Top

കൊഹ്‌ലിയും ശാസ്ത്രിയും ജയ് ഷായ്ക്ക് മുന്നില്‍ വീണു; നീക്കങ്ങള്‍ക്ക് നാഗ്പൂര്‍ നിര്‍ദേശം?

ശാസ്ത്രി സ്ഥാനമൊഴിയുന്നതിന് പിന്നാലെ അനില്‍ കുബ്ലെ കോച്ചിന്റെ സ്ഥാനത്തേക്ക് തിരികെയെത്തിയേക്കും

18 Sep 2021 1:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊഹ്‌ലിയും ശാസ്ത്രിയും ജയ് ഷായ്ക്ക് മുന്നില്‍ വീണു; നീക്കങ്ങള്‍ക്ക് നാഗ്പൂര്‍ നിര്‍ദേശം?
X

ട്വന്റി-20 ലോകകപ്പിന് പിന്നാലെ രണ്ട് നിര്‍ണായക മാറ്റങ്ങള്‍ക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സാക്ഷ്യം വഹിക്കുക. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനും കോച്ചും പടിയിറങ്ങും. ബാറ്റ്‌സ്മാനായി വിരാട് കൊഹ്‌ലി തുടരുമെങ്കിലും പടിറക്കത്തിന്റെ തുടക്ക സൂചനകള്‍ നല്‍കുന്ന സന്ദേശം ഗൗരവമേറിയതാണ്.

ഇന്ത്യന്‍ ടീമില്‍ രവി ശാസ്ത്രിക്കും വിരാട് കൊഹ്‌ലിക്കും നിര്‍ണായക റോളുണ്ട്. ഉത്തരവാദിത്വമുള്ള ബിസിസിഐ സ്ഥാനങ്ങളില്‍ ഇരിക്കുന്ന ജയ് ഷായ്ക്കും സൗരവ് ഗാംഗുലിക്കും ഇരുവരുടെയും നീക്കങ്ങള്‍ക്ക് തടയിടാന്‍ ഒരു സമയത്ത് കഴിഞ്ഞിരുന്നില്ല. ടീമിലെ സെലക്ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവസാന വാക്കായിരുന്നു വിരാട്-ശാസ്ത്രി.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വിഭിന്നമാണ്. ശാസ്ത്രി സ്ഥാനമൊഴിയുന്നതിന് പിന്നാലെ അനില്‍ കുബ്ലെ കോച്ചിന്റെ സ്ഥാനത്തേക്ക് തിരികെയെത്തിയേക്കും. കുബ്ലെയും നായകസ്ഥാനത്ത് രോഹിത് ശര്‍മ്മയും വന്നാല്‍ ഗാംഗുലിക്കും ജയ് ഷായ്ക്കും ടീമിലെ ഔദ്യോഗിക കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചേക്കും. ബിജെപിയുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന വ്യക്തിയാണ് ജയ് ഷാ.

ഷായുടെ തീരിമാനങ്ങള്‍ ബിസിസിഐയുടെ അടിസ്ഥാന ഘടന തന്നെ മാറ്റുമെന്നാണ് വിവരം. നേരത്തെ കൊഹ്‌ലിയെ മാറ്റാന്‍ ഷാ സമ്മര്‍ദ്ദം ചെലുത്തിയെന്ന സൂചനകളുണ്ടായിരുന്നു. ഇത് ടീമിന് ഗുണകരമാവുമോയെന്ന കാര്യം കണ്ടറിയേണ്ടി വരും. ലോകത്തിലെ ഏറ്റവും ശക്തരായ ക്രിക്കറ്റ് അസോസിയേഷനുകളിലൊന്നാണ് ബിസിസിഐ, പുതിയ മാറ്റങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും നിരീക്ഷിക്കാന്‍ സാധ്യതയുണ്ട്.

ഇന്ത്യന്‍ ടീമിന്റെ ഭാവി മുന്നില്‍ കണ്ടാണ് കൊഹ്‌ലിയുടെ രാജിയെന്നായിരുന്നു ഷാ പ്രതികരിച്ചത്. സമ്മര്‍ദ്ദ വാര്‍ത്തകളോട് അദ്ദേഹം പ്രത്യേകമായി ഒന്നും പ്രതികരിച്ചുമില്ല. ഷാ ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ്, ബിജെപി പ്രേരണ സംബന്ധിച്ച വിവരങ്ങളൊന്നും ഇപ്പോള്‍ പുറത്തുവന്നിട്ടില്ല. എങ്കിലും ഇക്കാര്യത്തില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളുണ്ടെന്ന് വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

Popular Stories

    Next Story