Top

നയിക്കാന്‍ പറ്റുന്നിടത്തോളം തുടരണം, അതെന്നുവരെ എന്നു കോഹ്ലി തീരുമാനിക്കുമെന്ന് മുന്‍ താരം

'കോഹ്ലി ആഗ്രഹിക്കുന്നത്രയും ക്യാപ്റ്റനായി തുടരുന്നതാണ് നല്ലത്. അദ്ദേഹം സ്വയം ഈ സ്ഥാനത്തു നിന്നു പടിയിറങ്ങുന്നതു വരെ ഇങ്ങനെ തുടരട്ടെ"

15 Sep 2021 7:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നയിക്കാന്‍ പറ്റുന്നിടത്തോളം തുടരണം, അതെന്നുവരെ എന്നു കോഹ്ലി തീരുമാനിക്കുമെന്ന് മുന്‍ താരം
X

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തു പറ്റാവുന്നിടത്തോളം സമയം വിരാട് കോഹ്ലി തന്നെ തുടരണമെന്നും അത് എത്രനാള്‍ എന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കോഹ്ലിക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും മുന്‍ ഇന്ത്യന്‍ താരം. അടുത്ത മാസം നടക്കാനിരിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനു ശേഷം കോഹ്‌ലി നായകസ്ഥാനത്തു നിന്നു മാറിയേക്കുമെന്നും പകരം രോഹിത് ശര്‍മ ക്യാപ്റ്റം സ്ഥാനം ഏറ്റെടുക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം പിന്നീട് ബി.സി.സി.ഐ. നിഷേധിച്ചിരുന്നു.

ഈ വിഷയത്തിലാണ് ഇപ്പോള്‍ അഭിപ്രായ പ്രകടനവുമായി ഇന്ത്യന്‍ മുന്‍ താരമായ റിതീന്ദര്‍ സിങ് സോധി പ്രതികരണവുമായി രംഗത്തു വന്നിരിക്കുന്നത്. ടീം ഇന്ത്യയുടെ നായകനായി തുടരുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാന്‍ കോഹ്ലിക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്നും സോധി ആവശ്യപ്പെട്ടു. ''കോഹ്ലി ആഗ്രഹിക്കുന്നത്രയും ക്യാപ്റ്റനായി തുടരുന്നതാണ് നല്ലത്. അദ്ദേഹം സ്വയം ഈ സ്ഥാനത്തു നിന്നു പടിയിറങ്ങുന്നതു വരെ ഇങ്ങനെ തുടരട്ടെ. വളരെ ആക്രമണോത്സുകതയുള്ള നായകനാണ് കോഹ്ലി. അദ്ദേഹത്തിന്റെ ഈ സമീപനം ഏതു മണ്ണിലും പൊരുതി ജയിക്കാന്‍ കഴിവുള്ള ഒരു ടീമാക്കി ഇന്ത്യയെ മാറ്റുന്നു. കോഹ്ലിയുടെ ക്യാപ്റ്റന്‍സി മികവിനെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാവില്ല. അദ്ദേഹത്തിന്റെ റെക്കോഡ് എല്ലാവര്‍ക്കുമറിയാം, അതിന് തെളിവുകളൊന്നും ആവശ്യമില്ല. ക്യാപ്റ്റന്‍സിയില്‍ നിന്നും കോഹ്ലി തന്നെ സ്വയം വിരമിക്കട്ടെ, അതു വരെ അദ്ദേഹത്തെ ക്യാപ്റ്റനായി നിലനിര്‍ത്തണം''- സോധി പറഞ്ഞു.

ഒരാള്‍ മികച്ച പ്രകടനങ്ങളുമായി ശ്രദ്ധ നേടിയാല്‍ ആരാധകര്‍ക്കൊപ്പം തന്നെ വിമര്‍ശകരും ഉണ്ടാകും. വിമര്‍ശിക്കുകയെന്നത് വിമര്‍ശകരുടെ ജോലിയാണ്, നിങ്ങള്‍ നന്നായി ചെയ്താലും ഇല്ലെങ്കിലും അവര്‍ അതേ ചെയ്യൂവെന്നും അതൊന്നും കാര്യമാക്കേണ്ടെന്നും സോധി കൂട്ടിച്ചേര്‍ത്തു. തന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചുയരുന്ന അഭ്യൂഹങ്ങളെക്കുറിച്ച് കോഹ്ലിക്കു വലിയ ആശങ്കയുണ്ടാവില്ലെന്നാണ് താന്‍ കരുതുന്നതെന്നു സോധി പറഞ്ഞു. ടി20 ലോകകപ്പ് അടുത്ത മാസം ആരംഭിക്കാനിരിക്കുകയാണ്. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സോധി കൂട്ടിച്ചേര്‍ത്തു.

കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ 45 ടി20കളിലാണ് ഇന്ത്യ ഇതുവരെ കളിച്ചത്. ഇതില്‍ 27ലും ടീമിനെ വിജയത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കോഹ്ലിക്കു കീഴില്‍ ഇന്ത്യയുടെ കന്നി ടി20 ലോകകപ്പ് കൂടിയാണ് ഇത്തവണ യു.എ.ഇയില്‍ നടക്കാനിരിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ഐ.പി.എല്‍. രണ്ടാം പാദത്തിനായി യു.എ.ഇയില്‍ എത്തിയ കോഹ്ലി ഇപ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനൊപ്പമാണുള്ളത്. ഇത്തവണ ഐപിഎല്‍ കിരീടം നേടാനായാല്‍ അതു അദ്ദേഹത്തിനു ടി20 ലോകകപ്പിലും ക്യാപ്റ്റനെന്ന നിലയില്‍ വലിയ ആത്മവിശ്വാസം നല്‍കും.

Popular

    Next Story