Top

അവസാന സെക്കന്‍ഡ് നാടകീയതകള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ഹീറോകളായി ഡി ഗിയയും ലിംഗാര്‍ഡും

മികച്ച ഫോമില്‍ കളിക്കുന്ന വെസ്റ്റ്ഹാമിന്റെ ആധിപത്യത്തോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. തുടരെ യുണൈറ്റഡ് ഗോള്‍മുഖം ആക്രമിച്ച അവര്‍ മികച്ച അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകള്‍ വിനയായി.

19 Sep 2021 4:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവസാന സെക്കന്‍ഡ് നാടകീയതകള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ഹീറോകളായി ഡി ഗിയയും ലിംഗാര്‍ഡും
X

അവസാന മിനിറ്റിലെ വിജയഗോളും അതിനു ശേഷം ഒരു പെനാല്‍റ്റി സേവും. നാടകീയതകളാല്‍ നിറഞ്ഞ മത്സരത്തിനൊടുവില്‍ ത്രസിപ്പിക്കുന്ന ജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നു നടന്ന മത്സരത്തില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് അവര്‍ തോല്‍പിച്ചത്. എവേ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ലീഡ് വഴങ്ങിയ ശേഷം തിരിച്ചടിച്ചായിരുന്നു യുണൈറ്റഡിന്റെ ജയം. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ജെസി ലിംഗാര്‍ഡുമാണ് യുണൈറ്റഡിനായി സ്‌കോര്‍ ചെയ്തത്. സെയ്ദ് ബെന്‍രാമയുടെ വകയായിരുന്നു വെസ്റ്റ്ഹാമിന്റെ ഗോള്‍.

മികച്ച ഫോമില്‍ കളിക്കുന്ന വെസ്റ്റ്ഹാമിന്റെ ആധിപത്യത്തോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. തുടരെ യുണൈറ്റഡ് ഗോള്‍മുഖം ആക്രമിച്ച അവര്‍ മികച്ച അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകള്‍ വിനയായി.എന്നാല്‍ മത്സരത്തിന്റെ 30-ാം മിനിറ്റില്‍ വെസ്റ്റ്ഹാം ലീഡ് പിടിച്ചെടുത്തു. ബോക്‌സിനു പുറത്തു നിന്നു ബെന്‍രാമ തൊടുത്ത ഷോട്ട് ഡി ഗിയയെ കീഴടക്കുകയായിരുന്നു. യുണൈറ്റഡ് പ്രതിരോധതാരം റാഫേല്‍ വരാനെയുടെ ശരീരത്തില്‍ പന്തിന്റെ ഗതിമാറിയതാണ് വിനയായത്.

എന്നാല്‍ ലീഡ് വഴങ്ങിയ ഉടന്‍ തന്നെ ഉണര്‍ന്നു കളിച്ച യുണൈറ്റഡ് അഞ്ചു മിനിറ്റിനകം ഒപ്പമെത്തി. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇടതു വിങ്ങില്‍ നിന്നുള്ള ക്രോസില്‍ നിന്നുള്ള റൊണാള്‍ഡോയുടെ ആദ്യ ഗോള്‍ ശ്രമം ഫബിയന്‍സ്‌കി തടഞ്ഞു എങ്കിലും റീബൗണ്ടില്‍ റൊണാള്‍ഡോ പന്ത് വലയില്‍ എത്തിച്ചു. ആദ്യ പകുതിയില്‍ വീണ്ടും യുണൈറ്റഡ് അവസരങ്ങള്‍ സൃഷ്ടിച്ചു എങ്കിലും ഫബിയന്‍സ്‌കി തടസമായി നിന്നു. ആദ്യപകുതിയില്‍ ശേഷിച്ച മിനിറ്റുകളും രണ്ടാം പകുതിയുടെ ഭൂരിഭാഗം സമയത്തും ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ മാത്രം കണ്ടെത്താനായില്ല.

കളി സമനിലയിലേക്ക് പോവുകയാണെന്ന് തോന്നിച്ചപ്പോഴാണ് യുണൈറ്റഡിന്റെ വിജയഗോള്‍ പിറന്നത്. വെസ്റ്റ് ഹാം ഡിഫന്‍സിനെ ആകെ കബളിപ്പിച്ച് ഒരു ലോകോത്തര ഫിനിഷിലൂടെയാണ് ലിംഗാര്‍ഡ് വിജയ ഗോള്‍ നേടിയത്. എന്നാല്‍ വെസ്റ്റ് ഹാമിന്റെ മുന്‍ താരമായിരുന്ന ലിംഗാര്‍ഡ് അവരോടുള്ള ബഹുമാനം കൊണ്ട് ഗോള്‍ ആഹ്ലാദിച്ചില്ല. ഇതോടെ യുണൈറ്റഡ് ജയമുറപ്പിച്ചെന്നു കരുതിയെങ്കിലും ഇന്‍ജുറി ടൈമിലെ ട്വിസ്റ്റ് ആരാധകരെ ഞെട്ടിച്ചു. ലൂക് ഷോയുടെ ഒരു അനാവശ്യമായ ഹാന്‍ഡ് ബോളിന് റഫറി പെനാല്‍റ്റി വിധിച്ചതോടെ അവര്‍ വിജയം കൈവിട്ടെന്നു തോന്നിപ്പിച്ചു. എന്നാല്‍ വെസ്റ്റ്ഹാമിന്റെ വിശ്വസ്ത താരം മാര്‍ക് നോബിളിന്റെ ഷോട്ട് തടുത്തിട്ട ഡി ഗിയ യുണൈറ്റഡിന്റെ മൂന്ന് പോയിന്റ് ഉറപ്പിച്ചു.

Next Story