'സൗദിയെ ചെറുതായി കണ്ടിട്ടില്ല, അതല്ല തോല്‍വിക്കുള്ള കാരണം'; തല ഉയര്‍ത്തി മുന്നോട്ട് പോകുമെന്ന് സ്കലോണി
"'മില്ലിമെട്രിക് ആയിരുന്നു തോല്‍വിയുടെ കാരണങ്ങള്‍. ഓഫ് സൈഡുകള്‍ ഉള്‍പ്പെടെ"
22 Nov 2022 5:24 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ജിദ്ദ: സൗദി അറേബ്യയെ ഒട്ടും ചെറുതായല്ല തന്റെ ടീം കണ്ടതെന്ന് അര്‍ജന്റീനിയന്‍ പരിശീലകന് ലയണല്‍ സ്കലോണി. ഫുട്ബോള്‍ ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ സൗദിയോട് 2-1ന്റെ അട്ടിമറി തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു സ്കലോണി. മറ്റേത് ടീമിനെയും ബഹുമാനിക്കുന്നത് പോലെ സൗദി അറേബ്യയെയും ഞങ്ങള്‍ ബഹുമാനിച്ചിരുന്നു. അതല്ല ഞങ്ങളുടെ പരാജയത്തിന് കാരണം. അവര്‍ സാങ്കേതിക തികവുള്ള കളിക്കാരെ കൊണ്ട് നിറഞ്ഞ, നല്ല ടീമായിരുന്നു. ശാരിരീകമായി നല്ല ക്ഷമതയോടെയാണ് അവര്‍ മത്സരത്തിനെത്തിയതെന്നും സ്കലോണി പറഞ്ഞു.
'എന്തൊക്കെ സംഭവിച്ചാലും ഉയര്‍ത്തെണീക്കുക, മെക്സിക്കോയെ നേരിടുക. ലോകകപ്പിലെ മറ്റുള്ളവരെ പോലെ അവരും ശക്തരാണ്. ഇനി മുന്നോട്ട് പോകണമെങ്കില്‍ ഇനിയുള്ള രണ്ട് മത്സരങ്ങളും ഞങ്ങള്‍ക്ക് ജയിക്കേണ്ടതുണ്ട്. അത് അല്പം കഠിനമാണ്. പക്ഷെ ഇന്നത്തെ ഫലത്തോടെ എല്ലാ മത്സരവും ജയിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കും', സ്കലോണി പ്രതികരിച്ചു. ആദ്യ പകുതിയില്‍ നേടിയ മൂന്ന് ഗോളുകള്‍ ഓഫ് സൈഡ് വിളിച്ചതിനെ തുടര്‍ന്ന് അസാധുവായതില്‍ തനിക്ക് പരാതിയില്ലെന്ന് സ്കലോണി പറഞ്ഞു. പക്ഷെ, അണുകിട മാറാത്ത സാങ്കേതിക തീരുമാനങ്ങള്‍ക്ക് തന്റെ ടീമിനാണ് വില കൊടുക്കേണ്ടി വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
⚽ #Qatar2022
— Diario Río Negro (@rionegrocomar) November 22, 2022
🇦🇷 Lionel Scaloni habló en conferencia de prensa luego de la derrota ante Arabia Saudita: "Es un día triste, pero hay que seguir".
Mirá 👇 https://t.co/UV3Et0H4RM pic.twitter.com/mnpw8KZQ23
'മില്ലിമെട്രിക് ആയിരുന്നു തോല്‍വിയുടെ കാരണങ്ങള്‍. ഓഫ് സൈഡുകള്‍ ഉള്‍പ്പെടെ. അവര്‍ക്ക് ശക്തമായ ഡിഫന്‍സീവ് ലൈനുണ്ടായിരുന്നു. ഗോള്‍ വഴങ്ങിയാല്‍ പ്രതികൂലമാകുമെന്ന് അറിയാമായിരുന്നു. സെമി ഓട്ടോമാറ്റിക് ഓഫ്സൈഡ് സാങ്കേതിക വിദ്യ ഞങ്ങളുടെ ഒരു ഗോള്‍ കൊണ്ടുപോയി. അത് അങ്ങനെയാണ്. എതിരാളികളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു,' മുന്‍ അര്‍ജന്റൈന്‍ താരം പറഞ്ഞു.
'തോല്‍വി ഉള്‍ക്കൊള്ളാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിലായേനെ. പക്ഷെ, പെട്ടെന്നുണ്ടായ രണ്ട് നിമിഷങ്ങളില്‍ കളി മാറി. ഇടവേളയ്ക്ക് ശേഷമുള്ള നാല്-അഞ്ച് മിനുറ്റില്‍ അവര്‍ രണ്ട് ഗോള്‍ നേടി. അവരുടെ രണ്ട് ഷോട്ടുകള്‍ മാത്രമാണ് ഓണ്‍ ടാര്‍ഗറ്റായത്. ഇന്ന് സങ്കടം നിറഞ്ഞ ദിവസമാണ്. പക്ഷെ, എന്നും പറയാറുള്ളത് പോലെ തല ഉയര്‍ത്തി മുന്നോട്ട് പോകും. ആദ്യ പകുതിയില്‍ ഞങ്ങള്‍ നന്നായി കളിച്ചു. പക്ഷെ, രണ്ട് പ്രത്യേക നിമിഷങ്ങളിലാണ് മത്സരത്തിന്റെ ഗതി മാറിയത്. നല്ല പ്രകടനം കാഴ്ച്ചവെയ്ക്കാമായിരുന്നു. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണം,' അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്കയും ഫൈനലിസിമയും നേടിക്കൊടുത്ത സ്കലോണി കൂട്ടിച്ചേര്‍ത്തു.
STORY HIGHLIGHTS: My message is to have faith we wont let the fans down says lionel messi