തിരുമ്പി വന്തിട്ടേന്നു സൊല്ല്!!! ക്രിസ്റ്റ്യാനോ ഈസ് ബാക്ക്, ഓള്‍ഡ്ട്രാഫോര്‍ഡില്‍ ഇരട്ടഗോളുകളുമായി തിരിച്ചുവരവ് ആഘോഷം
11 Sep 2021 4:31 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇതാണ് തിരിച്ചുവരവ്... ഇതാവണം ഡാ തിരിച്ചുവരവ്... മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആരാധകരും കണ്ട സ്വപ്നങ്ങള്‍ യഥാര്ഥ്യമായിരിക്കുന്നു. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അവരുടെ രക്ഷകന് അവതരിച്ചിരിക്കുന്നു. പഴയ കളിമുറ്റത്തേക്കുള്ള തിരിച്ചുവരവ് റൊണാള്‍ഡോയും യുണൈറ്റഡും ആഘോഷമാക്കിയപ്പോള്‍ ന്യൂകാസില്‍ എന്ന കുഞ്ഞന്‍ ടീമിന് റോള്‍ ഒന്നുമുണ്ടായില്ല.
4-1 എന്ന സ്കോറില്‍ 'പുതുക്കോട്ട'ക്കാര് തവിടുപൊടിയായപ്പോള്‍ ഇരട്ടഗോളുകളുമായി അവന് നിറഞ്ഞു നിന്നു... ആരാധകരുടെ പ്രിയപ്പെട്ട സി.ആര്. 7. തന്നെ താനാക്കിയ ക്ലബ് ഏറെ പ്രതിസന്ധിയില്‍ ഉഴലുന്ന സമയത്ത് കൈത്താങ്ങാകാന്‍ താനുണ്ടെന്ന് രണ്ടാം വരവിലെ ആദ്യ മത്സരത്തില്‍ തന്നെ അടിവരയിട്ടു വ്യക്തമാക്കിയ വീരന്. റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളുടെ ബലത്തില്‍ നേടിയ ഇന്നത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗ് ടേബിളില്‍ ഒന്നാമതും എത്തി.
തീര്‍ത്തും ഡിഫന്‍സില്‍ ഊന്നിയാണ് ന്യൂകാസില്‍ ഇന്ന് മത്സരം ആരംഭിച്ചത്. അതുകൊണ്ട് തന്നെ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ യുണൈറ്റഡ് തുടക്കത്തില്‍ പ്രയാസപ്പെട്ടു. യുണൈറ്റഡിനായി ക്രിസ്റ്റിയാനോ-ബ്രൂണോ ഫെര്‍ണാണ്ടസ് സഖ്യമാണ് ന്യൂകാസില്‍ ഗോള്‍മുഖം നിരന്തരം ആക്രമിച്ചത്. ബ്രൂണോ മൈതാനത്തിന്റെ പകുതിക്ക് വെച്ച് എടുത്ത ഒരു ഷോട്ടായിരുന്നു യുണൈറ്റഡിന്റെ ആദ്യത്തെ മികച്ച അവസരം. ഗോള്‍ കീപ്പറെ ആ ഷോട്ട് ഒന്ന് ഞെട്ടിച്ചു എങ്കിലും ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.
ആദ്യ പകുതിയുടെ അവസാന നിമിഷം ആണ് എവരും കാത്തിരുന്ന റൊണാള്‍ഡോയുടെ ഗോള്‍ എത്തിയത്. വലതു വിങ്ങില്‍ നിന്ന് ഗ്രീന്‍വുഡ് തൊടുത്ത ഷോട്ട് കൈപ്പിടിയില്‍ ഒതുക്കുന്നതില്‍ ന്യൂകാസില്‍ കീപ്പര്‍ വുഡ്മാന് പരാജയപ്പെട്ടപ്പോള്‍ പന്ത് എത്തിയത് ക്രിസ്റ്റിയാനോയുടെ ബൂട്ടില്‍. ഒഴിഞ്ഞു കിടക്കുന്ന വലയിലേക്ക് പന്ത് തട്ടിയിടുക മാത്രമേ പോര്‍ചുഗല്‍ ഇതിഹാസത്ത് ഒൊയ്യാനുണ്ടായിരുന്നുള്ളു.
ഇടവേളയില്‍ ആ ഗോളിന് യുണൈറ്റഡ് മുന്നില്‍. രണ്ടാം പതിഞ്ഞ തുടക്കമായിരുന്നു യുണൈറ്റഡിന്റേത്. എന്നാല്‍ ആളിക്കത്താനുള്ള സമയമായിരുന്നു അവര്‍ എടുത്തത്. പക്ഷേ അതിനിടെ ന്യൂകാസില്‍ പ്രഹരിച്ചു. 56-ാം മിനുട്ടില്‍ ന്യൂകാസിലിന്റെ തുറുപ്പ് ചീട്ട് അലക്സ് സെയ്ന്റ് മാക്സിമിന് നടത്തിയ കുതിപ്പിനൊടുവില്‍ ഹാവിയര്‍ മാന്ക്വിലോ അവരെ ഒപ്പമെത്തിച്ചു. പക്ഷേ വെറും ആറു മിനിറ്റു മാത്രമേ ആ ആശ്വാസം നിലനിന്നുള്ളു. റൊണാള്‍ഡോ ഒപ്പമുണ്ടെന്ന് അറിയാവുന്ന യുണൈറ്റഡ് ആശങ്കയില്ലാതെ തന്നെ കളിച്ചു.
62-ാം മിനിറ്റില്‍ അതിന്റെ പ്രതിഫലവും കിട്ടി. ലൂക് ഷോ നടത്തിയ മികച്ച റണ്ണിന് ഒടുവില്‍ പന്ത് റൊണാള്‍ഡോക്ക്. ബോക്സിലേക്ക് കുതിച്ചു കയറി ഇടംകാല് കൊണ്ടൊരു ഷോട്ട്. വുഡ്മാന് കണ്ടു നില്ക്കാനെ കഴിഞ്ഞുള്ളു. സ്കോര്‍ 2-1. 67-ാം മിനുട്ടില്‍ ന്യൂകാസില്‍ വീണ്ടും സമനിലക്ക് അടുത്ത് എത്തി. ഇത്തവണ ജോലിങ്ടന്റെ ഷോട്ട് ഡി ഹിയ കരുത്തുറ്റ കൈകളോടെ സേവ് ചെയ്തു.
റൊണാള്‍ഡോയുടെ തിരിച്ചുവരവില്‍ ഏവരും തല്ക്കാലം മറന്ന ബ്രൂണോയുടെ ഷോ ആയിരുന്നു അടുത്തത്. 80-ാം മിനുട്ടില്‍ പോഗ്ബയുടെ പാസ് സ്വീകരിച്ച് പെനാള്‍ട്ടി ബോക്സിന് പുറത്ത് നിന്ന് ഗംഭീര സ്ട്രൈക്കിലൂടെ ബ്രൂണോ യുണൈറ്റഡിന്റെ മൂന്നാം ഗോള്‍ നേടി. എന്നിട്ടും യുണൈറ്റഡ് നിര്‍ത്തിയില്ല. ഇഞ്ചുറി ടൈമില്‍ ലിംഗാര്‍ഡിലൂടെ യുണൈറ്റഡ് നാലാം ഗോളും നേടി പട്ടിക തികച്ചു. ഇത്തവണയും പോഗ്ബയാണ് ഗോളിന് വഴിയൊരുക്കിയത്.