‘ചര്‍ച്ചയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു, പിണറായി പ്രകോപിതനായില്ല; ആര്‍എസ്എസുകാരുടെ പട്ടിക നല്‍കിയത് മോഹന്‍ ഭഗവത്’; ചര്‍ച്ചയില്‍ സംഭവിച്ചതിനെക്കുറിച്ച് ശ്രീ എം
കണ്ണൂരിലെ സമാധാനം ലക്ഷ്യമിട്ടാണ് താന്‍ സിപിഐഎം-ആര്‍എസ്എസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത നിന്നതെന്ന് ശ്രീഎം. ചര്‍ച്ചയ്ക്ക് പിന്നില്‍ സദുദ്ദേശം മാത്രമായിരുന്നെന്നും താന്‍ ആര്‍എസ്എസ്-സിപിഐഎം രഹസ്യബാന്ധവത്തിന്റെ ഇടനിലക്കാരനല്ലെന്നും ശ്രീഎം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കേണ്ട ആര്‍എസ്എസുകാരുടെ പട്ടിക നല്‍കിയത് മോഹന്‍ ഭഗവത് ആയിരുന്നു. ചര്‍ച്ചകള്‍ക്ക് മുന്‍പ് തനിക്ക് ഈ നേതാക്കളെ അറിയില്ലായിരുന്നെന്നും ശ്രീഎം പറഞ്ഞു. ശ്രീഎമ്മിന്റെ വാക്കുകള്‍: ”രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് ഞാന്‍. ചര്‍ച്ച നടത്തിയിരുന്നു എന്നത് സത്യമാണ്. അത് സിപിഐഎമ്മും ആര്‍എസ്എസും തമ്മില്‍ ധാരണയുണ്ടാവാന്‍ വേണ്ടിയല്ല. കണ്ണൂരില്‍ ദിവസം […]

കണ്ണൂരിലെ സമാധാനം ലക്ഷ്യമിട്ടാണ് താന്‍ സിപിഐഎം-ആര്‍എസ്എസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത നിന്നതെന്ന് ശ്രീഎം. ചര്‍ച്ചയ്ക്ക് പിന്നില്‍ സദുദ്ദേശം മാത്രമായിരുന്നെന്നും താന്‍ ആര്‍എസ്എസ്-സിപിഐഎം രഹസ്യബാന്ധവത്തിന്റെ ഇടനിലക്കാരനല്ലെന്നും ശ്രീഎം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കേണ്ട ആര്‍എസ്എസുകാരുടെ പട്ടിക നല്‍കിയത് മോഹന്‍ ഭഗവത് ആയിരുന്നു. ചര്‍ച്ചകള്‍ക്ക് മുന്‍പ് തനിക്ക് ഈ നേതാക്കളെ അറിയില്ലായിരുന്നെന്നും ശ്രീഎം പറഞ്ഞു.
ശ്രീഎമ്മിന്റെ വാക്കുകള്‍:
”രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് ഞാന്‍. ചര്‍ച്ച നടത്തിയിരുന്നു എന്നത് സത്യമാണ്. അത് സിപിഐഎമ്മും ആര്‍എസ്എസും തമ്മില്‍ ധാരണയുണ്ടാവാന്‍ വേണ്ടിയല്ല. കണ്ണൂരില്‍ ദിവസം ഒന്നോ മൂന്നോ ആള്ക്കാര് മരിക്കുന്ന സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരുവിഭാഗത്തിന്റെയും ഇടനിലക്കാരനായി ഞാന്‍ നിന്നു. എനിക്ക് എല്ലാവരുമായി നല്ല ബന്ധമാണുള്ളത്. എനിക്കൊരു പാര്‍ട്ടിയിലും മെമ്പര്‍ഷിപ്പില്ല. കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഞാന്‍ ഇടപ്പെട്ടോട്ടെയെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിനോട് ഞാന്‍ ചോദിച്ചു. അവിടുന്ന് ഒരു ഗ്രീന്‍ സിഗ്നല്‍ കൊടുത്തില്ലെങ്കില്‍ അങ്ങനെയൊരു ചര്‍ച്ച നടക്കില്ല. ആര്‍എസ്എസിന്റെ ഭാഗത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് ഡല്‍ഹിയില്‍ നിന്ന് നല്കി. അതില്‍ ഗോപാലന് കുട്ടിയും മറ്റു ചില മുതിര്‍ന്ന നേതാക്കളുമുണ്ടായിരുന്നു. അതിന് മുന്‍പ് എനിക്ക് അവരെ പരിചയം പോലുണ്ടായിരുന്നില്ല. കണ്ടിട്ടു പോലുമുണ്ടായിരുന്നില്ല.
