Top

പവര്‍ഹിറ്റില്ലാതെ പവര്‍പ്ലേ; കോവിഡ് ഭീതിക്കിടയില്‍ 'പതിഞ്ഞ താളത്തില്‍' സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

22 Sep 2021 2:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പവര്‍ഹിറ്റില്ലാതെ പവര്‍പ്ലേ; കോവിഡ് ഭീതിക്കിടയില്‍ പതിഞ്ഞ താളത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
X

ടീം ക്യാമ്പില്‍ കോവിഡ് പടര്‍ന്ന ആശങ്കകള്‍ക്കിടയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം പാദത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് പതിഞ്ഞ തുടക്കം. ദുബായിയില്‍ നടക്കുന്ന മത്സരം എട്ടോവര്‍ പിന്നിടുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സ് എന്ന നിലയില്‍ പതറുകയാണ് അവര്‍.

സണ്‍റൈസേഴ്‌സിന്റെ ഇന്ത്യന്‍ പേസര്‍ ടി. നടരാജന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ ഏറെ ആശങ്കകള്‍ക്കിടയിലാണ് ഇന്നു മത്സരം നടത്താന്‍ തീരുമാനമായത്. ആര്‍.ടി. - പി.സി.ആര്‍. പരിശോധനയില്‍ ടീമിലെ മറ്റുതാരങ്ങളും സ്റ്റഫാംഗങ്ങളും സുരക്ഷിതരാണെന്നു ബോധ്യപ്പെട്ടതോടെയാണ് മത്സരത്തിന് ബി.സി.സി.ഐ. അനുമതി നല്‍കിയത്.

തുടര്‍ന്ന് ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മോശം തുടക്കമാണ് അവരെ കാത്തിരുന്നത്. ഐ.പി.എല്ലിന്റെ ആദ്യപാദത്തില്‍ ഇന്ത്യയില്‍ മോശം പ്രകടനം കാഴ്ചവച്ച ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ യു.എ.ഇയിലും ഫോം വീണ്ടെടുക്കാതെ വന്നതോടെ സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പേ വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് അവര്‍ തുടങ്ങിയത്.

നേരിട്ട മൂന്നാം പന്തില്‍ തന്നെ പൂജ്യനായി വാര്‍ണര്‍ ആന്റ്‌റിച്ച് നോര്‍ട്ടെയ്ക്കു വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 17 പന്തില്‍ 18 റണ്‍സുമായി ഭേദപ്പെട്ട തുടക്കം നേടിയ വൃദ്ധിമാന്‍ സാഹയുടെ ഊഴമായിരുന്നു അടുത്ത്. അഞ്ചാം ഓവറിന്റെ അവസാന പന്തില്‍ സാഹ കാഗിസോ റബാഡയ്ക്കു വിക്കറ്റ് സമ്മാനിക്കുമ്പോള്‍ രണ്ടിന് 29 എന്ന നിലയിലായിരുന്നു അവര്‍. പിന്നീട് നായകന്‍ കെയ്ന്‍ വില്യംസണും മധ്യനിര താരം മനീഷ് പാണ്ഡെയും ചേര്‍ന്ന് ഇന്നിങ്‌സ് കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ്്. വില്യംസണ്‍ 17 പന്തില്‍ നിന്ന് ഒമ്പതു റണ്‍സും പാണ്ഡെ 11 പന്തില്‍ നിന്ന് 10 റണ്‍സും നേടിയിട്ടുണ്ട്.

അതേസമയം ഇന്നു നടത്തിയ ആര്‍.ടി. - പി.സി.ആര്‍. പരിശോധനയില്‍ സണ്‍റൈസേഴ്‌സിന്റെ ഇന്ത്യന്‍ പേസര്‍ ടി. നടരാജനു കോവിഡ് സ്ഥിരീകരിച്ചത്. നടരാജന്റെ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്നും താരത്തെ ഐസൊലേഷനിലേക്കു മാറ്റിയെന്നും സണ്‍റൈസേഴ്‌സ് ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.

ഇന്ത്യന്‍ താരം വിജയ് ശങ്കര്‍ ഉള്‍പ്പടെ സണ്‍റൈസേഴ്‌സ് ക്യാമ്പിലെ ആറുപേരാണ് നടരാജനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത്. ഇവരെയും ഐസൊലേഷനിലേക്കു മാറ്റിയെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി. ടീം മാനേജര്‍ വിജയ് കുമാര്‍, ഫിസിയോതെറാപ്പിസ്റ്റ് ശ്യാം സുന്ദര്‍, ടീം ഡോക്ടര്‍ അഞ്ജന വന്നന്‍, ലോജിസ്റ്റിക്‌സ് മാനേജര്‍ തുഷാര്‍ ഖേദ്കര്‍, നെറ്റ്‌സ് ബൗളര്‍ പെരിയസ്വാമി ഗണേഷന്‍ എന്നിവരാണ് നടരാജനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ മറ്റുള്ളവര്‍.

Popular Stories

    Next Story