Top

ഹൃദ്യമാണ് ഈ മുഹൂര്‍ത്തങ്ങള്‍...

നിഷ്‌കളങ്കതയും വിനയവുമാണ് പല മെഡല്‍ ജേതാക്കളുടെയും മുഖമുദ്ര. അതു തുടരട്ടെ. ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ.

9 Aug 2021 7:52 AM GMT
സനിൽ പി തോമസ്

ഹൃദ്യമാണ് ഈ മുഹൂര്‍ത്തങ്ങള്‍...
X

ടോക്യോ ഒളിമ്പിക്‌സ് സമാപിച്ചു. പാരീസ് മൂന്നു വര്‍ഷം അകലെ. ഒളിമ്പിക് ദീപം അണഞ്ഞിട്ടും ചില നിമിഷങ്ങള്‍ മനസില്‍ നിന്നു മായുന്നില്ല. നീരജ് ചോപ്രയുടെ മീറ്റ് ദ് പ്രസില്‍ അഞ്ജു ബോബി ജോര്‍ജ് നീരജിനോട് മെഡല്‍ ഒന്നു കാണിക്കാന്‍ പറഞ്ഞ നിമിഷം.

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരത്തെ ഏറെ ആദരവോടെ, ഒളിമ്പിക്‌സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ ഇന്ത്യയുടെ ഒരേയൊരു മെഡല്‍ ജേതാവ് തങ്കപ്പതക്കം ഉയര്‍ത്തിക്കാട്ടിയ രംഗം എത്ര ഹൃദ്യമായിരുന്നു. എയര്‍പോര്‍ട്ടില്‍ നീരജിനെ സ്വീകരിക്കാന്‍ ഞങ്ങളൊക്കെയുണ്ടാകുമെന്ന് അഞ്ജു പറഞ്ഞപ്പോള്‍ ഇരുപത്തിമൂന്നുകാരന്റെ മുഖത്തെ ഭാവം ഒരു കൊച്ചു കുട്ടിയുടേതുപോലെ നിഷ്‌കളങ്കമായിരുന്നു.

ടോക്യോയില്‍ ഇന്ത്യക്കായി ആദ്യ മെഡല്‍ നേടിയ മീരാബായ് ചാനു മണിപ്പൂരില്‍ തന്റെ ഗ്രാമത്തിലെ നൂറിലേറെ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും നല്‍കി നന്ദി പ്രകാശിപ്പിച്ച ചടങ്ങ് അവിസ്മരണീയമാണ്. നഗരത്തില്‍ ദിവസവും വന്ന് പരിശീലനം നേടാന്‍ വാഹനമോ പണമോ ഇല്ലാതിരുന്ന ചാനുവിന് ഈ ട്രക്ക് ഡ്രൈവര്‍മാര്‍ ദിവസവും ഫ്രീ ലിഫ്റ്റ് നല്‍കുമായിരുന്നു.

ഓരോരുത്തരുടെയും അടുത്തുവന്ന് വണങ്ങിയാണ് ചാനു ഭക്ഷണം വിളമ്പിയത്. ഭാരോദ്വഹനത്തിലെ തന്റെ വെള്ളിമെഡല്‍ നേട്ടത്തിനു പിന്നില്‍ നാട്ടിലെ ട്രക്ക് ഡ്രൈവര്‍മാരുടെ സംഭാവന പോലും ചാനു നന്ദിപൂര്‍വം അനുസ്മരിച്ചു.

ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ വെങ്കല മെഡല്‍ പോരാട്ടം. കളി തീരാന്‍ ഏതാണ്ട് ആറു സെക്കന്‍ഡ് ബാക്കിനില്‍ക്കെ ജര്‍മനിയുടെ പെനാല്‍റ്റി കോര്‍ണര്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തുന്നു. വിജയമുറപ്പിച്ചതിന്റെ ആഹ്‌ളാദം ശ്രീജേഷ് പ്രകടിപ്പിക്കുമ്പോള്‍ ലക്ഷ്യം പിഴച്ച ജര്‍മന്‍ താരം ടര്‍ഫില്‍ വീണു കരയുന്നു.

ശ്രീജേഷിനെക്കുറിച്ചു പറയുമ്പോള്‍ ഏതാനും വര്‍ഷം പിന്നിലേക്കു പോകട്ടെ. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് വേളയില്‍ ഡല്‍ഹിയില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് ലേഖിക പറഞ്ഞു. 'ഹോക്കി മത്സരം കഴിയുമ്പോള്‍ ശ്രീജേഷിനെ കാണാന്‍ നില്‍ക്കണം; ഒന്നു സഹായിക്കണം'. കാരണം രസകരമായിരുന്നു.

'മലയാളി പത്രലേഖകര്‍ ആരെയെങ്കിലും കണ്ടാല്‍ ശ്രീജേഷ് പിന്നെ മലയാളമേ സംസാരിക്കൂ. ഹിന്ദിയിലോ ഇംഗ്ലീഷിലോ കൂടി സംസാരിക്കാന്‍ പറയണം'. ഈ ലേഖിക ഒരു കാര്യം കൂടി പറഞ്ഞു. 'ഹീ ഈസ് ഡൗണ്‍ ടു എര്‍ത്ത്, നോ ഡൗട്ട്'. അതാണ് ശ്രീജേഷ്, വിരല്‍ തുമ്പുവരെ വിനയം. നിഷ്‌കളങ്കതയും വിനയവുമാണ് പല മെഡല്‍ ജേതാക്കളുടെയും മുഖമുദ്ര. അതു തുടരട്ടെ. ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ.

Next Story

Popular Stories