‘ഒരു പുതുമുഖത്തെ പോലെ ഓരോ ചുവടും മുന്നോട്ട് വെയ്ക്കുന്നു’; 2023 ലോകകപ്പില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത്

2023 ലോകകപ്പില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. കേരള ടീമില്‍ മികച്ച രീതിയില്‍ കളിക്കാനാകും എന്നും ശ്രീശാന്ത് പറഞ്ഞു. 7 വര്‍ഷത്തെ വിലക്കിന് ശേഷം കേരള താരങ്ങള്‍ക്കൊപ്പം ആലപ്പുഴയില്‍ പരിശീലനത്തിനെത്തിയതായിരുന്നു ശ്രീശാന്ത്. സയ്യിദ് മുഷ്താക്കലി ട്രോഫിയിലൂടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ച് വരവാണ് താരം ലക്ഷ്യം വെക്കുന്നത്.
7 വര്‍ഷങ്ങള്‍ക്ക് ശേഷം കളി കളിക്കളത്തിലേയ്ക്ക് മടങ്ങി എത്തിയതില്‍ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. വിലക്കുണ്ടായിരുന്ന സമയത്തും കഠിന പരിശീലനത്തിലായിരുന്നതിനാല്‍ ഫിറ്റ്നസ് പൂര്‍ണമായി നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. മികച്ച യുവനിരയ്ക്കൊപ്പം കളിക്കാന്‍ അവസരം നല്കിയ ടീമംഗങ്ങള്‍ക്കും ശ്രീശാന്ത് നന്ദി പറഞ്ഞു.
ഒരു പുതുമുഖത്തെ പോലെ ഓരോ ചുവടും മുന്നോട്ട് വെക്കുകയാണ്. ശ്രീശാന്ത് എന്ന വ്യക്തിയെ പരിഗണിക്കണം എന്ന് പറയില്ല. കളി മികവ് കൊണ്ട് ഐ പി എല്ലില്‍ ഇടം നേടണം. ഇന്നലെ ടീം പ്രഖാപിച്ചപ്പോള്‍ ഏറെ വൈകാരിക മുഹൂര്‍ത്തമായി തോന്നിയെന്നും യുവ താരങ്ങള്‍ക്കൊപ്പം കളിക്കുന്നത് ഏറെ ഊര്ജുമുള്ള കാര്യമാണെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.