ഇതു 'വാല്' വേറെയാണ്... കൊല്ലാന്‍ പറഞ്ഞാല്‍ കഴുത്തറത്തു വയ്ക്കും, മുട്ടാന്‍ നില്‍ക്കേണ്ട
എന്നും എപ്പോഴും ഇന്ത്യയ്ക്ക് ഒരു ശാപമായിരുന്നു വാലറ്റം. പേരിനു പോലും ബാറ്റ് പിടിക്കാന്‍ അറിയാത്തവര്‍ എന്നു പലകുറി പരിഹാസം കേട്ട വാലറ്റം. പക്ഷേ ലോര്‍ഡ്സില്‍ കണ്ടത് മറ്റൊരു രൂപമാണ്. കൊല്ലാന്‍ പറഞ്ഞാല്‍ കഴുത്തറത്തു കൊണ്ടുവന്നു വയ്ക്കുന്ന തരം പോരാട്ട വീര്യം.
17 Aug 2021 6:27 AM GMT
ശ്യാം ശശീന്ദ്രന്

ലോര്‍ഡ്സ് ടെസ്റ്റില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെടമായിരുന്ന വിജയമാണ് ടീം ഇന്ത്യ ഇന്നലെ പിടിച്ചെടുത്തത്. മുഹമ്മദ് സിറാജിന്റെ പന്തില്‍ ജയിംസ് ആന്േഡഴ്സന്റെ ഓഫ് സ്റ്റംപ് ഇളകുമ്പോള്‍ വിഖ്യാതമായ ലോര്‍ഡ്സ് ക്രിക്കറ്റ് സറ്റേഡിയത്തില്‍ ഇന്ത്യയുടെ നാലാമത്തെ മാത്രം ജയമാണ് റെക്കോഡ് ബുക്കില്‍ എഴുതിചേര്‍ക്കപ്പെട്ടത്.
മത്സരം പൂര്‍ത്തിയായ ശേഷം മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് ഏറ്റുവാങ്ങിയത് ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍. രാഹുലാണ്. ഒന്നാമിന്നിങ്സില്‍ പൊരുതി നേടിയ രാഹുലിന്റെ സെഞ്ചുറിയാണ് വിജയത്തിലേക്ക് ഇന്ത്യയുടെ ചവിട്ടുപടിയായത്. എന്നാല്‍ രാഹുല്‍ മാത്രമാണോ ഈ വിജയത്തില്‍ ചുക്കാന്‍ പിടിച്ചത് എന്നു ചോദിച്ചാല്‍ അല്ലെന്നു തന്നെ ക്രിക്കറ്റ് പ്രേമികള്‍ പറയും. രാഹുലിനൊപ്പം ഒന്നാമിന്നിങ്സില്‍ ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയ രോഹിത് ശര്‍മ, മധ്യനിരയില്‍ പിടിച്ചു നിന്ന നായകന് കോഹ്ലി, യുവതാരം റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ഒന്നാമിന്നിങ്സില്‍ ഇന്ത്യയുടെ കരുത്തായി.
തുടര്‍ന്ന് ഇംഗ്ലണ്ട് നായകന് ജോ റൂട്ടിന്റെ ബാറ്റിങ് മികവില്‍ ഇന്ത്യന്‍ സ്കോറിനു മേല്‍ ഇംഗ്ലണ്ടിനെ എത്തിച്ചപ്പോള്‍ കടുത്ത ഇന്ത്യന്‍ ആരാധകര്‍ പോലും ഒരു വിജയം പ്രതീക്ഷിച്ചു കാണില്ലെന്നത് തീര്‍ച്ച. കാരണം ലോര്‍ഡ്സ് എന്ന ക്രിക്കറ്റിന്റെ മക്കയായ ഗ്രൗണ്ടിന് ഒരു പാരമ്പര്യമുണ്ട്. അവിടെ മൂന്നാമത്തെയും നാലാമത്തെയും ഇന്നിങ്സുകള്‍ അല്പം ആയാസകരമാണ്... ഏതു ലോകോത്തര ടീമിനും.
