''ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറക്കുന്നത് പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ഞാന്‍ എന്തിന് അങ്ങനെ ചെയ്യണം''
"ഞാനെന്തിന് അത് ചെയ്യണം, അതും വെറും പത്ത് ലക്ഷം രൂപയ്ക്ക് വേണ്ടി, ഞാന്‍ വലിയ കാര്യമായി പറയുകയല്ല, അക്കാലത്ത് ഞാന്‍ പാര്‍ട്ടി നടത്തുന്നതിന്റെ ബില്ല് പോലും രണ്ട് ലക്ഷം രൂപയ്ക്കടുത്ത് വരുമായിരുന്നു''-
28 Sep 2021 11:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യന്‍ ക്രിക്കറ്റിനെയും ഐ.പി.എല്ലിനെയും പിടിച്ചുകുലുക്കിയ 2013-ലെ ഒത്തുകളി വിവാദത്തെക്കുറിച്ച് പ്രതികരിച്ച് മലയാളിയും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവുമായ എസ്. ശ്രീശാന്ത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു ക്ഷണം പ്രതീക്ഷിച്ചിരിക്കുന്ന സമയത്ത് വെറും 10 ല്ക്ഷം രൂപയ്ക്കു വേണ്ടി താന്‍ എന്ത് ഒത്തുകളിക്കണം എന്നു ശ്രീശാന്ത് ചോദിക്കുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ശ്രദ്ധേയ മലയാളി സാന്നിദ്ധ്യമായിരുന്നു ശ്രീശാന്ത്. രണ്ടു ലോകകപ്പ് വിജയങ്ങളില്‍ പങ്കുവഹിച്ച താരം. എന്നാല്‍ 2013 ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സിനായി കളിക്കുന്നതിനിടെ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതോടെ ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയര്‍ തന്നെ അസ്തമിക്കുകയായിരുന്നു.
വിവാദത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ ഏഴു വര്‍ഷത്തേക്കു ക്രിക്കറ്റില്‍ നിന്നു ബി.സി.സി.ഐ. വിലക്കിയിരുന്നു. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് ഈ വര്‍ഷമാദ്യം വിലക്ക് പിന്‍വലിച്ചതോടെ ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയെങ്കിലും ഐ.പി.എല്ലില്‍ പോലും കളിക്കാനായില്ല.
തന്റെ കരിയര്‍ തന്നെ ഇല്ലാതാക്കിയ ആ വിവാദത്തെക്കുറിച്ച് ശ്രീശാന്ത് ഇപ്പോള്‍ മനസുതുറക്കുകയാണ്. താന്‍ ഒരു തെറ്റും ചെയ്തില്ലന്നാണ് ശ്രീശാന്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്താന്‍ ശ്രമിക്കുന്നതിനിടെ താന്‍ എന്തിന് അങ്ങനെ ചെയ്യണമെന്നും ശ്രീശാന്ത് ചോദിച്ചു.
''ഞാന്‍ ആ വര്‍ഷത്തെ ഇറാനി ട്രോഫിയില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ആ വര്‍ഷം നടക്കാനിരുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഞാന്‍. ആ പര്യടനത്തിനുള്ള ടീമിലുള്‍പ്പെടാന്‍ എനിക് സാധ്യതയുണ്ടായിരുന്നു, ആ ഒരു സാഹചര്യത്തില്‍ ഞാനെന്തിന് അത് ചെയ്യണം, അതും വെറും പത്ത് ലക്ഷം രൂപയ്ക്ക് വേണ്ടി, ഞാന്‍ വലിയ കാര്യമായി പറയുകയല്ല, അക്കാലത്ത് ഞാന്‍ പാര്‍ട്ടി നടത്തുന്നതിന്റെ ബില്ല് പോലും രണ്ട് ലക്ഷം രൂപയ്ക്കടുത്ത് വരുമായിരുന്നു''- ശ്രീശാന്ത് പറഞ്ഞു.
''ഒരു ഓവറില്‍ 14 റണ്‍സോ മറ്റോ വിട്ടുകൊടുക്കണം എന്നായിരുന്നല്ലൊ അന്നത്തെ വിഷയം. ഞാന്‍ നാല് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് വഴങ്ങി. നോ ബോള്‍ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോള്‍ പോലുമില്ല. വെറും 10 ലക്ഷത്തിന് വേണ്ടി ഞാന്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത്''- ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.