തിരിച്ചുവരവ് ആഘോഷമാക്കി ലുക്കാക്കുവും; ഇരട്ടഗോളുകളിലൂടെ സ്റ്റാംഫോര്ഡ്ബ്രിഡ്ജ് 'കുലുക്കി' ബെല്‍ജിയന്‍ താരം
ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 600 വിജയങ്ങള്‍ നേടുന്ന രണ്ടാമത്തെ ടീമായി മാറാനും ചെല്‍സിക്കായി. 690 മത്സരങ്ങള്‍ ജയിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ഈ നേട്ടം കൈവരിച്ച ആദ്യ ടീം.
12 Sep 2021 6:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തിരിച്ചുവരവില്‍ മുക്കിക്കളയാനുള്ളതല്ല റൊമേലു ലുക്കാക്കുവിനെ. റൊണാള്‍ഡോയെപ്പോലെ തന്നെ ഇറ്റാലിയന്‍ ലീഗില്‍ നിന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തന്റെ പഴയ തട്ടകമായ ചെല്‍സിയിലേക്കു തിരിച്ചുവന്ന ലുക്കാക്കുവും ഹോം സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ ഇരട്ടഗോളുമായി തിരിച്ചുവരവ് ആഘോഷമാക്കി.
ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ലുക്കാക്കുവിന്റെ മികവില്‍ ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ചെല്‍സി തകര്‍ത്തത്. മത്സരത്തിന്റെ 15-ാം മിനിറ്റിലും 93-ാം മിനിറ്റിലുമാണ് ലുക്കാക്കു സ്കോര്‍ ചെയ്തത്. 49-ാം മിനിറ്റില്‍ മാറ്റിയോ കൊവാസിച്ചാണ് അവരുടെ മറ്റൊരു ഗോള്‍ നേടിയത്.
ആദ്യ പകുതിയില്‍ ഒപ്പത്തിനൊപ്പമാണ് ഇരു ടീമുകളും പൊരുതിയതെങ്കിലും 15-ാം മിനിറ്റില്‍ കൊവാസിച്ചിന്റെ മനോഹരമായ പാസില്‍ നിന്ന് ലുക്കാകു ചെല്‍സിക്ക് ലീഡ് നേടികൊടുക്കുകയായിരുന്നു. ഗോള്‍ കീപ്പര്‍ മെന്‍ഡിയുടെ മികച്ച സേവുകളും ചെല്‍സിക്ക് ആദ്യപകുതിയില്‍ രക്ഷയായി.
ഒന്നാം പകുതിയില്‍ ഒരുഗോളിന് ലീഡ് ചെയ്ത അവര്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സ്കോര്‍നില ഉയര്‍ത്തി. 49-ാം മിനിറ്റില്‍ ആസ്റ്റണ്‍വില്ല താരം മിങ്സിന്റെ പിഴവില്‍ നിന്ന് കൊവാസിച്ച് അവരുടെ രണ്ടാം ഗോള്‍ നേടി. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ മത്സരത്തിലെ തന്റെ രണ്ടാമത്തെ ഗോളും നേടി ലുകാകു ചെല്‍സിയുടെ പട്ടിക തികച്ചു.
ഈ ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 600 വിജയങ്ങള്‍ നേടുന്ന രണ്ടാമത്തെ ടീമായി മാറാനും ചെല്‍സിക്കായി. 690 മത്സരങ്ങള്‍ ജയിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ഈ നേട്ടം കൈവരിച്ച ആദ്യ ടീം. ചെല്‍സിക്കു പിന്നില്‍ 598 ജയങ്ങളുമായി ആഴ്സണലും 583 വിജയങ്ങളുമായി ലിവര്‍പൂളും 483 ജയങ്ങളുമായി ടോട്ടനം ഹോട്സപറുമാണുള്ളത്.