പിന്നീട് ഞാന്‍ പിണറായി വിജയന്റെ വീട്ടില്‍ പോയി. ആ സമയത്ത് അദ്ദേഹം മുഖ്യമന്ത്രിയല്ല. അദ്ദേഹത്തെയും എനിക്ക് നേരത്തെ അറിയില്ല. ഞാന്‍ അദ്ദേഹത്തെ പോയി കണ്ടു. കാര്യങ്ങള്‍ സംസാരിച്ചു. പിന്നെ കോടിയേരി ബാലകൃഷ്ണനെയും കണ്ട് സംസാരിച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെയും യോഗത്തില്‍ കൊണ്ടുവരണമെന്ന് കോടിയേരി പറഞ്ഞു. തുടര്‍ന്ന് ഞാന്‍ കണ്ണൂര്‍ പോയി, ലൈറ്റ് ഹൗസിന് സമീപത്തെ ഗസ്റ്റ് ഹൗസില്‍ വച്ച് ജയരാജനെ കണ്ടു. അദ്ദേഹത്തിന് ചര്‍ച്ചയില്‍ താല്പര്യമുണ്ട്. കാരണം ഇരുവിഭാഗത്തിലും ആളുകള്‍ മരിക്കുന്നുണ്ട്. അത് മാറ്റണം. പക്ഷെ അവര്‍ സംസാരിക്കാന്‍ നമ്മുടെ കൂടെ വരുമോ എന്നാണ് ജയരാജന് ചോദിച്ചത്. ഞാന്‍ പറഞ്ഞു, അവര്‍ വരും, അവരുമായി സംസാരിച്ചിട്ടാണ് ഞാന്‍ ഇങ്ങോട്ട് വന്നതെന്ന്. പിന്നെയാണ് ചര്‍ച്ച നടന്നത്. വിവരം മാധ്യമങ്ങള്‍ അറിഞ്ഞാല്‍ അവര്‍ അത് വിവാദമാക്കും. ചര്‍ച്ച തന്നെ തടസപ്പെടുത്തും. അതുകൊണ്ടാണ് ചര്‍ച്ച രഹസ്യമാക്കിയത്. ഇത് ഇരുവിഭാഗത്തിന്റെയും താല്പര്യപ്രകാരമായിരുന്നു.
ചര്‍ച്ച തുടങ്ങിയപ്പോള്‍ ഇടയ്ക്ക് ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു, പഴയ കാര്യങ്ങള്‍ ഇനി പറയേണ്ടതില്ല. നമുക്ക് മുന്നോട്ട് പോകാനുള്ള വഴി നോക്കാമെന്ന്. ഇതോടെ എല്ലാവരും അത് മനസിലാക്കി. ചര്‍ച്ചയില്‍ പിണറായി വിജയന് വളരെ കൂളായിരുന്നു. പ്രകോപിതനാകാതെയായിരുന്നു അദ്ദേഹം അത് കൈകാര്യം ചെയ്തത്. ഗോപാലന്‍കുട്ടിയും അങ്ങനെ തന്നെയായിരുന്നു, പ്രശ്നങ്ങള്‍ എങ്ങനെയെങ്കിലും അവസാനിച്ചാല്‍ മതിയെന്നായിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം കണ്ണൂരില്‍ ഒരുപാട് നാള് സമാധാനമുണ്ടായിരുന്നു. ഇപ്പോഴും പ്രശ്നങ്ങള്‍ കുറവാണ്. ഇനിയും ആവശ്യമെങ്കില്‍ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കാന് ഞാന്‍ തയ്യാറാണ്. ആളുകളെ ഒന്നിച്ചുകൊണ്ടുപോകുക എന്നതാണ് എന്റെ ജീവിതം.
എനിക്ക് ഒരു പാര്‍ട്ടിയുമായി ഒരു ബന്ധമില്ല. എന്നാല്‍ എല്ലാ നേതാക്കളും എന്റെ അടുത്ത സുഹൃത്തുക്കളാണ്. ഭൂമിക്ക് വേണ്ടി അപേക്ഷ കൊടുത്തത് കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ലഭിച്ചത് ഇപ്പോഴാണെന്ന് മാത്രം. ഈ തെരഞ്ഞെടുപ്പ് സമയത്ത്. അവിടെ നിന്നാണ് പ്രശ്നങ്ങളെല്ലാം തുടങ്ങിയത്. ഭൂമി അനുവദിക്കണമെന്ന് പിണറായി വിജയനോട് വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടില്ല. ഭൂമി അനുവദിച്ചില്ലെങ്കിലും അദ്ദേഹവുമായി സൗഹൃദം തുടരും. ഇപ്പോഴത്തെ വിവാദങ്ങളുടെ പേരില്‍ യോഗ പദ്ധതി ഉപേക്ഷിക്കില്ല. സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ഞാന്‍ യോഗ പരിശീലനം നല്‍കിയിട്ടില്ല. അവര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തെന്ന് മാത്രം.”