Top

'ഇനി ഞാന്‍ ഇറങ്ങട്ടെ'; ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു മലിംഗ

രാജ്യാന്തര തലത്തിലും വിവിധ ക്ലബുകളിലുമായി 295 ടി20 മത്സരങ്ങളില്‍ മലിംഗ കളിച്ചിട്ടുണ്ട്. 390 വിക്കറ്റുകളും നേടിയ താരമാണ്. രാജ്യാന്തര തലത്തില്‍ അഞ്ച് ഹാട്രിക്കുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. നാല് തവണ തുടര്‍ച്ചയായി നാല് പന്തില്‍ നാല് വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.

15 Sep 2021 5:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനി ഞാന്‍ ഇറങ്ങട്ടെ; ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു മലിംഗ
X

ശ്രീലങ്കന്‍ പേസ് ബൗളിങ് ഇതിഹാസം ലസിത് മലിംഗ ക്രിക്കറ്റിന്റെ എല്ലാ മേഖലകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. നേരത്തെ തന്നെ ടെസ്റ്റ് ക്രിക്കറ്റ്, ഏകദിന ക്രിക്കറ്റ് എന്നിവയില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന മലിംഗ ഇനി ട്വന്റി 20 ക്രിക്കറ്റിനും ഇല്ലെന്നു വ്യക്തമാക്കി. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ടി20 യിലെ തന്റെ വിക്കറ്റുകളെക്കുറിച്ചുള്ള ഒരു വീഡിയോയും അദ്ദേഹം തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തു.

'ലസിത് മലിംഗയുടെ സന്ദേശം' എന്ന തലക്കെട്ടില്‍ ഇട്ട പോസ്റ്റില്‍ 'എന്റെ സ്‌പൈക്‌സ് ഇനി വിശ്രമിക്കട്ടെ, ക്രിക്കറ്റിനോടുള്ള ഇഷ്ടം തുടരും' എന്നാണ് മലിംഗ കുറിച്ചത്. ഇനി ട്വന്റി 20 ക്രിക്കറ്റിലും താന്‍ ഉണ്ടാകില്ലെന്നും ഈ തീരുമാനത്തോടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും താന്‍ വിരമിക്കുകയാണെന്നും മലിംഗ അറിയിച്ചു. കഴിഞ്ഞ 17 വര്‍ഷമായി താന്‍ നേടിയ അനുഭവം ഇനി ഈ മേഖലയില്‍ ആവശ്യമില്ലെന്നും മലിംഗ കുറിച്ചു.

''ഇന്നൊരു സന്തോഷകരമായ ദിവസമാണ്. കരിയറില്‍ എന്നെ ചേര്‍ത്തുപിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നു. ഇനി ക്രിക്കറ്റ് കളത്തിലേക്ക് ഒരു താരമെന്ന നിലയില്‍ ഇല്ല. ട്വന്റി 20 ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങുന്നു. ഇതോടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമുള്ള വിരമിക്കല്‍ പൂര്‍ത്തിയാകും. എന്റെ ഷൂസ് ഇനി വിശ്രമിക്കട്ടെ. പക്ഷേ ക്രിക്കറ്റിനോടുള്ള ഇഷ്ടം തുടരും. ഈ ഗെയിമിന്റെ ആത്മാവ് ഉയര്‍ത്തിപ്പിടിക്കാനായി വളരുന്ന യുവതലമുറയെ ഞാന്‍ തുടര്‍ച്ചയായി പിന്തുണയ്ക്കുകയും കളി ഇഷ്ടപ്പെടുന്ന എല്ലാവരോടും കൂടെ ഞാന്‍ എപ്പോഴും ഉണ്ടായിരിക്കുകയും ചെയ്യും''- മലിംഗ പറഞ്ഞു.

താന്‍ കളിച്ച ട്വന്റി 20 ടീമുകള്‍ക്കെല്ലാം ആശംസകളും അദ്ദേഹം നേര്‍ന്നു. ''നിങ്ങള്‍ക്കെല്ലാവര്‍ക്കും ത്രിരത്‌നങ്ങളുടെ അനുഗ്രഹമുണ്ടാവട്ടെ! ശ്രീലങ്ക ക്രിക്കറ്റ്, മുംബൈ ഇന്ത്യന്‍സ്, മെല്‍ബണ്‍ സ്റ്റാര്‍സ്, രംഗ്പൂര്‍ റൈഡേഴ്‌സ്, കെന്റ് ക്രിക്കറ്റ് ഗയാന, ആമസോണ്‍ വാരിയേ,ഴ്‌സ് മറാത്ത അറേബ്യന്‍സ്, മോണ്‍ട്രിയല്‍ ടൈഗേഴ്‌സ്''- മലിംഗ കുറിച്ചു.

2020 മാര്‍ച്ചില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 യിലാണ് അദ്ദേഹം അവസാനമായി ശ്രീലങ്കയ്ക്കായി കളിച്ചത്. ഇതുവരെ രാജ്യാന്തര തലത്തിലും വിവിധ ക്ലബുകളിലുമായി 295 ടി20 മത്സരങ്ങളില്‍ മലിംഗ കളിച്ചിട്ടുണ്ട്. 390 വിക്കറ്റുകളും നേടിയ താരമാണ്. രാജ്യാന്തര തലത്തില്‍ അഞ്ച് ഹാട്രിക്കുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. നാല് തവണ തുടര്‍ച്ചയായി നാല് പന്തില്‍ നാല് വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.

ഈ വര്‍ഷം ആദ്യം ഐ.പിഎല്‍ ടീം ആയ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മലിംഗ പറഞ്ഞിരുന്നു. ഐ.പി.എല്ലില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമാണ് മലിംഗ. 166 വിക്കറ്റുകളാണ് ഐപിഎല്ലില്‍ മലിംഗയുടെ നേട്ടം.

Popular

    Next Story