Top

പരിശീലകനെന്ന നിലയില്‍ നേടാവുന്നതെല്ലാം നേടി; ഇനി മതിയാക്കിയേ തീരൂയെന്ന് ശാസ്ത്രി

"ഒട്ടുമിക്ക നേട്ടങ്ങളും സ്വന്തമാക്കി. ഇനി ടി20 ലോകകപ്പ് കൂടി നേടാനായാല്‍ അത് ഇരട്ടിമധുരമാവും. അതില്‍ക്കൂടുതല്‍ ഒന്നും ആഗ്രഹിക്കുന്നില്ല"

19 Sep 2021 3:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പരിശീലകനെന്ന നിലയില്‍ നേടാവുന്നതെല്ലാം നേടി; ഇനി മതിയാക്കിയേ തീരൂയെന്ന് ശാസ്ത്രി
X

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കുമ്പോള്‍ താന്‍ ലക്ഷ്യവച്ചതിനേക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനായെന്ന് പരിശീലകന്‍ രവി ശാസ്ത്രി. പരിശീലക സ്ഥാനത്തു നിന്ന് ഒഴിയാനുള്ള തീരുമാനം വേദനാജനകമാണെങ്കിലും ഒരു പദവിയില്‍ ഒരുപാടു കാലം തുടരരുതെന്നാണ് തന്റെ വിശ്വാസമെന്നും ശാസ്ത്രി പറഞ്ഞു.

''ഒരു പരിശീലകന്‍ എന്ന നിലയില്‍ ഇതില്‍ക്കൂടുതല്‍ വലിയ നേട്ടങ്ങള്‍ എന്തൊക്കെയാണ് നേടാനാകുക. ഒരേ വര്‍ഷം ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും പരമ്പര സ്വന്തമാക്കാനാകുക, വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ എല്ലാ രാജ്യങ്ങളെയും അവരുടെ നാട്ടില്‍ തോല്‍പ്പിക്കാനാകുക അങ്ങനെ ഒട്ടുമിക്ക നേട്ടങ്ങളും സ്വന്തമാക്കി. ഇനി ടി20 ലോകകപ്പ് കൂടി നേടാനായാല്‍ അത് ഇരട്ടിമധുരമാവും. അതില്‍ക്കൂടുതല്‍ ഒന്നും ആഗ്രഹിക്കുന്നില്ല''- ശാസ്ത്രി പറഞ്ഞു.

ക്രിക്കറ്റില്‍ ഇന്ത്യന്‍ പരിശീലകനായിരിക്കുക എന്നത് ഫുട്‌ബോളില്‍ ഇംഗ്ലണ്ടിന്റെയോ ബ്രസീലിന്റെയോ പരിശീലകനായിരിക്കുന്നതിന് തുല്യമാണെന്നും എപ്പോഴും തോക്കിന്‍മുനയിലായിരിക്കുമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. ''ആറ് മാസം മികച്ച പ്രകടനം നടത്തിയശേഷം ടീം 36 റണ്‍സിന് പുറത്തായാല്‍ വിമര്‍ശകര്‍ നിങ്ങളെ വെടിവച്ചു കൊല്ലും. ഉടന്‍ വിജയം നേടിയില്ലെങ്കില്‍ നിങ്ങളെ അവര്‍ പച്ചയോടെ തിന്നും. ചിലപ്പോള്‍ ഒളിക്കാന്‍ വല്ല ഖനിയും തേടേണ്ടിവരും''- ശാസ്ത്രി പറഞ്ഞു.

ജസ്പ്രീത് ബുംറ ടെസ്റ്റ് ക്രിക്കറ്റില്‍ തിളങ്ങുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും എതിരാളികളുടെ 20 വിക്കറ്റും വീഴ്ത്തണമെങ്കില്‍ നാല് മികച്ച പേസര്‍മാര്‍ വേണമെന്നും അതുകൊണ്ടാണ് മികച്ച പേസ് നിരയെ വാര്‍ത്തെടുക്കാന്‍ ശ്രമിച്ചതെന്നും അതിന്റെ ഭാഗമായാണ് ബുംറയെ ടെസ്റ്റില്‍ കളിപ്പിച്ചതെന്നും ശാസ്ത്രി പറഞ്ഞു. ട്വന്റി 20 ഫോര്‍മാറ്റില്‍, രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരകള്‍ അവസാനിപ്പിക്കണമെന്നും, ഫ്രാഞ്ചൈസി ക്രിക്കറ്റാണ് ട്വന്റി 20യുടെ ഭാവിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Popular Stories

    Next Story