''സിറ്റിയില്‍ റൊണാള്‍ഡോയെ ചിന്തിക്കാനാകില്ല, കളിച്ചത് ഞാന്‍ തന്നെ''; സി.ആറിന്റെ തിരിച്ചുവരവിനു പിന്നില്‍ താനെന്നു ഫെര്ഗൂസന്
''എനിക്ക് സിറ്റി ജഴ്സിയില്‍ റൊണാള്‍ഡോയെ സങ്കല്പ്പിക്കാനാകില്ലായിരുന്നു. അത്തരമൊരു വാര്‍ത്ത കേട്ടപ്പോള്‍ തന്നെ ഞാന്‍ അവനെ ഫോണില്‍ വിളിച്ചു സംസാരിച്ചു. യുണൈറ്റഡിലേക്കു തിരിച്ചുവരൂ എന്നു മാത്രമേ പറഞ്ഞുള്ളൂ. ഉടന്‍ തന്നെ അവന് സമ്മതം മൂളി''- ഫെര്ഗൂസന് പറഞ്ഞു.
12 Sep 2021 6:12 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പഴയകളിമുറ്റമായ ഓള്‍ഡ്ട്രാഫോര്‍ഡിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് പോര്‍ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തന്നെ താനാക്കി മാറ്റിയ ടീമിനൊപ്പം അതേ ഗ്രൗണ്ടില്‍ അതേ ചുവന്ന ജഴ്സിയണിഞ്ഞ്ു 12 വര്‍ഷത്തിനു ശേഷം ഇറങ്ങിയ വൈകാരിക മത്സരത്തില്‍ ഇരട്ടഗോളുകളുമായാണ് റൊണാള്‍ഡോ യുണൈറ്റഡിന്റെ പ്രതീക്ഷകള്‍ ചുമലിലേറ്റാന്‍ ഇനി താനുണ്ടാകുമെന്നു പ്രഖ്യാപിച്ചത്.
മത്സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തങ്ങളുടെ ടീം ജയിക്കുന്നത് കണ്ട് ആര്‍ത്തിരമ്പിയ അരലക്ഷത്തോളം കാണികളുടെ ആവേശവും ആര്‍പ്പുവിളികളും നിറഞ്ഞ ചിരിയോടെ കണ്ടാസ്വാദിച്ച് അപ്പോള്‍ ആ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു സാക്ഷാല്‍ സര് അലക്സ് ഫെര്ഗൂസന്. ക്രിസ്റ്റിയാനോയെന്ന 17-കാരന് പയ്യനെ ഇന്നത്തെ സി.ആര്. 7 ആക്കി മാറ്റിയ മാന്ത്രികനായ ഫുട്ബോള്‍ പരിശീലകന്!!!
2001-ല്‍ പോര്‍ചുഗല്‍ ക്ലബ് സ്പോര്‍ട്ടിങ്ങിന്റെ ഹോം സ്റ്റേഡിയം ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദര്‍ശനമത്സരം കളിക്കാനാണ് ഫെര്‍ഗൂസനും യുണൈറ്റഡും പോര്‍ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ എത്തിയത്. തന്റെ ടീമിനെതിരേ 3-1 എന്ന സ്കോറില്‍ സ്പോര്‍ട്ടിങ് ജയിച്ചപ്പോഴും ചുണ്ടില്‍ നിറഞ്ഞ ചിരിയായിരുന്നു ഫെര്ഗൂസന്. കാരണം ആ 90 മിനിറ്റുകള്‍ക്കിടയില്‍ അദ്ദേഹം കണ്ടത് ഭാവിയില്‍ ഫുട്ബോളിനെ അടക്കിഭരിക്കാന്‍ പോന്നൊരു താരത്തിന്റെ മിന്നിലാട്ടമാണ്. സ്പോര്‍ട്ടിങ്ങിനായി ആക്രമണം നയിച്ച ആ 17-കാരനെ യുണൈറ്റഡിനു വേണമെന്നു തീരുമാനിക്കാന്‍ ഫെര്ഗൂസന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ തൊട്ടടുത്ത വര്‍ഷം ഇതിഹാസ താരങ്ങള്‍ അണിഞ്ഞ യുണൈറ്റഡിന്റെ ഏഴാം നമ്പര്‍ കുപ്പായത്തില്‍ ആദ്യമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇറങ്ങി. പിന്നീട് എല്ലാം ചരിത്രം.
ആറൃു സീസണുകള്‍ക്കു ശേഷം യുണൈറ്റഡിനോടു വിടപറഞ്ഞ റൊണാള്‍ഡോ ഇപ്പോള്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷം അതേമുറ്റത്തേക്കു തിരിച്ചെത്തിയിരിക്കുകയാണ്. ഇന്നലെ ആ തിരിച്ചുവരവിന്റെ ആഘോഷരാവായിരുന്നു. യുണൈറ്റഡ് തകര്‍പ്പന്‍ ജയം നേടിയ മത്സരത്തിനു ശേഷം ഫെര്ഗൂസന് ആദ്യമായി പ്രതികരിച്ചു, യുണൈറ്റഡിലേക്കു റൊണാള്‍ഡോയെ തിരികെ എത്തിച്ചത് തന്റെ തന്ത്രം തന്നെയെന്ന്!
സീസണിന്റെ തുടക്കത്തില്‍ ക്രിസ്റ്റിയാനോ യുണൈറ്റഡിന്റെ പരമ്പരാഗത വൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കു ചേക്കേറുമെന്നായിരുന്നു അഭ്യൂഹങ്ങള്‍ പരന്നത്. സിറ്റി റൊണാള്‍ഡോയുടെ ഏജന്റുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് തൊട്ടടുത്ത ദിവസം റൊണാള്‍ഡോ യുണൈറ്റഡുമായി കരാര്‍ ഒപ്പിട്ടെന്ന വാര്‍ത്തയാണ് പുറത്തുവന്നത്.
ആ ഒരു തീരുമാനത്തിനു പിന്നില്‍ താനായിരുന്നുവെന്നാണ് ഇപ്പോള്‍ ഫെര്ഗൂസന് വ്യക്തമാക്കുന്നത്. ''എനിക്ക് സിറ്റി ജഴ്സിയില്‍ റൊണാള്‍ഡോയെ സങ്കല്പ്പിക്കാനാകില്ലായിരുന്നു. അത്തരമൊരു വാര്‍ത്ത കേട്ടപ്പോള്‍ തന്നെ ഞാന്‍ അവനെ ഫോണില്‍ വിളിച്ചു സംസാരിച്ചു. യുണൈറ്റഡിലേക്കു തിരിച്ചുവരൂ എന്നു മാത്രമേ പറഞ്ഞുള്ളൂ. ഉടന്‍ തന്നെ അവന് സമ്മതം മൂളി''- ഫെര്ഗൂസന് പറഞ്ഞു. ''ക്രിസ്റ്റിയാനോയ്ക്കു യുണൈറ്റഡിലേക്കു തിരിച്ചുവരാന്‍ താല്പര്യമുണ്ടായിരുന്നു. അവനെ തിരിച്ചുകൊണ്ടുവരാന്‍ ഒരുപാടു പേര് പ്രയത്നിച്ചിട്ടുണ്ട്. ഞാന്‍ ചെറിയ റോള്‍ ചെയ്തു എന്നുമാത്രം. എനിക്കറിയാമായിരുന്നു അവന് എന്റെ വാക്കു തള്ളിക്കളയില്ലയെന്ന്''- ഫെര്ഗൂസന് കൂട്ടിച്ചേര്‍ത്തു.