Top

കേരളം ട്വന്റി ട്വന്റി മോഡല്‍ മാതൃകയാക്കണമെന്ന് ശ്രീനിവാസന്‍; ‘ജേക്കബ് തോമസും ഇ ശ്രീധരനും ഇതുവഴിയേ വരണമെന്ന് ആഗ്രഹം’

താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവേശിക്കുന്നത് അവര്‍ക്ക് പാര്‍ട്ടികളെക്കുറിച്ച് വേണ്ട തിരിച്ചറിവില്ലാത്തതിനാലാണെന്നും അവര്‍ക്കെല്ലാം നല്ല ബുദ്ധി തോന്നിക്കോളുമെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

8 March 2021 1:03 AM GMT

കേരളം ട്വന്റി ട്വന്റി മോഡല്‍ മാതൃകയാക്കണമെന്ന് ശ്രീനിവാസന്‍; ‘ജേക്കബ് തോമസും ഇ ശ്രീധരനും ഇതുവഴിയേ വരണമെന്ന് ആഗ്രഹം’
X

ട്വന്റി ട്വന്റിയ്ക്ക് വീണ്ടും പരസ്യമായി പിന്തുണ അറിയിച്ച് നടന്‍ ശ്രീനിവാസന്‍. കേരളം ട്വന്റി ട്വന്റി മോഡല്‍ മാതൃകയാക്കണമെന്നും കേരളമാകെ സജീവമായാല്‍ താന്‍ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വരുന്ന തെരഞ്ഞെടുപ്പില്‍ ശ്രീനിവാസന്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയാകുമെന്ന് മുന്‍പ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ ഊഹാപോഹങ്ങളെയെല്ലാം നിഷേധിച്ചുകൊണ്ടായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. ഇപ്പോള്‍ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും ഇന്ന് നടക്കുന്ന ട്വന്റി ട്വന്റി സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ജേക്കബ് തോമസും ഇ ശ്രീധരനും ട്വന്റി ട്വന്റയില്‍ എത്തിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുണ്ട്. ട്വന്റി ട്വന്റി ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എറണാകുളം ജില്ലയില്‍ മത്സരിക്കുകയാണ്. അതില്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ കേരളത്തില്‍ ആകെ സജീവമാകുമെന്നാണ് വിചാരിക്കുന്നത്. ആ ഘട്ടത്തില്‍ താന്‍ ട്വന്റി ട്വന്റിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ശ്രീനിവാസന്‍ വിശദീകരിച്ചു.

സിനിമാ താരങ്ങള്‍ ശരിയായ വഴിയിലെത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവേശിക്കുന്നത് അവര്‍ക്ക് പാര്‍ട്ടികളെക്കുറിച്ച് വേണ്ട തിരിച്ചറിവില്ലാത്തതിനാലാണെന്നും അവര്‍ക്കെല്ലാം നല്ല ബുദ്ധി തോന്നിക്കോളുമെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

മതനിരപേക്ഷത, നവോത്ഥാനം മുതലായ മൂല്യങ്ങളില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. ‘എല്ലാ സംഘടിത മതങ്ങളും അതിശക്തമായി തമ്മിലിടിക്കുന്നതാണോ മതനിരപേക്ഷത? നമ്മളൊന്നും പറയുന്നില്ല. നവോത്ഥാനത്തിന് നില്‍ക്കുകയാണെന്നും പറയുന്നില്ല. കാരണം എനിക്കറിയില്ല നവോത്ഥാനം എന്താണെന്ന്. ചവനപ്രാശം ലേഹ്യം പോലെ എന്തെങ്കിലും ഒരു സാധനമാണോ ഈ നവോത്ഥാനം?’ ശ്രീനിവാസന്‍ ചോദിച്ചു.

Next Story