Top

രാജാവിന്റെ എന്‍ട്രി അല്ലെങ്കിലും മാസ് ആയിരിക്കും; ആചാരവെടി 'ബെസ്റ്റ്' ആക്കി ലയണല്‍ മെസി

മെസിക്ക് പുറമെ ഇഡ്രീസ ഗവേയ് ആണ് ടീമിനായി മറ്റൊരു ഗോള്‍ കണ്ടെത്തിയത്. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിയാണ് പി.എസ്.ജിയെ സെമിയില്‍ പുറത്താക്കിയത്. ആ തോല്‍വിക്കുള്ള മധുര പ്രതികാരം കൂടിയായി ഇന്നലത്തെ ജയം.

29 Sep 2021 11:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജാവിന്റെ എന്‍ട്രി അല്ലെങ്കിലും മാസ് ആയിരിക്കും; ആചാരവെടി ബെസ്റ്റ് ആക്കി ലയണല്‍ മെസി
X

ഒടുവില്‍ ആ മുഹൂര്‍ത്തം കണ്‍കുളിര്‍ക്കെ കണ്ടു. ലോകമെങ്ങുമുള്ള മെസി ആരാധകരുടെയും ഫുട്‌ബോള്‍ പ്രേമികളുടെയും കാത്തിരുപ്പ് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന പി.എസ്.ജി-മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിന്റെ 74-ാം മിനിറ്റില്‍ അവസാനിച്ചു. ഇതിഹാസ താരം ലയണല്‍ മെസിയുടെ ബൂട്ടുകള്‍ ആദ്യമായി പി.എസ്.ജിക്കു വേണ്ടി സ്‌കോര്‍ ചെയ്തു. അതും സ്വന്തം കാണികളുടെ മുന്നില്‍ തകര്‍പ്പനൊരു ലോങ്‌റേഞ്ചറിലൂടെ. സ്വന്തം ഹാഫില്‍ നിന്നു മെസി തന്നെ തുടക്കമിട്ട മുന്നേറ്റത്തിനൊടുവില്‍ പലതവണ ആരാധകര്‍ കണ്‍കുളിര്‍ക്കെ കണ്ട മിന്നല്‍ നീക്കം.

ഇടതുവിങ്ങില്‍ നിന്നു ഓടിയെത്തി മെസി ഞൊടിയിടയില്‍ കൊള്ളീമീന്‍ പോലെ സെന്ററിലേക്ക്്. ഓടിക്കയറുന്നതിനിടെ കിലിയന്‍ എംബാപ്പെയ്ക്കു നല്‍കി തിരിച്ചുവാങ്ങിയ പന്ത് ബോക്‌സിനു പുറത്തുനിന്ന് തൊടുത്തത് പറന്നിറങ്ങിയത് സിറ്റി വലയുടെ വലത്തേ മൂലയില്‍. പാരീസ് നഗരം ഒന്നടങ്കം തുള്ളിച്ചാടിയ നിമിഷം. ഗ്യാലറി ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് ഇതിഹാസതാരത്തിന്റെ പി.എസ്.ജിയിലെ ആദ്യഗോള്‍ ആഘോഷിച്ചത്. മെസി ഗോളിന്റെ ആരവത്തില്‍ മുങ്ങിയ മത്സരത്തില്‍ കരുത്തരായ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിന് പി.എസ്.ജി. പരാജയപ്പെടുത്തുകയും ചെയ്തു.

മെസിക്ക് പുറമെ ഇഡ്രീസ ഗവേയ് ആണ് ടീമിനായി മറ്റൊരു ഗോള്‍ കണ്ടെത്തിയത്. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിയാണ് പി.എസ്.ജിയെ സെമിയില്‍ പുറത്താക്കിയത്. ആ തോല്‍വിക്കുള്ള മധുര പ്രതികാരം കൂടിയായി ഇന്നലത്തെ ജയം. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഫൈനലിലും, സെമിയിലും എത്തിയെങ്കിലും ചാമ്പ്യന്‍സ് ലീഗ് കിരീടം ഇതുവരെ പി.എസ്.ജിക്ക് കിട്ടാക്കനിയാണ്. മെസിയെ ടീമിലെത്തിച്ചതിന്റെ പ്രധാന ലക്ഷ്യവും യൂറോപ്യന്‍ ചാമ്പ്യന്മാരാകുക എന്നതാണ്.

മത്സരത്തില്‍ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമണ ഫുട്‌ബോളാണ് സ്വീകരിച്ചത്. അവസരങ്ങള്‍ ലഭിച്ചത് മുതലാക്കാന്‍ സാധിക്കാതെ പോയത് സിറ്റിക്ക് തിരിച്ചടിയായി. എന്നാല്‍ എട്ടാം മിനിറ്റില്‍ തന്നെ ലഭിച്ച അവസരം മുതലാക്കി പി.എസ്.ജി. ലീഡ് നേടി. അച്ചറഫ് ഹക്കീമി നല്‍കിയ പന്ത് എംബാപ്പെ് ബോക്‌സിനുള്ളിലേക്കു മറിച്ചു നല്‍കിയത് നെയ്മറെ ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ ബ്രസീല്‍ താരത്തിനു പന്ത് കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷേ തക്കം പാര്‍ത്തുനിന്ന ഗ്യുയെ ക്ലോസ് റേഞ്ചില്‍ നിന്ന് തൊടുത്ത ഷോട്ട് വലകുലുക്കുകയായിരുന്നു.

ഗോള്‍ വഴങ്ങിയ ശേഷം ആക്രമിച്ചു കളിച്ച സിറ്റി നിരവധി അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും യൂറോ കപ്പ് ഹീറോയായ പി.എസ്.ജി. ഗോള്‍കീപ്പര്‍ ഗ്യാന്‍ ല്യൂയിജി ഡൊണ്ണാരുമ്മയുടെ മികച്ച സേവുകള്‍ പി.എസ്.ജിയുടെ രക്ഷയ്‌ക്കെത്തി. ഇടവേളയില്‍ ഒരു ഗോള്‍ ലീഡില്‍ പിരിഞ്ഞ ഫ്രഞ്ച് ക്ലബ് രണ്ടാം പകുതിയിലും ആക്രമിച്ചു കളിച്ചു. സിറ്റിയും മോശമാക്കിയില്ല. എന്നാല്‍ ഇരുകൂട്ടര്‍ക്കും ഗോള്‍ മാത്രം കണ്ടെത്താനായില്ല. ഒടുവില്‍ മെസിയാണ് ഗോള്‍ക്ഷാമം അവസാനിപ്പിച്ച് വീണ്ടും സ്‌റ്റേഡിയത്തില്‍ ആരവമുയര്‍ത്തിയത്.

ഗ്രൂപ്പ് എയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള പിഎസ്ജിയാണ് ഒന്നാമത്. സിറ്റി മൂന്നാം സ്ഥാനത്താണ്. മറ്റ് മത്സരത്തില്‍ ലിവര്‍പൂള്‍, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവര്‍ വിജയം സ്വന്തമാക്കിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് തോല്‍വി നേരിട്ടു. ഷെരീഫിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം.

Next Story

Popular Stories