Top

രോഹിതിനെയും റെയ്‌നയെയും പിന്തള്ളി രാഹുല്‍; മുന്നില്‍ യുണിവേഴ്‌സല്‍ ബോസ് മാത്രം

89 ഇന്നിങ്‌സില്‍ നിന്നാണ് രാഹുല്‍ ഈ നേട്ടത്തില്‍ എത്തിയത്. 75 ഇന്നിങ്‌സില്‍ നിന്ന് 3000 കടന്ന വെസ്റ്റിന്‍ഡീസ് ഇതിഹാസവും പഞ്ചാബ് കിങ്‌സിലെ സഹതാരവുമായ യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ് ഇക്കാര്യത്തില്‍ രാഹുലിനു മുന്നിലുള്ളത്.

21 Sep 2021 4:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രോഹിതിനെയും റെയ്‌നയെയും പിന്തള്ളി രാഹുല്‍; മുന്നില്‍ യുണിവേഴ്‌സല്‍ ബോസ് മാത്രം
X

രാജസ്ഥാന്‍ റോയല്‍സിനെതിരേ പഞ്ചാബ് കിങ്‌സ് ഇലവന്റെ റണ്‍ചെയ്‌സ് നയിക്കുന്ന നായകന്‍ കെ.എല്‍. രാഹുലിന് ഐ.പി.എല്‍. ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം. ദുബായിയില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 186 റണ്‍സ് എന്ന വിജയലക്ഷ്യം തേടി ബാറ്റ് ചെയ്യുകയാണ് പഞ്ചാബ്.

നായകന്‍ രാഹുലിനൊപ്പം മായങ്ക് അഗര്‍വാളാണ് പഞ്ചാബിനായി ഇന്നിങ്‌സ് തുറന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറോവര്‍ നീണ്ട പവര്‍പ്ലേയ്‌ക്കൊടുവില്‍ വിക്കറ്റ് നഷ്ടമില്ലാതെ അവര്‍ 49 റണ്‍സ് നേടിയിട്ടുണ്ട്. 19 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 32 റണ്‍സുമായി ക്രീസില്‍ ഉള്ള രാഹുല്‍ തന്നെയാണ് അവരുടെ ചെയ്‌സിനു നേതൃത്വം നല്‍കുന്നതും. 18 പന്തില്‍ നിന്ന് ഒരു ഫോറുള്‍പ്പടെ 15 റണ്‍സാണ് മായങ്ക് നേടിയിരിക്കുന്നത്.

ഇന്നു തന്റെ വ്യക്തിഗത സ്‌കോര്‍ 22-ല്‍ എത്തിയപ്പോഴാണ് രാഹുല്‍ ഐ.പി.എല്ലിലെ ഒരു നാഴികക്കല്ല് സ്വന്തമാക്കിയത്. ഐ.പി.എല്‍. ക്രിക്കറ്റില്‍ ഏറ്റവും വേഗം 3000 റണ്‍സ് തികച്ച രണ്ടാമത്തെ ബാറ്റ്‌സ്മാനായാണ് രാഹുല്‍ മാറിയത്. 89 ഇന്നിങ്‌സില്‍ നിന്നാണ് രാഹുല്‍ ഈ നേട്ടത്തില്‍ എത്തിയത്. 75 ഇന്നിങ്‌സില്‍ നിന്ന് 3000 കടന്ന വെസ്റ്റിന്‍ഡീസ് ഇതിഹാസവും പഞ്ചാബ് കിങ്‌സിലെ സഹതാരവുമായ യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ് ഇക്കാര്യത്തില്‍ രാഹുലിനു മുന്നിലുള്ളത്.

