Cricket

ഇന്ത്യക്കെതിരായ തോല്‍വി; ഗ്രൗണ്ടില്‍ വാക്കേറ്റത്തിലേര്‍പ്പെട്ട് ശ്രീലങ്കന്‍ നായകനും കോച്ചും

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ മൂന്നു വിക്കറ്റിന് തോറ്റ് പരമ്പര അടിയറ വച്ചതിനു പിന്നാലെ ഗ്രൗണ്ടില്‍ പരസ്യമായി വാക്കേറ്റത്തിലേര്‍പ്പെട്ട് ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയും കോച്ച് മിക്കി ആര്‍തറും.

ഇന്നലെ നടന്ന മത്സരത്തില്‍ മൂന്നു വിക്കറ്റിനാണ് ഇന്ത്യ ലങ്കയെ തോല്‍പിച്ചത്. ശ്രീലങ്ക ഉയര്‍ത്തിയ 276 റണ്‍സ് വിജയലക്ഷ്യം തേടയിറങ്ങിയ ഇന്ത്യ 35-ാം ഓവറില്‍ ഏഴിന് 193 എന്ന നിലയിലേക്ക് തകര്‍ന്ന ശേഷം വാലറ്റത്ത് ദീപക് ചഹാറും ഭുവനേശ്വര്‍ കുമാറും ചേര്‍ന്നു നടത്തിയ ചെറുത്തു നില്‍പ്പാണ് ജയത്തിലേക്ക് നയിച്ചത്.

മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ വിക്കറ്റുകള്‍ വീഴുമ്പോള്‍ ഡ്രെസിങ് റൂമില്‍ ഏറെ ആഹ്‌ളാദം പ്രകടിപ്പിച്ച വ്യക്തിയാണ് കോച്ച് മിക്കി ആര്‍തര്‍. എന്നാല്‍ ചഹാര്‍-ഭുവി സഖ്യം നിലയുറപ്പിക്കുകയും ഇന്ത്യ ജയം ഉറപ്പിക്കുകയും ചെയ്തതോടെ അദ്ദേഹാം രോഷാകുലനാകുന്നത് പലതവണ ടെലിവിഷനില്‍ കാണിച്ചിരുന്നു.

മത്സരം പൂര്‍ത്തിയായ ശേഷം താരങ്ങളെ ഹസ്തദാനം ചെയ്യാനായി ഗ്രൗണ്ടില്‍ ഇറങ്ങി വന്നപ്പോഴാണ് ആര്‍തര്‍ തന്റെ രോഷം മുഴുവന്‍ ലങ്കന്‍ നായകന്‍ ഷനകയോടു പ്രകടിപ്പിച്ചത്. ഗ്രൗണ്ടിനു നടുവില്‍ ഏറെ നേരം ഇരുവരും വാക്കേറ്റം നടത്തുന്നതും ഒടുവില്‍ ആര്‍തര്‍ ക്ഷോഭിച്ചു ഗ്രൗണ്ട് വിട്ടുപോകുന്നതും വീഡിയോയില്‍ കാണാം.

സംഭവം ടെലിവിഷന്‍ ക്യാമറകള്‍ ഒപ്പിയെടുത്തതോടെ ഇത്തരം സംസാരങ്ങള്‍ ഡ്രെസിങ് റൂമിനകത്താണ് വേണ്ടതെന്നും ക്യാമറകള്‍ക്കു മുന്നിലല്ലെന്നും പറഞ്ഞ് ആര്‍തറിനെ വിമര്‍ശിച്ച് കമന്റേറ്ററും ലങ്കന്‍ മുന്‍ താരവുമായ റസന്‍ അര്‍നോള്‍ഡ് അടക്കമുള്ളവര്‍ രംഗത്തു വന്നലരുന്നു.

Covid 19 updates

Latest News