Top

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്; പാരമ്പര്യം കാക്കാന്‍ സഞ്ജു ഉണ്ടാവുമോ? ഇന്ത്യന്‍ ടീം അല്‍പസമയത്തിനകം

ഇന്ത്യ വീണ്ടുമൊരു ലോകകിരീടം ഉയര്‍ത്തുമ്പോള്‍ ആ ടീമില്‍ ഒരു മലയാളി സാന്നിദ്ധ്യം ഉണ്ടാകുമോ? ഇതിനു മുമ്പ് മൂന്നു തവണ ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടപ്പോഴും ടീമില്‍ ഒരു മലയാളി ഇടംപിടിച്ചിരുന്നു.

7 Sep 2021 9:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്; പാരമ്പര്യം കാക്കാന്‍ സഞ്ജു ഉണ്ടാവുമോ? ഇന്ത്യന്‍ ടീം അല്‍പസമയത്തിനകം
X

യു.എ.ഇയില്‍ ഒക്‌ടോബറില്‍ ആരംഭിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പിക്കപ്പെടുന്ന ടീമാണ് ഇന്ത്യ. യു.എ.ഇയില്‍ ഇന്ത്യന്‍ ടീം വീണ്ടും ടി20 ലോകകിരീടം ഉയര്‍ത്തുമെന്നു തന്നെയാണ് ആരാധകര്‍ എല്ലാവരും വിശ്വസിക്കുന്നത്.

ഇന്ത്യ വീണ്ടുമൊരു ലോകകിരീടം ഉയര്‍ത്തുമ്പോള്‍ ആ ടീമില്‍ ഒരു മലയാളി സാന്നിദ്ധ്യം ഉണ്ടാകുമോ? ഇതിനു മുമ്പ് മൂന്നു തവണ ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടപ്പോഴും ടീമില്‍ ഒരു മലയാളി ഇടംപിടിച്ചിരുന്നു. 1983-ല്‍ കപിലിന്റെ ടീമില്‍ കളിക്കാന്‍ അവസരം കിട്ടിയില്ലെങ്കിലും ടീമംഗമായി മലയാളി താരം സുനില്‍ വത്സന്‍ ഉണ്ടായിരുന്നു. പിന്നീട് മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തില്‍ പ്രഥനമ ട്വന്റി 20 ലോകകിരീടവും 2011-ല്‍ ഏകദിന ലോകകിരീടവും ഇന്ത്യ ഉയര്‍ത്തുമ്പോള്‍ മലയാളി സാന്നിദ്ധ്യമായി എസ്. ശ്രീശാന്ത് ടീമിലുണ്ടായിരുന്നു.

യു.എ.ഇയില്‍ വിരാട് കോഹ്ലി ലോകകിരീടം ഉയര്‍ത്തുമ്പോള്‍ ആ പരമ്പര്യം കാത്തു സൂക്ഷിക്കാന്‍ സഞ്ജു സാംസണ്‍ ഉണ്ടാകുമോ? ആ ചോദ്യത്തിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഉത്തരം ലഭിക്കും. ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അല്‍പസമയത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ബി.സി.സി.ഐ. വൃത്തങ്ങള്‍ വ്യക്തമാക്കി. ടീമിനെ നേരത്തെ തന്നെ തെരഞ്ഞെടുത്തു കഴിഞ്ഞുവെന്നും ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിനു ശേഷം പ്രഖ്യാപിക്കുമെന്നുമായിരുന്നു അറിയിച്ചിരുന്നത്.

അത് ഇന്നു വൈകിട്ടത്തേക്കു മാറ്റുകയായിരുന്നു. ലോകകപ്പിനുള്ള ടീമിലേക്കു 10 പേര്‍ നേരത്തെ തന്നെ സ്ഥാനം ഉറപ്പിച്ചിരുന്നു. നായകന്‍ വിരാട് കോലിയെക്കൂടാതെ, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യൂസ്വ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമില്‍ സ്ഥാനമുറപ്പാക്കിയ 10 പേര്‍.

ശേഷിച്ച അഞ്ചു പേരുടെ കാര്യത്തില്‍ മാത്രമായിരുന്നു ആശങ്ക. ഈ സ്ഥാനങ്ങളിലേക്ക് ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ദീപക് ചാഹര്‍, ടി നടരാജന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് മത്സരിക്കുന്നത്.

ഇതില്‍ ഓവല്‍ ടെസ്റ്റിലെ മികച്ച പ്രകടനത്തിലൂടെ ഷാര്‍ദ്ദൂല്‍ താക്കൂറും ടീമില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നീടുള്ള നാലു സ്ഥാനങ്ങളില്‍ ഒന്നിലേക്കാണ് സഞ്ജു ഉറ്റഞുനോക്കുന്നത്. ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ഇഷാന്‍ എന്നിവരുമായാണ് സഞ്ജുവിന് മത്സരിക്കേണ്ടത്.

അവസാന നാലു സ്ഥാനങ്ങളില്‍ രണ്ടു ബാറ്റ്‌സ്മാന്മാര്‍ക്കും രണ്ടു ബാറ്റ്‌സ്മാന്മാര്‍ക്കുമാകും അവസരം ലഭിക്കുക. ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ച മുഹമ്മദ് സിറാജും ഏറെക്കുറേ സ്ഥാനം ഉറപ്പിച്ച മട്ടാണ്. സഞ്ജുവി് ഏറ്റവും വലിയ വെല്ലുവിളി ധവാനില്‍ നിന്നും പൃഥ്വി ഷായില്‍ നിന്നുമാണ്. ഇരുവരും ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അതേസമയം അര്‍ധമലയാളിയായ ശ്രേയസ് അയ്യര്‍ പരുക്കില്‍ നിന്നു മുക്തനായി എത്തിയതേയുള്ളു. അതിനാല്‍ വലിയ ഭീഷണി സഞ്ജുവിന് നേരിടില്ല. ജാര്‍ഖണ്ഡിന്റെ യുവതാരം ഇഷാന്‍ കിഷനും മലയാളി താരത്തിനു വെല്ലുവിളിയാണ്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ അംഗബലം പാടില്ലെന്ന് ഐ.സി.സി. നിര്‍ദേശമുള്ളതിനാല്‍ ടീം തെരഞ്ഞെടുപ്പ് എല്ലാ രാജ്യങ്ങള്‍ക്കും കടുത്ത തലവേദനയാണ്. 15-ല്‍ കൂടുതല്‍ കളിക്കാരെയും എട്ടിലധികം ഒഫീഷ്യലുകളെയും ലോകകപ്പിനായി യു.എ.ഇ, ഒമാന്‍ എന്നീവിടങ്ങളിലേക്കു കൊണ്ടു വരരുതതെന്നാണ് ഐ.സി.സി. നിര്‍ദേശം. അധികം താരങ്ങളെ ലോകകപ്പ് സംഘത്തിനൊപ്പം കൂട്ടുകയാണെങ്കില്‍ അവരുടെ ചെലവ് അതത് ക്രിക്കറ്റ് ബോര്‍ഡുകള്‍ തന്നെ വഹിക്കണമെന്നും ഐ.സി.സി. നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മഹാമാരിയെ തുടര്‍ന്നുള്ള സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ 20 പേരുള്‍പ്പെടുന്ന ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. അങ്ങനെ വന്നാല്‍ സഞ്ജു ഉറപ്പായും ടീമിലുണ്ടാകും.

Next Story