3000 എന്ന മാന്ത്രിക സംഖ്യയിലേക്ക് കുതിച്ചെത്തിയ രാഹുല്‍ പിന്തള്ളിയാത് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍, ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌ന, ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എ.ബി. ഡിവില്ല്യേഴ്‌സ്, ടീം ഇന്ത്യയിലെ സഹതാരം രോഹിത് ശര്‍മ എന്നിവരെയാണ്. വാര്‍ണര്‍ 94 ഇന്നിങ്‌സില്‍ നിന്നും റെയ്‌ന 103 ഇന്നിങ്‌സില്‍ നിന്നുമാണ് 3000 തികച്ചത്. എ.ബി. ഡിവില്ല്യേഴ്‌സിന് ഈ നേട്ടത്തിലെത്താന്‍ 104 ഇന്നിങ്‌സും മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മയ്ക്ക് 109 ഇന്നിങ്‌സും വേണ്ടിവന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ പഞ്ചാബിന് 186 റണ്‍സിന്റെ വിജയലക്ഷ്യമാണ് നല്‍കിയത്. 36 പന്തില്‍ നിന്ന് ആറു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 49 റണ്‍സ് നേടിയ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളും 17 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 43 റണ്‍സ് നേടിയ മഹിപാല്‍ ലോംറോറുമാണ് അവരെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്.

ഇവര്‍ക്കു പുറമേ പവര്‍പ്ലേയില്‍ തകര്‍ത്തടിച്ച ഓപ്പണര്‍ എവിന്‍ ലൂയിസും ചെറുതെങ്കിലും സ്‌ഫോടകാത്മക ഇന്നിങ്‌സ് കാഴ്ചവച്ച ലിയാം ലിവിങ്‌സ്റ്റണുമാണ് രണ്ടക്കം കടന്ന രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാര്‍. ലൂയിസ് 21 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 36 റണ്‍സ് നേടിയപ്പോള്‍ 17 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 25 റണ്‍സാണ് ലിവിങ്‌സ്റ്റണ്‍ നേടിയത്.

രാജസ്ഥാന്‍ നിരയില്‍ മറ്റാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. പവര്‍പ്ലേയില്‍ ലൂയിസിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ 5.3 ഓവറില്‍ 54 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. എന്നാല്‍ ആറാം ഓവറിന്റെ മൂന്നാം പന്തില്‍ ലൂയിസ് പുറത്തായതോടെ പഞ്ചാബിന് ആശ്വാസമായി. തൊട്ടുപിന്നാലെ ക്രീസില്‍ എത്തിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന് ടീമിന്റെ പ്രതീക്ഷകള്‍ ചുമലിലേറ്റാനായില്ല. അഞ്ചു പന്തില്‍ നിന്ന് വെറും നാലു റണ്‍സ് മാത്രം നേടിയ സഞ്ജുവിനെ ഇഷാന്‍ പോരെലിന്റെ പന്തില്‍ വിക്കറ്റിനു പിന്നില്‍ പഞ്ചാബ് നായകന്‍ കെ.എല്‍. രാഹുല്‍ പറന്നു പിടിക്കുകയായിരുന്നു.

പിന്നീട് ലിവിങ്‌സ്റ്റണും യശ്വസിയും ചേര്‍ന്നു വീണ്ടും അവരെ ട്രാക്കിലാക്കി. 12-ാം ഓവറില്‍ സ്‌കോര്‍ 110 കഴിഞ്ഞതിനു പിന്നാലെ ലിവിങ്‌സ്റ്റണ്‍ പുറത്തായി. എന്നാല്‍ പകരം എത്തിയ ലോംറോര്‍ യശ്വസിക്കൊപ്പം ചേര്‍ന്നു വെടിക്കെട്ടു ബാറ്റിങ് കാഴ്ചവച്ചു. ഈ ഘട്ടത്തില്‍ 200-നു മേല്‍ സ്‌കോര്‍ രാജസ്ഥാന്‍ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ പഞ്ചാബ് മത്സരം കൈവിട്ടു പോകാതെ കാക്കുകയായിരുന്നു. പഞ്ചാബിനു വേണ്ടി നാലോവറില്‍ 32 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. നാലോവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി മികച്ച പിന്തുണ നല്‍കി. ഇഷാന്‍ പോരെല്‍, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Popular Stories

    Next Story