുപോയെതന്നെയായിരുന്നു ഇത്. എന്റെ വിലപിടിപ്പുള്ള വസ്തുക്കള്‍ ഉള്‍പ്പെടെ പുതിയ താമസക്കാര്‍ക്ക് കൈമാറിയത് പോലെ. ഇത് പ്രതികരിക്കുന്നതിനെതിരെയുള്ള പ്രതികാരനടപടിയാണ്’, അനുരാധ ഭാസിന്‍ പറഞ്ഞു.
‘ജമ്മു കശ്മീരില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതിന് പിന്നാലെ മാധ്യമങ്ങള്‍ക്കും കടിഞ്ഞാണിടാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. മാധ്യമ നിയന്ത്രണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് പകപോക്കുകയാണ് സര്‍ക്കാര്‍. താന്‍ കോടതിയെ സമീപിച്ച അന്ന് തന്നെ പത്രത്തിനുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ നിലച്ചിരുന്നു’, അനുരാധ ഭാസിന്‍ പറഞ്ഞു.
എന്നാല്‍ സാധാരണ നടപടിക്രമം മാത്രമാണ് ഉണ്ടായതെന്നാണ് ഇ ഡിയുടെ വിശദീകരണം. പത്രത്തിന്റെ സ്ഥാപകനായിരുന്ന വേദ് ഭാസിനാണ് പത്ര ഓഫീസ്, ഔദ്യോഗിക വസതി എന്നിവ കൈമാറിയതെന്നും ഓഫീസ് ഒഴിയണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണെന്നുമാണ് ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അസ്‌ലം പറഞ്ഞത്.
എന്നാല്‍ അനുരാധ ഭാസിന്‍ ഇത് നിഷേധിച്ചു. ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. സാങ്കേതിക ഉപകരണങ്ങളെല്ലാം ഓഫീസനകത്താണുള്ളത്. ഇത് അനുവദിച്ച് കൊടുക്കാന്‍ സാധിക്കില്ല. ഓഫീസ് സീല്‍ ചെയ്തതിനെതിരെ കോടതിയെ സമീപിക്കുമെന്നും അനുരാധ ഭാസിന്‍ വ്യക്തമാക്കി.
കശ്മീര്‍ ടൈംസിന് രാഷ്ട്രീയ പിന്തുണയുമായി രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. അനുരാധയ്ക്കും കശ്മീരി ടൈംസിനും പിന്തുണയറിച്ചുകൊണ്ട് മെഫ്ബൂബ മുഫ്തിയും ട്വീറ്റ് ചെയ്തിരുന്നു. ‘ഇവിടെ നടക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയമ വിരുദ്ധവും അപകടകരവുമായ പ്രവര്‍ത്തനങ്ങളെ തുറന്ന് കാട്ടുന്ന ചുരുക്കം ചില എഡിറ്റര്‍മാരില്‍ ഒരാളാണ് അനുരാധ ഭാസിന്‍. ശ്രീനഗറിലെ ഓഫീസ് അടച്ചുപൂട്ടുന്നത് പ്രതികരിക്കുന്നവരെ നിശ്ബ്ദരാക്കാനുള്ള ബിജെപിയുടെ നീക്കമാണ്’, മെഹ്ബൂബ മുഫ്തി പറഞ്ഞു.