ഇവിടെയാണ് ടീം ഇന്ത്യയുടെ മാറ്റം. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇതേ പോലെ പ്രതിഭാധനരാല്‍ നിറഞ്ഞവര്‍ തന്നെയാണ്, അതിനു മുമ്പും. എന്നാല്‍ അന്ന് ടീമിനില്ലാത്ത ഒരു ഗുണം ഇപ്പോള്‍ വളരെ വ്യക്തമായി കാണാം. ഇംഗ്ലീഷ് കമന്റേറ്റര്‍മാര്‍ പറയും പോലെ 'കില്ലിങ് ഇന്‍സ്റ്റിങ്'. എന്നു വച്ചാല്‍ കൊല്ലാന്‍ പറഞ്ഞാല്‍ കഴുത്തറത്തു കൊണ്ടുവന്നു വയ്ക്കുന്ന തരം പോരാട്ട വീര്യം.
ഇന്ത്യയുടെ രണ്ടാമിന്നിങ്സ് ഉദാഹരണമായി എടുത്താല്‍ ഇംഗ്ലണ്ടിന്റെ ലീഡ് മറികടക്കുന്നതിനു മുമ്പേ ഓപ്പണര്‍മാരെ രണ്ടുപേരെയും നഷ്ടമായിരുന്നു. ഫലത്തില്‍ റണ്ണൊന്നുമെടുക്കും മുമ്പേ രണ്ടു വിക്കറ്റ് നഷ്ടമെന്ന നിലയിലാണ് നാലാം ദിനം ഇന്ത്യ തുടങ്ങിയത്.
സ്വന്തം മണ്ണിന്റെ സ്വഭാവവും മാറ്റവും തിരിച്ചറിയാവുന്ന ഇംഗ്ലീഷ് ബൗളര്‍മാര്‍ സാഹചര്യങ്ങള്‍ക്കും 'കാലാവസ്ഥയ്ക്കും' ഒപ്പം ചേര്‍ന്ന് പന്തെറിഞ്ഞതോടെ ഇന്ത്യക്ക് റണ്‍സ് കണ്ടെത്തുക ബുദ്ധിമുട്ടായി. മൂന്നിന് 55 എന്ന നിലയില്‍ വിരാട് കോഹ്ലിയും കൂടാരം കയറിയപ്പോള്‍ രണ്ടാമിന്നിങ്സില്‍ ഇന്ത്യ വെറും 40-ല്‍ താഴെ റണ്‍സിന് മാത്രം മുന്നിലായിരുന്നു.
ഏതൊരു ഇന്ത്യന്‍ ആരാധകനും ടെലിവിഷന്‍ ഓഫ് ചെയ്തു പോകുന്ന നിമിഷം. എന്നാല്‍ ടീം ഇന്ത്യ തുടങ്ങാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. ആദ്യം ചേതേശ്വര്‍ പൂജാര-അജിന്‍ക്യ രഹാനെ സഖ്യത്തിലൂടെയും മറ്റും നിവര്‍ന്നു നില്ക്കാന് കരുത്ത് കണ്ടെത്തിയ ഇന്ത്യയ്ക്ക് കരുത്തായത് 'വാല്' ആണ്.
എന്നും എപ്പോഴും ഇന്ത്യയ്ക്ക് ഒരു ശാപമായിരുന്നു വാലറ്റം. പേരിനു പോലും ബാറ്റ് പിടിക്കാന്‍ അറിയാത്തവര്‍ എന്നു പലകുറി പരിഹാസം കേട്ട വാലറ്റം. പക്ഷേ ലോര്‍ഡ്സില്‍ കണ്ടത് മറ്റൊരു രൂപമാണ്. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ചെറുതെങ്കിലും വലിയ സംഭാവന നല്കിയ ഇഷാന്ത് ശര്‍മയും അവരത്തിനൊത്തുയര്ന്നപ്പോള് ഇന്ത്യ ഉയര്‍ത്തിയത് ലോര്‍ഡ്സിലെ മികച്ച ടോട്ടല്‍ തന്നെ.
തുടര്‍ന്ന് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിനെ കണ്ണടച്ചു തുറക്കും മുമ്പേ ഞെട്ടിച്ചവരും ഇതേ ഷമിയും ബുംറയും തന്നെ. അക്കൗണ്ടില്‍ അഞ്ചു റണ്‍സെങ്കിലും തികയും മുമ്പേ രണ്ട് ഓപ്പണര്‍മാരെയും ഇവര്‍ കൂടാരം കയറ്റിയിരുന്നു. വെറും 60 ഓവറും 10 വിക്കറ്റുകളുമായിരുന്നു ജയത്തിനും സമനിലയ്ക്കും ഇടയില്‍ ഇന്ത്യക്ക് ഉണ്ടായിരുന്നത്. മുമ്പായിരുന്നെങ്കില്‍ ടെസ്റ്റ് ഡ്രോ ആകുമെന്നു കരുതുമായിരുന്ന ആരാധകരെ ഞെട്ടിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവച്ചത്. 60 ഓ്വറില് 22.3 ഓവര്‍ മാത്രം എറിഞ്ഞു കഴിഞ്ഞപ്പോഴേക്കും ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകള്‍ വെറും 67 റണ്‍സ് മാത്രം വഴങ്ങി ഇന്ത്യന്‍ ബൗളര്‍മാര്‍ പിഴുതിരുന്നു.
