Top

കോഹ്ലിയുടെ മോശം ഫോമിനു പിന്നില്‍ 'കണ്ണ്'; കപില്‍ ദേവിന്റെ അന്നത്തെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

''മികച്ച താരങ്ങള്‍ സ്ഥിരമായി ബൗള്‍ഡാകുകയും എല്‍.ബി.ഡബ്ല്യുവില്‍ കുടുങ്ങുകയും ചെയ്താല്‍ അത് പരിശീലനക്കുററവാണെന്നു പറയാനാകുമോ? തീര്‍ച്ചയായും അത് കാഴ്ചക്കുറവിന്റെ പ്രശ്‌നമാണ്. പന്ത് ശരിയായി കാണാന്‍ സാധിക്കാതെ വരുമ്പോള്‍ ടൈമിങ് പിഴയ്ക്കും''

22 Sep 2021 5:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഹ്ലിയുടെ മോശം ഫോമിനു പിന്നില്‍ കണ്ണ്; കപില്‍ ദേവിന്റെ അന്നത്തെ വാക്കുകള്‍ ചര്‍ച്ചയാകുന്നു
X

തുടരെ സെഞ്ചുറികളും മികച്ച റണ്‍വേട്ടയുമായി കുതിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ മോശം ഫോമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയം. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് അടുത്തുവരവെ കോഹ്ലി ഫോം വീണ്ടെടുക്കാത്തത് കുറച്ചൊന്നുമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ വിമര്‍ശിക്കുന്നത്. സെഞ്ചുറികളുടെ കളിത്തോഴനായിരുന്ന കോഹ്ലിയുടെ ബാറ്റില്‍ നിന്ന് ഒരു ശതകം പിറന്നിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷത്തോളമാകുന്നു. ഇതിനിടയില്‍ 50 രാജ്യാന്തര ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചിട്ടും ഒരു തവണപോലും വ്യക്തിഗത സ്‌കോര്‍ മൂന്നക്കം കടത്താന്‍ കഴിഞ്ഞില്ല. ഈ സാഹര്യത്തില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ദേവ് കോഹ്ലിയെക്കുറിച്ചു മുമ്പൊരിക്കല്‍ പറഞ്ഞത് വീണ്ടും ചര്‍ച്ചയാകുകയാണ്. കോഹ്ലി മോശം ഫോമിലേക്കു വഴുതിയ ആദ്യ നാളുകളിലാണ് താരത്തെക്കുറിച്ച് ഒരു നിരീക്ഷണവുമായി കപില്‍ രംഗത്തു വന്നത്.

വലിയ ഇന്നിങ്‌സുകള്‍ കളിക്കാനാകാതെ കോഹ്ലി ക്ഷണത്തില്‍ പുറത്താകുന്നതിനു കാരണം അദ്ദേഹത്തിന്റെ കണ്ണിന് കാഴ്ചശക്തി കുറഞ്ഞതു കാരണമാകാമെന്നാണ് കപില്‍ ദേവ് അന്നു പറഞ്ഞത്. ''മികച്ച താരങ്ങള്‍ സ്ഥിരമായി ബൗള്‍ഡാകുകയും എല്‍.ബി.ഡബ്ല്യുവില്‍ കുടുങ്ങുകയും ചെയ്താല്‍ അത് പരിശീലനക്കുററവാണെന്നു പറയാനാകുമോ? തീര്‍ച്ചയായും അത് കാഴ്ചക്കുറവിന്റെ പ്രശ്‌നമാണ്. പന്ത് ശരിയായി കാണാന്‍ സാധിക്കാതെ വരുമ്പോള്‍ ടൈമിങ് പിഴയ്ക്കും''- കപില്‍ദേവ് പറഞ്ഞു.

ഒരുകാലത്ത് നിങ്ങളുടെ ശക്തിയായിരുന്നത് പിന്നീട് ദൗര്‍ബല്യമായി മാറുമെന്നാണ് ഇക്കാര്യം വിശദീകരിച്ച് കപില്‍ പറഞ്ഞത്. ''യുവതാരമായിരിക്കെ കണ്ണിനുണ്ടായിരുന്ന കാഴ്ചശക്തിയായിരിക്കില്ല 30 വയസു പിന്നിട്ടാലെന്നും അതുമൂലമുണ്ടാകുന്ന ടൈമിങ് പിഴവാണ് ഇപ്പോള്‍ കോഹ്ലിയുടെ പ്രശ്‌നമെന്നും കപില്‍ അന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ അതു ശരിവയ്ക്കുന്ന പലതുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. കോഹ്ലി ടീം ബസില്‍ യാത്ര ചെയ്യുമ്പോള്‍ കണ്ണട ഉപയോഗിക്കുന്നതും ഡഗ്ഗൗട്ടിലും ഡ്രെസിങ് റൂമിലും ഇരിക്കുമ്പോള്‍ പലപ്പോഴും ഐ ഡ്രോപ്പുകള്‍ ഉപയോഗിക്കുന്നതും ഈ പ്രശ്‌നം മൂലമായിരിക്കാമെന്നാണ് പല ചര്‍ച്ചകളിലും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യന്‍ മുന്‍ താരങ്ങളായ വിരേന്ദര്‍ സേവാഗും രാഹുല്‍ ദ്രാവിഡും ഇതേ പ്രശ്‌നം നേരിട്ടവരാണ്. സേവാഗ് പിന്നീട് കണ്ണടവച്ച് കളിക്കാനിറങ്ങിയപ്പോള്‍ ഇടക്കാലത്ത് ദ്രാവിഡ് കോണ്‍ടാക്ട് ലെന്‍സുകള്‍ ഉപയോഗിച്ചിരുന്നതായും അന്നത്തെക്കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നതും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീട് കോണ്‍ടാക്ട് ലെന്‍സ് ഉപേക്ഷിച്ച ദ്രാവിഡ് കരിയറിന്റെ അവസാനകാലത്ത് തുടര്‍ച്ചയായി ക്ലീന്‍ ബൗള്‍ഡായാണ് പുറത്തായിരുന്നതെന്നും ഇതിനു കാരണം കാഴ്ചക്കുറവാണെന്നും അതേ സാഹചര്യത്തിലൂടെയാണ് കോഹ്ലി കടന്നുപോകുന്നതെന്നുമാണ് ആരാധകര്‍ പറയുന്നത്.




Popular Stories

    Next Story