Top

'ഫീല്‍ഡിങ്' മികവ് കാട്ടിയ നായയെ ഐ.സി.സി. മറന്നില്ല; പ്രത്യേക അവാര്‍ഡ് നല്‍കി 'പ്രോത്സാഹനം'

അയര്‍ലന്‍ഡ് പ്രാദേശിക ക്രിക്കറ്റില്‍ 'മികച്ച ഫീല്‍ഡിങ്' പുറത്തെടുത്തതിനാണ് ഡാസില്‍ എന്ന വളര്‍ത്തുനായക്ക് അവാര്‍ഡ് ലഭിച്ചത്

13 Sep 2021 3:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫീല്‍ഡിങ് മികവ് കാട്ടിയ നായയെ ഐ.സി.സി. മറന്നില്ല; പ്രത്യേക അവാര്‍ഡ് നല്‍കി പ്രോത്സാഹനം
X

മികച്ച ഫീല്‍ഡിങ് പുറത്തെടുത്തതിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രത്യേക അവാര്‍ഡ് നേടി ഒരു 'വിശിഷ്ട' വ്യക്തി. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയിലെ താരമായ വളര്‍ത്തു നായയ്ക്കാണ് ഐ.സി.സിയുടെ 'പ്രത്യേക' പുരസ്‌കാരം ലഭിച്ചത്.

അയര്‍ലന്‍ഡ് പ്രാദേശിക ക്രിക്കറ്റില്‍ 'മികച്ച ഫീല്‍ഡിങ്' പുറത്തെടുത്തതിനാണ് ഡാസില്‍ എന്ന വളര്‍ത്തുനായക്ക് അവാര്‍ഡ് ലഭിച്ചത്.ബെസ്റ്റ് ഫീല്‍ഡര്‍ ഇന്‍ അയര്‍ലന്‍ഡ് ക്രിക്കറ്റ് എന്നും പ്ലെയര്‍ ഓഫ് ദ മൊമന്റ് എന്നും പ്രത്യേകം പ്രത്യേകം അവാര്‍ഡ് നല്‍കിയ ഐ.സി.സി. ഡാസിലിനെ ഐ.സി.സി. ഡോഗ് ഓഫ് ദ മന്ത് ആയും തെരഞ്ഞെടുത്തു.


ഇന്നു തങ്ങളുടെ ഔദ്യോഗിക പേജിലൂടെ ഐ.സി.സി. തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അയര്‍ലന്‍ഡിലെ ഒരു പ്രാദേശിക വനിതാ ടി20 കപ്പ് സെമി മത്സരത്തിനിടെയാണ് അവാര്‍ഡിന് അര്‍ഹമായ 'പ്രകടനം' നടന്നത്.

ഐറിഷ് ക്ലബുകളായ ബ്രെഡി-സി.എസ്.എന്‍. മത്സരത്തിനിടെ കാണികളില്‍ ഒരാളുടെ വളര്‍ത്തു നായയായ ഡാസില്‍ ഗ്രൗണ്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പൊടുന്നനെ മൈതാനത്തേക്ക് ഓടിയെത്തിയ ഡാസില്‍ പന്ത് കൈക്കലാക്കി മൈതാനത്തൂടെ ഓടി. സി.എസ്.എന്‍. ഇന്നിങ്സിലെ ഒമ്പതാം ഓവറില്‍ ബാറ്റ് ചെയ്യുകയായിരുന്ന അബി ലീക്കി തൊടുത്ത ഷോട്ട് തടഞ്ഞ ബ്രെഡി ഫീല്‍ഡര്‍ വിക്കറ്റ് കീപ്പര്‍ക്ക് എറിഞ്ഞുകൊടുത്ത പന്താണ് ഡാസില്‍ 'വായിലാക്കിയത്'.


പന്തിനായി ഫീല്‍ഡര്‍മാര്‍ പിറകെ ഓടുന്നതിനിടെ ഡാസില്‍ എതിര്‍വശത്ത് ബാറ്റ് ചെയ്യുകയായിരുന്നു അയോഫി ഫിഷറനടുത്ത് ഓടിയെത്തി. അയോഫിയുടെ ലാളനയ്ക്കു മുന്നില്‍ കീഴടങ്ങിയ ഡാസില്‍ പന്ത് വിട്ടുകൊടുത്തു. പിറകെ ഡാസിലിന്റെ ഉടമസ്ഥയും ഓടിയെത്തിയതോടെയാണ് താമാശയ്ക്ക് വിരാമമായത്. പന്തെടുത്ത് കളിക്കാര്‍ക്ക് നല്‍കിയ ഉടമസ്ഥ നായയുമായി മൈതാനത്തുനിന്നും മടങ്ങുകയും ചെയ്തു.

ഇത്രയും ആയപ്പോഴേക്കും സഹതാരങ്ങള്‍ക്ക് അംപയര്‍ക്കും ചിരിയടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. വീഡിയോ ഐ.സി.സി. പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നാണ് ഇന്ന് ഡാസിലിന് പ്രത്യേക പുരസ്‌കാരം നല്‍കാന്‍ ഐ.സി.സി. തീരുമാനിച്ചത്.

കഴിഞ്ഞ മാസത്തെ മികച്ച താരത്തെ പ്രഖ്യാപിക്കാനുള്ള ചടങ്ങിനിടെയാണ് ഈ പ്രത്യേക പുരസ്‌കാരവും പ്രഖ്യാപിച്ചത്. അതേസമയം കഴിഞ്ഞ മാസത്തെ മികച്ച താരമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ ഐ.സി.സി. തെരഞ്ഞെടുത്തു. ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ പുറത്തെടുത്ത പ്രകടനമാണ് റൂട്ടിനെ മികച്ച താരമാക്കിയത്. ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ, പാകിസ്താന്‍ താരം ഷാഹിന്‍ അഫ്രീദി എന്നിവരെ പിന്തള്ളിയാണ് റൂട്ട് മികച്ച താരമായത്.

Next Story