ഇതോടെ തോല്‍വി ഒഴിവാക്കാന്‍ ഇംഗ്ലീഷ് താരങ്ങള്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ഇന്ത്യയുടെ 'പരമ്പരാഗത' ദൗര്‍ബല്യം പുറത്തുവരുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. ഏതു ബാറ്റിങ് നിരയെയും ഏതു സാഹചര്യത്തിലും തകര്‍ക്കാന്‍ കെല്‍പ്പുള്ളവരാണ് തങ്ങള്‍ എന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ പണ്ടേ തെളിയിച്ചതാണ്. എന്നാല്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമൊക്കെ ചെയ്യും പോലെ പൂര്‍ണമായും തകര്‍ത്തെറിയാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് എപ്പോഴും ഒരു മടിയായിരുന്നു. വാലറ്റത്തെ തൂത്തുവാരാന്‍ എന്നും എപ്പോഴും ദൗര്‍ബല്യം കാട്ടുന്ന ഇന്ത്യന്‍ ബൗളര്‍മാരെ കബളിപ്പിച്ച് ഇംഗ്ലണ്ട് സമനിലയുമായി രക്ഷപെടുന്ന് കരുതിയവരാണേറെയും.
16 ഓവര്‍ പിടിച്ചു നിന്ന് മൊയീന്‍ അലിയും 13 ഓ്വറോളം പിടിച്ച് ഒലി റോബിന്‍സണും ഇന്ത്യന്‍ നിരയെ പരീക്ഷിച്ചപ്പോള്‍ ഒരു സമനിലയില്‍ കൂടുതല്‍ ടീം മാനേജ്മെന്റ് പോലും കരുതിയിരിക്കില്ല. കേവലം 11 ഓവര്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യക്കും ജയത്തിനുമിടയില്‍ മൂന്നു വിക്കറ്റുകള്‍. എന്നാല്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും പഴയ കളരിയില്‍ നിന്നുള്ളവരായിരുന്നില്ല. തോല്ക്കാന് തയാറല്ല എന്നായിരുന്നില്ല അവരുടെ ശരീര ഭാഷ. ജയിക്കാതെ മടങ്ങില്ലെന്നതായിരുന്നു. ഒടുവില്‍ എട്ടോവര്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിനെ ചുരുട്ടിക്കൂട്ടിയപ്പോള്‍ ആ ജയം ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക്(ബാറ്റിങ്ങില്‍ കൂടി വ്യക്തമായ സംഭാവന നല്കിയ) മാത്രം അവകാശപ്പെട്ടതാണ്.
മത്സരത്തിന്റെ ഒടുവില്‍ കളിയിലെ കേമനായി കെ.എല്‍. രാഹുലിനെ തെരഞ്ഞെടുത്തവര്‍ ഏതു മാനദണ്ഡമാകും ഉപയോഗിച്ചിരിക്കുകയെന്ന് അറിയില്ല. പക്ഷേ ഈ ജയം ഇന്ത്യയുടെ ബാറ്റ്സ്മാന്മാര് സമ്മാനിച്ചതല്ല, ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ വഴങ്ങുമെന്നു തെളിയിച്ച ബൗളര്‍മാരുടെ ജയമാണ്.
100 റണ്‍സിനു താഴെ എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയ ശേഷം 250-നു മേല്‍ സ്കോര്‍ വഴങ്ങുകയും ജയത്തിലേക്ക് മൂന്നു റണ്‍സ് മാത്രം ബാക്കിയുള്ളപ്പോള്‍ ശേഷിക്കുന്ന നാലു വിക്കറ്റുകള്‍ കളയുകയും ചെയ്യുന്ന പഴയ വാലറ്റനിരയല്ല ഇന്ത്യയുടേത്. കൊള്ളാനും കൊടുക്കാനും പോന്ന ഒരു കരുത്തുറ്റ വാല് തന്നെയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ലോര്‍ഡ്സ് വിജയം.