Top

ക്രിക്കറ്റ് ആവേശം വീണ്ടും തിരുവനന്തപുരത്തേക്ക്; ഇന്ത്യ-വിന്‍ഡീസ് ടി 20 മത്സരം ഫെബ്രുവരി 20-ന്

വെസ്റ്റിന്‍ഡീസിനെതിരായ ഒരു ട്വന്റി 20 മത്സരമാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന് അനുവദിച്ചിരിക്കുന്നത്. 2022 ഫെബ്രുവരി 20-നായിരിക്കും മത്സരം.

19 Sep 2021 1:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്രിക്കറ്റ് ആവേശം വീണ്ടും തിരുവനന്തപുരത്തേക്ക്; ഇന്ത്യ-വിന്‍ഡീസ് ടി 20 മത്സരം ഫെബ്രുവരി 20-ന്
X

തിരുവനന്തപുരത്തേക്കു വീണ്ടും രാജ്യാന്തര ക്രിക്കറ്റിന്റെ ആവേശം. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനു ശേഷം സ്വന്തം മണ്ണില്‍ ഇന്ത്യ കളിക്കുന്ന പരമ്പരകളുടെ ഫിക്‌സചര്‍ പ്രഖ്യാപിച്ചു ബി.സി.സി.ഐ. വെസ്റ്റിന്‍ഡീസ് , ശ്രീലങ്ക, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരേയാണ് ഇന്ത്യ നാട്ടില്‍ പരമ്പരകള്‍ കളിക്കുന്നത്. ഇതില്‍ 14 ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാലു ടെസ്റ്റ് മത്സരങ്ങളും ഉള്‍പ്പെടും. വെസ്റ്റിന്‍ഡീസിനെതിരായ ഒരു ട്വന്റി 20 മത്സരമാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന് അനുവദിച്ചിരിക്കുന്നത്. മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരമാണ് തിരുവനന്ത പുരത്ത് നടക്കുക. 2022 ഫെബ്രുവരി 20-നായിരിക്കും മത്സരം.

നവംബര്‍ 17-ന് ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയോടെയാണ് ഇന്ത്യയുടെ ഹോം മത്സരങ്ങള്‍ക്കു തുടക്കമാകുക. മൂന്നു മത്സര ടി20 പരമ്പര ജയ്പൂര്‍, റാഞ്ചി, കൊല്‍ക്കത്ത എന്നിവിടങ്ങളിലായാണ് നടക്കുന്നത്. ഇതിനു ശേഷം കാണ്‍പൂരിലും മുംബൈയിലുമായി രണ്ടു ടെസ്റ്റുകളും ഇന്ത്യ ന്യൂസിലന്‍ഡിനെതിരേ കളിക്കും.

2022 ഫെബ്രുവരിയിലാണ് വെസ്റ്റിന്‍ഡീസ് ഇന്ത്യയില്‍ എത്തുന്നത്. വിന്‍ഡീസിനെതിരേ ആദ്യം ഏകദിന പരമ്പരയാണ് കളിക്കുന്നത്. ഫെബ്രുവരി 6, 9, 12 എന്നീ തീയതികളില്‍ അഹമ്മദാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി ഏകദിന മത്സരങ്ങള്‍ അരങ്ങേറും. 15 മുതലാണ് ട്വന്റി 20 പരമ്പര. ആദ്യ മത്സരം കട്ടക്കിലും 18-ന് രണ്ടാം മത്സരം വിശാഖപട്ടണത്തും നടക്കും. 20-ന് തിരുവനന്തപുരത്ത് മൂന്നാം മത്സരം.

ഫെബ്രുവരി 25 മുതലാണ് ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം. ബംഗളുരുവിലും മൊഹാലിയിലുമായി രണ്ടു ടെസ്റ്റുകളും മൊഹാലി, ധരംശാല, ലക്‌നൗ എന്നിവിടങ്ങളിലായി മൂന്നു ട്വന്റി 20 മത്സരങ്ങളും ലങ്ക കളിക്കും. ജൂണിലാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. അഞ്ചു മത്സര ട്വന്റി 20 പരമ്പര മാത്രമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ കളിക്കുക. ചെന്നൈ, ബാംഗ്ലൂര്‍, നാഗ്പൂര്‍, രാജ്‌കോട്ട്, ഡല്‍ഹി എന്നീ വേദികളിലായി ജൂണ്‍ 9, 12, 14, 15, 19 എന്നീ തീയതികളിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 ക്രിക്കറ്റ് പോരാട്ടം.

നാലാം തവണ രാജ്യാന്തര മത്സരത്തിന് ആതിഥ്യം വഹിക്കാനൊരുങ്ങുകയാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം. വെസ്റ്റിന്‍ഡീസ് ഇവിടെ ഇതു മൂന്നാം തവണയാണ് എത്തുന്നത്. ഇതിനു മുമ്പ് 2018-ല്‍ ഒരു ഏകദിനവും 2019-ല്‍ ഒരു ട്വന്റി 20 മത്സരവും വിന്‍ഡീസ് ഇവിടെ ഇന്ത്യക്കെതിരേ കളിച്ചിരുന്നു. 2017-ല്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലായിരുന്നു സ്‌റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മത്സരം.

Popular Stories

    Next Story