Top

അതൊരു വലിയ സ്വപ്‌നമായിരുന്നു, പൊലിഞ്ഞാല്‍ സങ്കടമില്ലാതെ വരുമോ?; തുറന്നു പറഞ്ഞു സഞ്ജു സാംസണ്‍

" ടീം തിരഞ്ഞെടുപ്പ് ഒരിക്കലും താരങ്ങളുടെ കൈകളിലല്ല. അതിനാല്‍ത്തന്നെ എന്താണോ നിങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യം അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്.ചിന്തകളില്‍ പക്വത കണ്ടെത്താന്‍ താരമെന്ന നിലയില്‍ സാധിക്കണം"

20 Sep 2021 2:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അതൊരു വലിയ സ്വപ്‌നമായിരുന്നു, പൊലിഞ്ഞാല്‍ സങ്കടമില്ലാതെ വരുമോ?; തുറന്നു പറഞ്ഞു സഞ്ജു സാംസണ്‍
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥാനം ലഭിക്കാതെ പോയതില്‍ ഉള്ളുനിറയേ സങ്കടമുണ്ടെന്നു തുറന്നുപറഞ്ഞു മലയാളി താരം സഞ്ജു സാംസണ്‍. ടീം ഇന്ത്യയുടെ തെരഞ്ഞെടുപ്പിനു ശേഷം ഇതാദ്യമായാണ് സഞ്ജു ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദ മത്സരത്തിലെ രാജസ്ഥാന്‍ റോയല്‍സ് നാളെ പഞ്ചാബ് കിങ്‌സിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ഇതിനിടയിലാണ് ടീം ഇന്ത്യയില്‍ ഇടം കിട്ടാത്തതില്‍ നിരാശ പ്രകടിപ്പിച്ചു രാജസ്ഥാന്‍ നായകന്‍ കൂടിയായ സഞ്ജു രംഗത്തു വന്നത്.

''ഇന്ത്യയുടെ ടി20 ലോകകപ്പിനായുള്ള ടീം തെരഞ്ഞെടുപ്പ് കഴിഞ്ഞു. അതിനാല്‍ത്തന്നെ എന്റെ പൂര്‍ണ്ണ ശ്രദ്ധ ഇപ്പോള്‍ ഐ.പി.എല്ലിലാണ്. ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടാതെ പോയതില്‍ കടുത്ത നിരാശയുണ്ട്. ഇന്ത്യന്‍ ടീമില്‍ കളിക്കുകയെന്നതും ലോകകപ്പ് ടീമിന്റെ ഭാഗമാവുകയെന്നതും ഏത് താരത്തിന്റെയും സ്വപ്‌നമാണ്. ടീം തിരഞ്ഞെടുപ്പ് ഒരിക്കലും താരങ്ങളുടെ കൈകളിലല്ല. അതിനാല്‍ത്തന്നെ എന്താണോ നിങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യം അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്.ചിന്തകളില്‍ പക്വത കണ്ടെത്താന്‍ താരമെന്ന നിലയില്‍ സാധിക്കണം''-സഞ്ജു പറഞ്ഞു.

ഐ.പി.എല്ലിനിടെ ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് നേരത്തെ സഞ്ജു വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇന്നലെ ഇക്കാര്യത്തില്‍ ആദ്യമായി താരം അഭിപ്രായം തുറന്നു പറയുകയായിരുന്നു.

''ഐ.പി.എല്ലിനിടെ ദേശീയ ടീം സെലക്ഷനെക്കുറിച്ച് പലരും സംസാരിക്കാറുണ്ട്. എന്നാല്‍ ഒരു പ്രധാന ടൂര്‍ണമെന്റിനിടെ അത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ശരിയല്ലെന്നാണ് എന്റെ നലപാട്. ഐ.പി.എല്ലില്‍ മാത്രമാണ് ഇപ്പോള്‍ എന്റെ ശ്രദ്ധ. അതിനാല്‍ ഇപ്പോള്‍ ടീം തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല'' -എന്നായിരുന്നു സഞ്ജു നേരത്തെ പറഞ്ഞത്.

ദേശീയ ടീമില്‍ ഇടംലഭിക്കാതെ പോയത് വലിയ കാര്യമല്ലെന്നും അവസരങ്ങള്‍ ഇനിയും വരുമെന്നും ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാല്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ എത്താന്‍ കഴിയുമെന്നും സഞ്ജു പറഞ്ഞു. ''ടീം സെലക്ഷനില്‍ എനിക്ക് ആശങ്കകള്‍ ഒന്നുമല്ല. അവസരങ്ങള്‍ ഇനിയും വരും. ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത് തിരിച്ചെത്താന്‍ തന്നെയാണ് എന്റെ ശ്രമം'' സഞ്ജു പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ നിരവധി തവണ അവസരം ലഭിച്ച താരമാണ് സഞ്ജു. എന്നാല്‍ ലഭിച്ച അവസരങ്ങളില്‍ ഒന്നുപോലും മുതലാക്കാന്‍ മലയാളി താരത്തിനായിരുന്നു. അടുത്തിടെ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യയുടെ യുവനിരയിലും സഞ്ജുവിന് അവസരം നല്‍കി. എന്നാല്‍ താരം ലങ്കന്‍ മണ്ണില്‍ അമ്പേ നിരാശപ്പെടുത്തി. ഇതോടെയാണ് ടീം ഇന്ത്യയില്‍ നിന്നു പുറത്തായത്.




Popular Stories

    Next Story