Top

ഐ.പി.എല്ലിനു വീണ്ടും കോവിഡ് ഭീഷണി; സണ്‍റൈസേഴ്‌സിന്റെ ഇന്ത്യന്‍ താരം പോസിറ്റീവ്

ഇന്നു രാത്രി സണ്‍റൈസേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം നടക്കാനിരിക്കെയാണ് ടീം ക്യാമ്പില്‍ നിന്നു കോവിഡ് വാര്‍ത്ത പുറത്തുവരുന്നത്. അതേസമയം മത്സരം നിശ്ചയിച്ച സമയത്തു തന്നെ നടക്കുമെന്ന് ഐ.പി.എല്‍. വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

22 Sep 2021 10:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐ.പി.എല്ലിനു വീണ്ടും കോവിഡ് ഭീഷണി; സണ്‍റൈസേഴ്‌സിന്റെ ഇന്ത്യന്‍ താരം പോസിറ്റീവ്
X

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിനു വീണ്ടും കോവിഡ് ഭീഷണി. മഹാവ്യാധിയുടെ പടര്‍ന്നുപിടിക്കലിനേത്തുടര്‍ന്നു നിര്‍ത്തിവച്ച ശേഷം യു.എ.ഇ. മണ്ണില്‍ പുനരാരംഭിച്ച 2021 ഐ.പി.എല്ലിന്റെ രണ്ടാം പാദത്തിലും കോവിഡ് വ്യാപനം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ടീം ക്യാമ്പിലാണ് കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നു നടത്തിയ ആര്‍.ടി. - പി.സി.ആര്‍. പരിശോധനയില്‍ സണ്‍റൈസേഴ്‌സിന്റെ ഇന്ത്യന്‍ പേസര്‍ ടി. നടരാജനാണ് കോവിഡ് പോസിറ്റീവ് ആയത്. ഐ.പി.എല്‍. അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നു രാത്രി സണ്‍റൈസേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം നടക്കാനിരിക്കെയാണ് ടീം ക്യാമ്പില്‍ നിന്നു കോവിഡ് വാര്‍ത്ത പുറത്തുവരുന്നത്. അതേസമയം മത്സരം നിശ്ചയിച്ച സമയത്തു തന്നെ നടക്കുമെന്ന് ഐ.പി.എല്‍. വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതു എത്രകണ്ട് നടപ്പാകുമെന്നു വരുംമണിക്കൂറുകളിലേ അറിയാനാകൂ.

നടരാജന്റെ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്നും താരത്തെ ഐസൊലേഷനിലേക്കു മാറ്റിയെന്നും സണ്‍റൈസേഴ്‌സ് ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. ഇന്ത്യന്‍ താരം വിജയ് ശങ്കര്‍ ഉള്‍പ്പടെ സണ്‍റൈസേഴ്‌സ് ക്യാമ്പിലെ ആറുപേരാണ് നടരാജനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത്. ഇവരെയും ഐസൊലേഷനിലേക്കു മാറ്റിയെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി.

ടീം മാനേജര്‍ വിജയ് കുമാര്‍, ഫിസിയോതെറാപ്പിസ്റ്റ് ശ്യാം സുന്ദര്‍, ടീം ഡോക്ടര്‍ അഞ്ജന വന്നന്‍, ലോജിസ്റ്റിക്‌സ് മാനേജര്‍ തുഷാര്‍ ഖേദ്കര്‍, നെറ്റ്‌സ് ബൗളര്‍ പെരിയസ്വാമി ഗണേഷന്‍ എന്നിവരാണ് നടരാജനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ മറ്റുള്ളവര്‍. ടീം ക്യാമ്പിലെ മറ്റുള്ളവരെല്ലാം ഇന്നു നടത്തിയ പരിശോധനയില്‍ നെഗറ്റീവ് ആണെന്നും സണ്‍റൈസേഴ്‌സ് വൃത്തങ്ങള്‍ അറിയിച്ചു.

നടരാജന് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമിലെ വിദേശതാരങ്ങള്‍ കളിക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്നതായാണ് വിവരം. താരം കഴിഞ്ഞ ഏതാനും ദിവസമായി മറ്റു ടീമംഗങ്ങള്‍ക്കൊപ്പം പരിശീലനം നടത്തിവരികയായിരുന്നു. ഈ സാഹചര്യത്തില്‍ കളിക്കാനിറങ്ങുന്നത് വന്‍ സുരക്ഷാ വീഴ്ചയ്ക്കു വഴിവയ്ക്കുമെന്നാണ് ചില താരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ കളിക്കാന്‍ ഡല്‍ഹി താരങ്ങള്‍ക്കും വിമുഖതയുണ്ടെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍.

Popular Stories

    Next Story