മുംബൈയ്ക്ക് കനത്ത തോല്‍വി; തകര്‍പ്പന്‍ ജയവുമായി കൊല്‍ക്കത്ത മുന്നേറുന്നു
അബുദബിയില്‍ നടന്ന മത്സരത്തില്‍ നാലോവറും അഞ്ചു പന്തും ബാക്കി നില്‍ക്കെ ഏഴു വിക്കറ്റിനാണ് അവര്‍ മുംബൈയെ തകര്‍ത്തത്.
23 Sep 2021 5:39 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ പാദത്തിലെ മോശം പ്രകടനങ്ങള്‍ക്കെല്ലാം പരിഹാരം ചെയ്യാനുറച്ച് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്. യു.എ.ഇയില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ആദ്യ മത്സരത്തിലെ ജയത്തിനു പിന്നാലെ ഇന്നു കരുത്തരും നിലവിലെ ചാമ്പ്യന്മാരുമായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് അവര്‍ പോയിന്റ്ു പട്ടികയില്‍ നാലാം സഥാനത്തേക്കു കുതിച്ചെത്തി.
അബുദബിയില്‍ നടന്ന മത്സരത്തില്‍ നാലോവറും അഞ്ചു പന്തും ബാക്കി നില്‍ക്കെ ഏഴു വിക്കറ്റിനാണ് അവര്‍ മുംബൈയെ തകര്‍ത്തത്. ടോസ് നഷഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്.
തുടര്‍ന്നു മറുപടി ബാറ്റിങ്ങിനിറങ്ിയ കൊല്‍ക്കത്ത 15.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി ലക്ഷ്യം കാണുകയായിരുന്നു. 42 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 74 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയും 30 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 53 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യരരുമാണു കൊല്‍ക്കത്തയ്ക്കു തകര്‍പ്പന്‍ ജയം സമ്മാനിച്ചത്്.
മികച്ച തുടക്കത്തിനു ശേഷം മധ്യ ഓവറുകളില്‍ റണ്‍സ് കണ്ടെത്താന്‍ കഴിയാതിരുന്നതാണ് മുംബൈയെ കൂറ്റന്‍ സ്കോര്‍ എന്ന ലക്ഷ്യത്തില്‍ എത്തുന്നതില്‍ നിന്നു തടഞ്ഞത്. പരുക്കില്‍ നിന്നു മുക്തനായി തിരിച്ചെത്തിയ നായകന് രോഹിത് ശര്‍മയും ഫോമിലേക്ക് തിരിച്ചെത്തിയ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തതോടെ പവര്‍പ്ലേയില്‍ തന്നെ 56 റണ്‍സ് നേടിയാണ് അവര്‍ തുടങ്ങിയത്.
എന്നാല്‍ അഞ്ചോവറിന്റെ ഇടവേളയില്‍ ഇരുവരും ഒപ്പം വിശ്വസ്ത താരമായ സൂര്യകുമാര്‍ യാദവും പുറത്തായതോടെ മുംബൈയുടെ ലക്ഷ്യം തെറ്റി. പുറത്താകുമ്പോള്‍ 30 പന്തില്‍ നിന്ന് നാലു ബൗണ്ടറികളോടെ 33 റണ്‍സാണ് രോഹിത് നേടിയിരുന്നത്. ഡികോക്കാകട്ടെ 42 പന്തില്‍ നിന്ന് നാലു ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 55 റണ്‍സും.
അതേസമയം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. 10 പന്ത് നേരിട്ട താരത്തിന് അഞ്ചു റണ്‍സ് മാത്രം കണ്ടെത്താനേ സാധിച്ചുള്ളു. ഇതിനു പിന്നാലെ 13 പന്തില്‍ 14 റണ്‍സുമായി ഇഷാന് കിഷനും പുറത്തായപ്പോള്‍ 17-ാം ഓവറില്‍ നാലിന് 119 എന്ന നിലയിലായ മുംബൈയെ ഒടുവില്‍ കീറോണ്‍ പൊള്ളാര്‍ഡും ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് 150 കടത്തിയത്. പൊള്ളാര്‍ഡ് 15 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്സറും സഹിതം 21 റണ്‍സും പാണ്ഡ്യ ഒമ്പതു പന്തില്‍ ഒരു സിക്സര്‍ ഉള്‍പ്പടെ 12 റണ്‍സും നേടി.