Top

അസലായി അസലങ്ക; ഡെത്ത് ഓവറുകളില്‍ റണ്‍സ് നേടി ലങ്ക, ഇന്ത്യക്ക് 276 റണ്‍സ് വിജയലക്ഷ്യം

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 276 റണ്‍സ് വിജയലക്ഷ്യം. കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് നേടി. അവസാന 10 ഓവറില്‍ നേടിയ 80 റണ്‍സാണ് അവര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അഞ്ചാമനായി ഇറങ്ങി അര്‍ധ സെഞ്ചുറി നേടിയ മധ്യനിര താരം ചരിത് അസലങ്കയുടെയും(68 പന്തില്‍ 65, ആറു ബൗണ്ടറികള്‍) ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോയുടെയും(71 […]

20 July 2021 8:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അസലായി അസലങ്ക; ഡെത്ത് ഓവറുകളില്‍ റണ്‍സ് നേടി ലങ്ക, ഇന്ത്യക്ക് 276 റണ്‍സ് വിജയലക്ഷ്യം
X

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 276 റണ്‍സ് വിജയലക്ഷ്യം. കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് നേടി. അവസാന 10 ഓവറില്‍ നേടിയ 80 റണ്‍സാണ് അവര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

അഞ്ചാമനായി ഇറങ്ങി അര്‍ധ സെഞ്ചുറി നേടിയ മധ്യനിര താരം ചരിത് അസലങ്കയുടെയും(68 പന്തില്‍ 65, ആറു ബൗണ്ടറികള്‍) ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോയുടെയും(71 പന്തില്‍ 50, നാലു ബൗണ്ടറി, ഒരു സിക്‌സര്‍) മികച്ച ബാറ്റിങ് പ്രകടനമാണ് അവരെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്. ഇവര്‍ക്കു പുറമേ 36 റണ്‍സ് നേടിയ മിനോദ് ഭാനുക, 32 റണ്‍സ് നേടിയ ധനഞ്ജയ ഡിസില്‍വ, 44 റണ്‍സ് നേടി പുറത്താകാതെ നിന്ന ചാമിക കരുണരത്‌നെ എന്നിവരും ലങ്കന്‍ ഇന്നിങ്‌സില്‍ തിളങ്ങി.

ഇന്ത്യക്കു വേണ്ടി മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ പേസര്‍ ഭുവനേശ്വര്‍ കുമാറും സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹാലുമാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ദീപക് ചഹാര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. എന്നാല്‍ ഡെത്ത് ഓവറുകളില്‍ റണ്ണൊഴുക്ക് തടയാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിയാതെ പോയത് വിനയായി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കയ്ക്ക് ഫെര്‍ണാണ്ടോയും മിനോദും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 13.2 ഓവറില്‍ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മികച്ച നിലയിലേക്ക് ഈ സഖ്യം ടീമിനെ എത്തിക്കുമെന്ന് തോന്നിച്ചിടത്ത് ചഹാലാണ് ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയത്.

അടുത്തടുത്ത പന്തുകളില്‍ മിനോദിനെയും ഭാനുക രാജപക്ഷയെയും(0) പുറത്താക്കിയ ചഹാല്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഫെര്‍ണാണ്ടോയും ധനഞ്ജയ ഡിസില്‍വയും ചേര്‍ന്നതോടെ ലങ്ക വീണ്ടും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 44 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്.

പക്ഷേ മധ്യ ഓവറുകളില്‍ മികച്ച ബൗളിങ് കാഴ്ചവച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ വീണ്ടും കളി തിരിച്ചുപിടിച്ചു. 10 റണ്‍സിന്റെ ഇടവേളയില്‍ ഇരു ബാറ്റ്‌സ്മാന്മാരെയും പവലിയനില്‍ എത്തിച്ചതോടെ ലങ്കന്‍ മധ്യനിര തകര്‍ന്നു. നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയതോടെ 40-ാം ഓവറില്‍ ആറിന് 195 റണ്‍സ് എന്ന നിലയിലായി അവര്‍.

പക്ഷേ ഇവിടെ നിന്ന് ഇന്ത്യ മികച്ച സ്‌കോറിലെത്താന്‍ ലങ്കയെ സഹായിക്കുകയായിരുന്നു. ഡെത്ത് ഓവറുകളില്‍ റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ അസലങ്ക-കരുണരത്‌നെ കൂട്ടുകെട്ടിനെ വളരാന്‍ അനുവദിച്ചു. ഏഴാം വിക്കറ്റില്‍ 49 റണ്‍സാണ് വെറും ഏഴോവറില്‍ ഇവര്‍ അടിച്ചു കൂട്ടിയത്.

47-ാം ഓവറിന്റെ ആദ്യ പന്തില്‍ അസലങ്ക പുറത്താകുമ്പോള്‍ ഏഴിന് 244 എന്ന നിലയിലായിരുന്നു അവര്‍. ശേഷിച്ച മൂന്നോവറില്‍ തകര്‍ത്തടിച്ച കരുണരത്‌നെ 31 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ലങ്കയെ മികച്ച സ്‌കോറില്‍ എത്തിക്കുകയായിരുന്നു. 33 പന്തില്‍ അഞ്ചു ബൗണ്ടറികളോടെയാണ് 44 റണ്‍സുമായി കരുണരത്‌നെ പുറത്താകാതെ നിന്നത്.

തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യന്‍ ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. കാല്‍മുട്ടിനേറ്റ പരുക്കിനെത്തുടര്‍ന്ന് ആദ്യ മത്സരത്തില്‍ നിന്നു സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. പകരക്കാരനായി ഇറങ്ങിയ ജാര്‍ഖണ്ഡ് യുവതാരം അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ചുറി നേടി മികച്ച ഫോം പ്രകടിപ്പിക്കുകയും ശചയ്തിരുന്നു.

സഞ്ജു പരുക്കില്‍ നിന്നു മുക്തനായിയെന്ന് രാവിലെ ബി.സി.സി.ഐ. വൃത്തങ്ങള്‍ സൂചന നല്‍കിയെങ്കിലും ആദ്യ മത്സരത്തില്‍ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയ ടീമില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. അതേസമയം ടീമില്‍ ഒരു മാറ്റവുമായാണ് ലങ്ക ഇന്നിറങ്ങിയത്. ഉസിരു ഉഡാനയ്ക്കു പകരം കസുന്‍ രജിത ടീമില്‍ ഇടം നേടി.

Next Story

Popular Stories