Top

'അവന്‍ ടീം ഇന്ത്യയുടെ ഭാവിയാണ്'; യുവ സ്പിന്നറെ വാതോരാതെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ നായകന്‍

"ടീം ഇന്ത്യയില്‍ അവന്‍ നിര്‍ണായക സ്വാധീനമായി മാറും. എല്ലാ യുവതാരങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള പ്രകടനമാണ് വേണ്ടത്. എങ്കില്‍ ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത് എന്നും ശക്തിയോടെ നിലനില്‍ക്കും"

21 Sep 2021 11:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവന്‍ ടീം ഇന്ത്യയുടെ ഭാവിയാണ്; യുവ സ്പിന്നറെ വാതോരാതെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ നായകന്‍
X

ഐ.പി.എല്‍. ക്രിക്കറ്റില്‍ ഇന്നലെ അബുദബിയില്‍ തന്റെ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 92 റണ്‍സില്‍ ചുരുട്ടിക്കെട്ടാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സഹായിച്ച ഇന്ത്യന്‍ യുവ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ പുകഴ്ത്തി ആര്‍.സി.ബിയുടെയും ഇന്ത്യയുടെയും നായകന്‍ വിരാട് കോഹ്ലി.

നാലോവറില്‍ വെറും 13 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളാണ് വരുണ്‍ ഇന്നലെ നേടിയത്. ആര്‍.സി.ബി. താരങ്ങളായ ഗ്ലെന്‍ മാക്‌സ്വല്‍, സച്ചിന്‍ ബേബി, വനിന്ദു ഹസരങ്ക എന്നിവരാണ് വരുണിന് ഇരയായത്. ഇതിനു പുറമേ സ്വന്തം ബൗളിങ്ങില്‍ കൈല്‍ ജാമിസണെ റണ്ണൗട്ടാക്കുക കൂടി ചെയ്തതോടെ നാലു ആര്‍.സി.ബി. വിക്കറ്റുകള്‍ യുവതാരം പിഴുതു.

ഈ പ്രകടനമാണ് കോഹ്ലിയുടെ പ്രശംസയ്ക്കു പാത്രമായത്. ''വരുണിന്റേത് ലോകോത്തര നിലവാരമുള്ള പ്രകടനമായിരുന്നു. ഇതേ രീതിയില്‍ ഇന്ത്യക്കായി കളിക്കുന്നതാണ് ഞാന്‍ ഓര്‍ത്തത്. ടീം ഇന്ത്യയില്‍ അവന്‍ നിര്‍ണായക സ്വാധീനമായി മാറും. എല്ലാ യുവതാരങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള പ്രകടനമാണ് വേണ്ടത്. എങ്കില്‍ ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത് എന്നും ശക്തിയോടെ നിലനില്‍ക്കും. ഇന്ത്യക്കായി അടുത്തു തന്നെ വരുണ്‍ കളിക്കുമെന്നതില്‍ സംശയം ഇല്ല,''- മത്സരശേഷം കോഹ്ലി വ്യക്തമാക്കി.

ജൂലൈയില്‍ ശ്രീലങ്കക്കെതിരായി നടന്ന പരമ്പരയിലാണ് വരുണ്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറിയത്. ആദ്യ മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദമാച്ച് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു.ഇന്നലെ ബാംഗ്ലൂരിനെതിരായ പ്രകടനത്തിനു തന്നെ സഹായിച്ചത് ടീം ഇന്ത്യക്കായി കളിച്ചപ്പോള്‍ ലഭിച്ച പരിചയ സമ്പത്താണെന്നു മത്സരശേഷം വരുണും വ്യക്തമാക്കി. ''ബൗളിങ്ങിന് എത്തുമ്പോള്‍ ആദ്യം പിച്ചിനെ മനസിലാക്കുകയാണ് ചെയ്യുന്നത്. ഇന്നലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമായിരുന്നു, എന്നാല്‍ പവര്‍പ്ലേയില്‍ നന്നായി എറിയാന്‍ കഴിഞ്ഞത് ആത്മവിശ്വാസം നല്‍കി. എനിക്ക് ശേഷം വരുന്ന ബൗളര്‍മാര്‍ക്ക് സഹായകമാകുന്ന രീതിയില്‍ കളിയെ എത്തിക്കാനായിരുന്നു ശ്രമിച്ചത്. അതിനു സാധിച്ചു. ടീം ഇന്ത്യക്കൊപ്പം കളിച്ചപ്പോള്‍ ലഭിച്ച പരിചയസമ്പത്താണ് അതിനു തുണച്ചത്''- വരുണ്‍ പറഞ്ഞു.




Popular Stories

    Next Story