Top

'കേരളത്തിലെ ആണ്‍പിള്ളേരെ വെറുതേ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത്'; സഞ്ജുവിന് പ്രശംസയുമായി സോഷ്യല്‍ മീഡിയ

ഒരു ഘട്ടത്തില്‍ മത്സരം കൈവിട്ടുപോയെന്നു തോന്നിച്ചിടത്തു പോലും തന്റെ മികച്ച ബൗളറായ മുസ്തഫിസുര്‍ റഹ്മാന്റെ ഓവര്‍ എറിയിച്ചു തീര്‍ക്കാതെ അവസാനത്തേക്കു മാറ്റിവച്ച സഞ്ജുവിന്റെ തീരുമാനമാണ് മത്സരത്തില്‍ നിര്‍ണായകമായത്.

22 Sep 2021 10:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിലെ ആണ്‍പിള്ളേരെ വെറുതേ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത്; സഞ്ജുവിന് പ്രശംസയുമായി സോഷ്യല്‍ മീഡിയ
X

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അവസാന പന്തുവരെ നീണ്ട ആവേശത്തിനൊടുവില്‍ തോല്‍വിയുടെ വക്കില്‍ നിന്നു വിജയം പിടിച്ചെടുത്ത രാജസ്ഥാന്‍ റോയല്‍സിനും നായകന്‍ സഞ്ജു സാംസണിനും ക്രിക്കറ്റ് പ്രേമികളുടെ പ്രശംസ. ദുബായിയില്‍ നടന്ന മത്സരത്തില്‍ അവസാന ഓവറില്‍ നാലു റണ്‍സ് ഡിഫന്‍ഡ് ചെയ്താണ് രാജസ്ഥാന്‍ രണ്ടു റണ്‍സിന്റെ അവിശ്വസനീയ വിജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ രണ്ടാം പാതിയില്‍ 19-ാം ഓവര്‍ വരെ വിജയപ്രതീക്ഷയില്ലാതിരുന്ന രാജസ്ഥാന് അവസാന ഓവറില്‍ കാര്‍ത്തിക് ത്യാഗിയുടെ തകര്‍പ്പന്‍ ബൗളിങ്ങാണു തുണയായത്. എട്ടുവിക്കറ്റ് ബാക്കിനില്‍ക്കെയാണ് ആറു പന്തില്‍ നാലു റണ്‍സ് നേടാനാകാതെ പഞ്ചാബ് മുട്ടുമടക്കിയത്. അവസാന ഓവറില്‍ രണ്ടു റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ യുവതാരം തകര്‍പ്പന്‍ ബൗളിങ്ങാണ് കാഴ്ചവച്ചത്.

അവിശ്വസനീയ വിജയത്തിനു പിന്നാലെ രാജസ്ഥാന്‍ നായകനും മലയാളി താരവുമായ സഞ്ജു സാംസണിനെ പ്രശംസകൊണ്ടു മൂടുകയാണ് മുന്‍താരങ്ങള്‍ അടക്കമുള്ളവരും സോഷ്യല്‍ മീഡിയ പേജുകളും. മത്സരത്തില്‍ ഉടനീളം രാജസ്ഥാനെ നിഷ്പ്രഭമാക്കി പഞ്ചാബ് കുതിച്ചപ്പോഴും സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ സഞ്ജു നടത്തിയ കൃത്യമായ ബൗളിങ് ചെയ്ഞ്ചുകളും ഫീല്‍ഡ് സെറ്റിങ്ങുമാണ് പ്രശംസയ്ക്കു പാത്രമായത്.

ഒരു ഘട്ടത്തില്‍ മത്സരം കൈവിട്ടുപോയെന്നു തോന്നിച്ചിടത്തു പോലും തന്റെ മികച്ച ബൗളറായ മുസ്തഫിസുര്‍ റഹ്മാന്റെ ഓവര്‍ എറിയിച്ചു തീര്‍ക്കാതെ അവസാനത്തേക്കു മാറ്റിവച്ച് സഞ്ജുവിന്റെ തീരുമാനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. രണ്ടോവറില്‍ പഞ്ചാബിനു ജയിക്കാന്‍ എട്ടുറണ്‍സ് വേണമെന്നിരിക്കെ മുസ്തഫിസുര്‍ എറിഞ്ഞ 19-ാം ഓവറാണ് കളിയില്‍ നിര്‍ണായകമായത്.

വെറും നാലു റണ്‍സ് മാത്രം വിട്ടുനല്‍കി മുസ്തഫിസുര്‍ എറിഞ്ഞ ആ ടൈറ്റ് ഓവറാണ് അവസാന ഓവറില്‍ രാജസ്ഥാന് നേരിയ പ്രതീക്ഷ നല്‍കിയത്. എന്നിരുന്നാലും ജയിക്കാന്‍ വെറും 10 ശതമാനത്തില്‍ താഴെ മാത്രം സാധ്യതയുണ്ടായിരുന്ന സമയത്ത് അവസാന ഓവര്‍ എറിയാന്‍ ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ താരത്തെ പന്തേല്‍പിച്ചപ്പോള്‍ പലരുടെയും നെറ്റിചുളിഞ്ഞിരുന്നു.

എന്നാല്‍ വൈഡ് യോര്‍ക്കറുകള്‍ എറിയാനുള്ള കാര്‍ത്തിക് ത്യാഗിയുടെ കഴിവില്‍ സഞ്ജുവിന് പൂര്‍ണവിശ്വാസമായിരുന്നു. നായകന്‍ ഏല്‍പിച്ച ദൗത്യം ത്യാഗി ഭംഗിയായി പൂര്‍ത്തീകരിക്കുകയും ചെയ്തു. മത്സരശേഷം തന്റെ പദ്ധതികള്‍ സഞ്ജു കൃത്യമായി വിശദീകരിക്കുകയും ചെയ്തു.

''എവിടെയോ ഞങ്ങളില്‍ പോരാട്ടം ബാക്കിയുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ചില സ്‌പെഷ്യല്‍ ബൗളര്‍മാരുണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. മുസ്തഫിസുറിന്റെ ഓവറുകള്‍ അവസാനത്തേക്കായി സൂക്ഷിച്ച് വയ്ക്കുകയായിരുന്നു. ത്യാഗിക്ക് തന്റെ യോര്‍ക്കറുകളില്‍ ആത്മവിശ്വാസമുണ്ടായിരുന്നു, പ്രത്യേകിച്ചും വൈഡ് യോര്‍ക്കറുകളില്‍. പുതിയ ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ അദ്ദേഹം അത് വളരെ നന്നായി നിര്‍വഹിച്ചു. ഓരോ ബാറ്റ്‌സ്മാന്മാര്‍ക്കെതിരെയും ഞങ്ങള്‍ക്ക് മികച്ച ഫീല്‍ഡിങ് പ്ലാനുകളുണ്ടായിരുന്നു. അവസാന ബാറ്റ്‌സ്മാന് വരെ വേണ്ടി ഞങ്ങള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു.''-സഞ്ജു പറഞ്ഞു.

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ സഞ്ജുവാണ് താരം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയായ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലെ മീമുകള്‍ ഉപയോഗിച്ച് 'കേരളത്തിലെ ആണ്‍പിള്ളേരെ വെറുതേ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത്' എന്ന തലവാചകവുമായാണ് സഞ്ജുവിന്റെ ജയം മലയാളി ക്രിക്കറ്റ് പ്രേമികള്‍ ആഘോഷിക്കുന്നത്.

Popular Stories

    Next Story