ഹൈദരാബാദില്‍ സിനിമാതാരങ്ങള്‍ക്കു മാത്രമല്ല, ക്രിക്കറ്റ് താരങ്ങള്‍ക്കും വയ്ക്കും കട്ടൗട്ട്; ഇതു സൂപ്പര്‍ സ്റ്റാര്‍ സിറാജ്
വിക്കറ്റ് നേടിയശേഷമുള്ള സിറാജിന്റെ 'സെലിബ്രേഷന്' രൂപമാണ് കട്ടൗട്ടിലുള്ളത്. കളിക്കളത്തിലെ തന്റെ പെരുമാറ്റത്തിനെതിരേ പല തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര് സാഹചര്യത്തില്‍ അത്തരം വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് ആ സെലിബ്രേഷനു പിന്നില്‍ എന്നു സിറാജ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
21 Aug 2021 11:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സിനിമാതാരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകളും അതിന്മേല് പാലഭിഷേകവുമൊക്കെ പലകുറി തമിഴ്-തെലുങ്ക് സിനിമാ ലോകം കണ്ടതാണ്. ഇപ്പോള്‍ 'മല്ലൂവുഡില്' പോലും ഇത്തരം ആരാധക ആഹ്ളാദ പ്രകടനങ്ങള്‍ കാണാനാകും. എന്നാല്‍ വിഖ്യാതമായ ഹൈദരാബാദ് നഗരത്തില്‍ ഒരു ക്രിക്കറ്റ് താരത്തിന് അതുപോലെ കട്ടൗട്ട്!!!!
സാക്ഷാല്‍ വി.വി.എസ്. ലക്ഷ്മണിനും മുന്‍ നായകന് മുഹമ്മദ് അസഹ്റുദ്ദീനും പോലും ലഭിക്കാത്ത ആ അംഗീകാരമാണ് ഇപ്പോള്‍ മുഹമ്മദ് സിറാജ് എന്ന യുവ പേസര്‍ സ്വന്തമാക്കിയിരിക്കുന്നത്.
ഐ.പി.എല്ലില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ നായകനായ ആര്.സി.ബിയുടെ ചെണ്ട എന്നായിരുന്നു അല്പകാലം മുമ്പു വരെ സിറാജിനെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്ന് സിറാജ് ഇന്ത്യന്‍ ആരാധകരുടെ പ്രിയഭാജനമാണ്.
ഓസ്ട്രേലിയയില്‍ ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്താനായത് സിറാജിന്റെ ബൗളിങ് മികവിലായിരുന്നു. നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലെ ലോര്‍ഡ്സില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ഗംഭീര ജയം നേടിയപ്പോള്‍ നിര്‍ണായകമായത് സിറാജിന്റെ പ്രകടനമായിരുന്നു. എട്ട് വിക്കറ്റുകളാണ് മത്സരത്തില്‍ സിറാജ് നേടിയത്. ലോര്‍ഡ്സിലെ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.
ഹൈദരാബാദുകാരനായ സിറാജ് പരിമിതമായ സാഹചര്യത്തില്‍ നിന്ന് വളര്‍ന്ന് ഇന്ത്യന്‍ ടീമിലെത്തിയ താരമാണ്. ഇതിനുള്ള അംഗീകാരമായാണ് അദ്ദേഹത്തിന്റെ നാട്ടില്‍ ആരാധകര്‍ ചേര്‍ന്ന് സിറാജിന്റെ കൂട്ടന് കട്ടൗട്ട് സ്ഥാപിച്ചത്.
വിക്കറ്റ് നേടിയശേഷമുള്ള സിറാജിന്റെ 'സെലിബ്രേഷന്' രൂപമാണ് കട്ടൗട്ടിലുള്ളത്. കളിക്കളത്തിലെ തന്റെ പെരുമാറ്റത്തിനെതിരേ പല തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര് സാഹചര്യത്തില്‍ അത്തരം വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് ആ സെലിബ്രേഷനു പിന്നില്‍ എന്നു സിറാജ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ആരാധകരും ഇപ്പോള്‍ അതേറ്റെടുത്താണ് ആഘോഷമാക്കുന്നത്. കടും നീല നിറത്തിലുള്ള ജഴ്സി അണിഞ്ഞുള്ള സിറാജിന്റെ കട്ടൗട്ടില്‍ മാലയിട്ടും പാലഭിഷേകം നടത്തിയുമാണ് ആരാധകര്‍ കൊണ്ടാടുന്നത്.
2021ല്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റെന്ന നേട്ടം സിറാജിന്റെ പേരിലാണ്. ലീഡ്സ് ടെസ്റ്റ് നടക്കാനിരിക്കെ ഇന്ത്യക്ക് സിറാജ് വളരെ പ്രതീക്ഷ നല്കുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും സിറാജ് ഇടം പിടിക്കാന്‍ സാധ്യതയേറെയാണ്.