
ഹൈദരാബാദ്: രാജ്യത്തിന്റെ കൊവിഡ് വാക്‌സിനേഷന്റെ ഭാഗമാകാന്‍ ഇനി റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക്കും. വാക്‌സിന്റെ ആദ്യ ബാച്ച് വഹിച്ചുകൊണ്ടുള്ള വിമാനം ഹൈദരാബാദില്‍ എത്തി. 97 ശതമാനം ഫലപ്രാപ്തിയുള്ള സ്ഫുട്‌നിക്ക് വാക്‌സിന്റെ ഒരു ലക്ഷത്തി അമ്പതിനായിരം ഡോസാണ് എത്തിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
അടിയന്തര ഉപയോഗത്തിനായി കഴിഞ്ഞ മാസമാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് സ്പുട്‌നിക് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയയത്. വില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകുന്നതനുസരിച്ച് 15നു മുന്‍പ് വാക്‌സിന്‍ കുത്തിവയ്പ് ആരംഭിക്കുമെന്നാണ് ഡോ. റെഡ്ഡീസ് അറിയിച്ചിരിക്കുന്നത്.
വരും ദിവസങ്ങളില്‍ രണ്ട് ലക്ഷം ഡോസുകള്‍ കൂടി ഇന്ത്യയിലെത്തിക്കുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ബാലവെങ്കടേഷ് വര്‍മ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ജൂണിനകം 50 ലക്ഷം ഡോസ് ലഭിക്കുമെന്നാണ് സൂചന.
വാക്‌സിന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാന്‍ സൗകര്യമൊരുക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ലോകത്ത് ഉല്‍പാദിപ്പിക്കുന്ന സ്പുട്‌നിക് വാക്‌സിന്റെ 70 ശതമാനത്തോളം ഇന്ത്യന്‍ കമ്പനികളില്‍ ഉല്‍പാദിപ്പിക്കാന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സാധിക്കുമെന്നാണു പ്രതീക്ഷ.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.
നിലവില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്‌സീനുകളാണു നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്നത്.