Top

ആ അധ്യായം ഇവിടെ അവസാനിക്കുന്നു

ഇന്ത്യ ഒളിമ്പിക് ഫുട്‌ബോള്‍ കളിച്ചപ്പോഴൊക്കെ, മലയാളി സാന്നിധ്യം ഉറപ്പിച്ചിരുന്നു. അതില്‍ അവസാനയാളും ഇന്നലെ വിടവാങ്ങിയപ്പോള്‍ കേരള ഫുട്‌ബോളില്‍ ഒരു അധ്യായം അവസാനിക്കുന്നു. തിളക്കമേറിയ ഒളിമ്പിക് അധ്യായം.

25 Aug 2021 7:11 AM GMT
സനിൽ പി തോമസ്

ആ അധ്യായം ഇവിടെ അവസാനിക്കുന്നു
X

'കോ'ന്‍ ബനേഗ കരോര്‍പതി 'എന്ന ടിവി ക്വിസ് പരിപാടിയില്‍ 50 ലക്ഷം രൂപ സമ്മാനം ഉറപ്പാക്കിയ രമേശ് ദുബേയോട് അമിതാഭ് ബച്ചന്റെ അവസാന ചോദ്യം ഇതായിരുന്നു. 'ഒളിംപിക് ഫുട്‌ബോളില്‍ ഹാട്രിക് നേടിയ ഇന്ത്യക്കാരന്‍ ആരാണ്?'

നാല് ഉത്തരങ്ങള്‍ കംപ്യൂട്ടറില്‍ തെളിഞ്ഞു. അതില്‍ ആദ്യത്തേതായിരുന്നു ശരിയുത്തരം. നെവില്‍ ഡിസൂസ. പക്ഷേ, തെറ്റിയാല്‍ അതുവരെ നേടിയ 50 ലക്ഷം നഷ്ടപ്പെടും. ദുബേ പിന്‍വാങ്ങി. 2000ത്തിലാണു സംഭവം. അന്നാണ് ഇന്ത്യയ്ക്ക് മഹത്തായൊരു ഫുട്‌ബോള്‍ പാരമ്പര്യമുണ്ടെന്ന് പലരും അറിയുന്നത്.

ആ പാരമ്പര്യത്തിന്റെ കണ്ണിയായ മലയാളി ഒളിമ്പ്യന്‍മാരില്‍ അവസാനയാളും ഇന്നലെ യാത്രയായി. 1960-ലെ റോം ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ കളിച്ച ഒ. ചന്ദ്രശേഖരന്‍ ആണ് ഇന്നലെ വിടപറഞ്ഞത്.

എതാനും ആഴ്ചകള്‍ക്കിടയില്‍ മൂന്ന് ഫുട്‌ബോള്‍ ഒളിംപ്യന്‍മാര്‍ അന്തരിച്ചു. രണ്ട് ഒളിമ്പിക്‌സില്‍ പങ്കെടുത്ത മലയാളി എസ്.എസ് നാരായണന്‍, ഹൈദരാബാദിന്റെ എസ്.എസ്. ഹക്കിം. ഇപ്പോള്‍ ഇരിങ്ങാലക്കുട ഓടമ്പള്ളി ചന്ദ്രശേഖരനും.

1958-ല്‍ ബള്‍ഗേറിയക്കെതിരെ കളിച്ചു കൊണ്ട് ഇന്ത്യന്‍ ടീമില്‍ എത്തിയ ചന്ദ്രശേ ഖരന്‍ റോം ഒളിംപിക്‌സിനു പുറമെ, 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും ടെല്‍ അവീവ് ഏഷ്യാ കപ്പിലും ഇന്ത്യയ്ക്കു കളിച്ചു.1965 വരെ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ റൈറ്റ് ബാക്ക് സ്ഥാനത്തുണ്ടായിരുന്നു.

എസ്.ബി ഐ യില്‍ അസി. ജനറല്‍ മാനേജര്‍ ആയി വിരമിച്ച അദ്ദേഹം എറണാകുളത്ത് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മഹാരാജാസ് കോളജില്‍ പഠിക്കുന്നോള്‍ 1954-ല്‍ യൂണിവേഴ്‌സിറ്റി ടീമിലും തിരു-കൊച്ചി സംസ്ഥാന ടീമിലും കളിച്ച ചന്ദ്രശേഖരന്‍ കാള്‍ടെക്‌സില്‍ ചേര്‍ന്നതോടെ മഹാരാഷ്ട്ര താരമായി.

1963-64 ല്‍ മഹാരാഷ്ട്ര സന്തോഷ് ട്രോഫി ജയിച്ചപ്പോള്‍ ചന്ദ്രശേഖരന്‍ ആയിരുന്നു നായകള്‍. 1948, 52, 56 , 60 ഒളിമ്പിക്‌സുകളില്‍ ആണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പങ്കെടുത്തത്. അതില്‍ 1956 ല്‍ ആണ് നെവില്‍ ഹാട്രിക് നേടിയതും ഇന്ത്യ സെമിയില്‍ കടന്നതും.

തിരുവല്ല പാപ്പന്‍, കോട്ടയം സാലി, എസ്.എസ്. നാരായണന്‍ (56 ലും 60 ലും), അബ്ദുല്‍ റഹ്മാന്‍ , എം.ദേവദാസ്, ഒ.ചന്ദ്രശേഖരന്‍ എന്നിവരിലൂടെ, ഇന്ത്യ ഒളിമ്പിക് ഫുട്‌ബോള്‍ കളിച്ചപ്പോഴൊക്കെ, മലയാളി സാന്നിധ്യം ഉറപ്പിച്ചിരുന്നു. അതില്‍ അവസാനയാളും ഇന്നലെ വിടവാങ്ങിയപ്പോള്‍ കേരള ഫുട്‌ബോളില്‍ ഒരു അധ്യായം അവസാനിക്കുന്നു. തിളക്കമേറിയ ഒളിമ്പിക് അധ്യായം.

Popular Stories

    Next Story